|    Oct 24 Mon, 2016 5:20 am
FLASH NEWS

പരപ്പനങ്ങാടി ആദര്‍ശ് റെയില്‍വേ സ്‌റ്റേഷന് അവഗണന

Published : 5th September 2016 | Posted By: SMR

പരപ്പനങ്ങാടി: വരുമാനത്തില്‍ ഏറെ മുന്നിലായിട്ടും പരപ്പനങ്ങാടി ആദര്‍ശ് റെയില്‍വേ സ്റ്റേഷന് കടുത്ത അവഗണന. യാത്രാ-ചരക്ക് ഇനത്തില്‍ പ്രതിദിനം ഒരുലക്ഷത്തോളമാണ് പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനിലെ വരുമാനം. റെയില്‍വേയ്ക്ക് കോഴിക്കോടിനും തിരൂരിനുമിടയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കി കൊടുക്കുന്ന പ്രത്യേകത കൂടിയുള്ള ആദര്‍ശ് സ്‌റ്റേഷനാണിത്. എന്നാല്‍, വികസന കാര്യത്തില്‍ കടുത്ത അവഗണനയാണ് നേരിടുന്നത്.
വരുമാനം കുറഞ്ഞതും ചെറിയതുമായ ഒട്ടുമിക്ക സ്‌റ്റേഷനുകളിലും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന ഫൂട്ട്ഓവര്‍ ബ്രിഡ്ജുകള്‍ ഉള്ളപ്പോള്‍ പരപ്പനങ്ങാടിയില്‍ മാത്രമാണ് ഇതില്ലാത്തത്.
ഇതുകാരണം പാലത്തിലേക്ക് ഇറങ്ങിവേണം യാത്രക്കാര്‍ക്ക് മറുഭാഗത്തെ പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍. പാളംമുറിച്ചു കടക്കല്‍ നിയമ വിരുദ്ധമാണെങ്കിലും മറ്റുമാര്‍ഗമില്ലാതെ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. ഇത് സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ദുരിതമാവുന്നുണ്ട്. പലപ്പോഴും അപകടത്തിനിടയാക്കുന്നുമുണ്ട്. രോഗികളും മുതിര്‍ന്നവരും പ്ലാറ്റ്‌ഫോമുകളുടെ പുറത്തുള്ള ട്രോളിപാത്തിലൂടെ കടന്നാണ് മറുകര എത്തുന്നത്. ഒരു കിലോമീറ്ററോളം ദൂരമുള്ള പ്ലാറ്റ്‌ഫോമിലൂടെ നടന്ന് ട്രോളിപാത്തിലൂടെ നടന്നെത്തി കയറുന്നതിനു മുമ്പ് ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ടിരിക്കും. ട്രെയിനില്‍ കയറാനുള്ള പരക്കംപാച്ചിലില്‍ ട്രോളിപാത്തില്‍ വച്ചു ട്രെയിനിടിച്ച് യാത്രികര്‍ മരണപ്പെട്ടിട്ടുണ്ട്.
ഇരട്ട പാത യാഥാര്‍ഥ്യമായതോടെ തലങ്ങും വിലങ്ങും ഓടുന്ന വണ്ടികള്‍ ബദ്ധപ്പാടില്‍ ശ്രദ്ധയില്‍പെടാതെ പോവുകയാണ്. ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് ഫുട്ടോവര്‍ബ്രിഡ്ജ് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ഇതിന്റെ പ്രവൃത്തി ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്. പുതിയ കൊമേഴ്‌സ്യല്‍ കെട്ടിടം പണിതതും സ്‌റ്റേഷനിലെത്താന്‍ റാംപ് നിര്‍മിച്ചതും എംപിയുടെ പരിശ്രമ ഫലമായാണ്. ഈ അടുത്ത കാലത്ത് പ്ലാറ്റ്‌ഫോം ഉയര്‍ത്തുകയുണ്ടായി.
കൂടുതല്‍ വണ്ടികള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തില്‍ ചില ദീര്‍ഘദൂര എക്‌സ്പ്രസ്സുകള്‍ക്ക് സ്‌റ്റോപ് അനുവദിക്കുകയും ചെയ്തതും യാത്രക്കാര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. പരപ്പനങ്ങാടിയില്‍ നിര്‍ത്തിയിരുന്ന ചില ട്രെയ്‌നുകളുടെ സ്‌റ്റോപ് എടുത്തുക്കളയാന്‍ റെയില്‍വേ നടത്തിയ ശ്രമങ്ങള്‍ ഉന്നതഇടപെടല്‍ മൂലമാണ് നടക്കാതെ പോയത്. രണ്ടാം പ്ലാറ്റ്‌ഫോമില്‍ മേല്‍ക്കൂര ഇല്ലാത്തത് പരിഹരിക്കാന്‍ മലബാര്‍ സിമന്റുമായി സഹകരിച്ച് ഷെല്‍ട്ടറുകള്‍ പണിയാനുള്ള പദ്ധതി നടപ്പായിട്ടില്ല.
ആവശ്യത്തിനുള്ള ഇരിപ്പിടങ്ങളും ഇവിടെയില്ല. മേല്‍പാലം നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന യാത്രക്കാരുടെ മുറവിളി റെയില്‍വേ അധികൃതര്‍ കേട്ട ഭാവം നടിക്കുന്നില്ലെന്നത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day