|    Oct 25 Tue, 2016 7:24 pm

പരാക്രമം വിദ്യാര്‍ഥികളോടല്ല വേണ്ടൂ

Published : 25th February 2016 | Posted By: SMR

ബിജെപി എംപിമാരുടെ ഒരു യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജെഎന്‍യു സംഭവത്തില്‍ തങ്ങള്‍ക്കു തെറ്റുപറ്റിയിട്ടില്ലെന്നും പാര്‍ലമെന്റിലും പുറത്തും എംപിമാര്‍ പ്രതിപക്ഷത്തിനു നേരെ ആഞ്ഞടിക്കണമെന്നും അഭിപ്രായപ്പെട്ടതു രാജ്യത്ത് വ്യാപിക്കുന്ന പ്രതിഷേധം അവഗണിക്കാനുള്ള ശ്രമമാണെന്നാണ് കരുതേണ്ടത്. വര്‍ഷങ്ങളായി സര്‍വകലാശാല കാംപസുകളില്‍ അനുഭവപ്പെടുന്ന അവഗണനയ്ക്കും അസ്പൃശ്യതയ്ക്കുമെതിരേ ദലിത്-പിന്നാക്ക വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ ശബ്ദമുയര്‍ത്തുന്നതാണു നാം കാണുന്നത്. ഹൈദരാബാദില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നതിനു മുമ്പുതന്നെ ചെന്നൈ ഐഐടിയിലും മുംബൈയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും ഇതുമായി താരതമ്യം ചെയ്യാവുന്ന പ്രക്ഷോഭങ്ങള്‍ നടക്കുകയുണ്ടായിട്ടുണ്ട്.
ഇപ്പോള്‍ ഉണ്ടായ സംഭവവികാസങ്ങള്‍ വിദ്യാര്‍ഥിരോഷത്തിന്റെ പൊട്ടിത്തെറിയാണ്. ആര്‍എസ്എസ് നേരിട്ടു നിയന്ത്രിക്കുന്ന വിദ്യാര്‍ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിലെ സ്വയം സേവകര്‍ കാംപസുകളില്‍ ഭരണത്തില്‍ ഇടപെടുകയും വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങളുള്ളവരെ ഭയപ്പെടുത്തുകയും ചെയ്യാന്‍ തുടങ്ങിയതു യാദൃച്ഛികമാണെന്നു കരുതാന്‍ പ്രയാസം. ശാഖകളിലും ശിബിരങ്ങളിലും സങ്കുചിതവും ഭാവനാകല്‍പിതവുമായ വ്യാഖ്യാനങ്ങള്‍ മാത്രം കേട്ടുകൊണ്ടിരിക്കുന്ന, ഇന്ത്യ എന്ന ആശയം ഉള്‍ക്കൊള്ളാത്ത വിഭാഗങ്ങള്‍ വലിയ ധൈഷണിക വ്യവഹാരം നടക്കുന്ന സര്‍വകലാശാലകള്‍ പിടിച്ചെടുക്കാന്‍ തത്രപ്പെടുന്നതു സ്വാഭാവികമാണ്. സ്മൃതി ഇറാനിയെപ്പോലെ കേന്ദ്രത്തില്‍ വിദ്യാഭ്യാസം കൈകാര്യം ചെയ്യാന്‍ നിയുക്തരായവര്‍ എബിവിപിക്കാരന്‍ അയക്കുന്ന പോസ്റ്റ് കാര്‍ഡ് കിട്ടിയാല്‍ നടപടി എടുക്കുന്നതിന്റെ പിന്നില്‍ എന്തു ചേതോവികാരമാണുള്ളതെന്നു മനസ്സിലാക്കുക അത്ര പ്രയാസമല്ല.
സര്‍വകലാശാലകളിലേക്കുള്ള ഈ കടന്നുകയറ്റം എളുപ്പമല്ല എന്നു സംഘപരിവാരത്തിനു മനസ്സിലായതുകൊണ്ടാണ് അഭിഭാഷക വേഷമണിഞ്ഞ സ്വയംസേവകര്‍ ഡല്‍ഹിയില്‍ അക്രമത്തിനിറങ്ങിപ്പുറപ്പെട്ടത്. മിക്കവാറും ആര്‍എസ്എസുകാരനെപ്പോലെ പ്രവര്‍ത്തിക്കുന്നു എന്ന് ഇടതുപക്ഷം ആരോപിക്കുന്ന ഒരു കമ്മീഷണറുടെ കീഴിലുള്ള പോലിസ് എല്ലാ അക്രമങ്ങള്‍ക്കും പരോക്ഷ പിന്തുണ നല്‍കുകയായിരുന്നു. വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ പോലിസ് മര്‍ദ്ദിച്ച റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ജെഎന്‍യുവിനെതിരായ നീക്കങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തുവെന്നുതന്നെ.
ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച തലസ്ഥാനത്ത് നടത്തിയ മാര്‍ച്ച് അതിന്റെ പ്രാതിനിധ്യ സ്വഭാവം കൊണ്ടുതന്നെ രാജ്യത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ബിജെപിയും സഖ്യകക്ഷികളുമൊഴിച്ചു ബാക്കി സര്‍വരുടെയും പ്രതിനിധികള്‍ മാര്‍ച്ചിലുണ്ടായിരുന്നു. ഹിന്ദുത്വ വലതുപക്ഷത്തിന്റെ തലതിരിഞ്ഞ നടപടികള്‍ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന സന്ദേശമാണ് അതിലുയര്‍ന്നു കേട്ടത്. കാലത്തിന്റെ ചുവരെഴുത്തു വായിക്കാന്‍ എന്‍ഡിഎ തയ്യാറാവുകയാണു വേണ്ടത്. സര്‍വകലാശാലകള്‍ ബലംപ്രയോഗിച്ചു കൈയടക്കാനുള്ള നീക്കങ്ങളില്‍ നിന്ന് എന്‍ഡിഎ ഭരണകൂടം പിന്‍വാങ്ങുന്നതാണ് അവര്‍ക്കും നാടിനും നല്ലത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 114 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day