|    Dec 9 Fri, 2016 1:13 pm

പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വൈമുഖ്യം; തലശ്ശേരി റെയില്‍വേ സ്റ്റേഷന് എ ഗ്രേഡ് പദവി നഷ്ടമായേക്കും

Published : 24th October 2016 | Posted By: SMR

തലശ്ശേരി: റെയില്‍വേ സ്റ്റേഷനിലേക്കെത്തുന്ന യാത്രികരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടതോടെ പ്രതിദിന വരുമാനത്തില്‍ മുന്നിലായിരുന്ന തലശ്ശേരി റെയില്‍വേ സ്‌റ്റേഷനു എ ഗ്രേഡ് പദവി നഷ്ടമായേക്കും. കൂത്തുപറമ്പ്, കണ്ണൂര്‍, ഇരിട്ടി, മട്ടന്നൂര്‍, പേരാവൂര്‍, കൂട്ടുപുഴ ഉള്‍പ്പെടുന്ന കിഴക്കന്‍ മലയോര മേഖലകളില്‍ നിന്ന് കണ്ണൂരിലേക്കുള്ള റോഡ് താരതമ്യേന മെച്ചപ്പെട്ടതിനാല്‍ സമയലാഭവും യാത്രാക്ലേശം ഒഴിവാക്കാനായി യാത്രികര്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനെ ഒഴിവാക്കുന്നതാണു തിരിച്ചടിയാവുന്നത്. പ്രതിദിന വരുമാനത്തില്‍ വന്‍ കുറവ് അനുഭവപ്പെട്ടു തുടങ്ങിയതോടെ നഗരങ്ങളിലെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് മാത്രം ലഭിക്കുന്ന എ ഗ്രേഡ് പദവി നഷ്ടമാവാനാണു സാധ്യത.  റോഡ് സൗകര്യങ്ങളുണ്ടെങ്കിലും പലതും മാന്യമായ ഗതാഗത സൗകര്യത്തിന് പര്യാപ്തമല്ല. റെയില്‍വേ സ്റ്റേഷനിലേക്ക് നിലവില്‍ നാല് റോഡുകളുണ്ട്. ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളിലേക്കു രണ്ടു വീതം റോഡുകളാണുള്ളത്. ഇതിനു പുറമേ യാത്രക്കാരുടെ സൗകര്യാര്‍ഥം പുതിയ ബസ് സ്റ്റാന്റില്‍ നിന്നു റെയില്‍വേ സ്റ്റേഷനിലേക്ക് നടപ്പാത പണിയാന്‍ റെയില്‍വേ മന്ത്രാലയത്തില്‍ നിന്നു നിര്‍മാണാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അനുമതി ലഭിച്ച് ആറു മാസത്തോളമായെങ്കിലും നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള പ്രാഥമിക നടപടികള്‍ പോലും ഇതുവരെ ആരംഭിക്കാത്തതിനാല്‍ അനുവദിച്ച തുകയും ലാപ്‌സാവാനുള്ള സാധ്യതയേറിയിട്ടുണ്ട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു ലഭിച്ച പ്രവര്‍ത്തന പദ്ധതികള്‍ പുരോഗമിക്കുമ്പോഴാണ് പൈതൃക ബഹുമതിയുള്ള തലശ്ശേരി നഗരസഭയ്ക്ക് അനുവദിച്ച പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വിമുഖത കാട്ടുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുടെ ഫണ്ടില്‍ നിന്നു എക്‌സ്‌കലേറ്റര്‍ സ്ഥാപിക്കാന്‍ തുക അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്ന് തുടങ്ങുമെന്ന ഉറപ്പും പറയാനാവുന്നില്ല. ഈ തുകയും നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. തലശ്ശേരി റെയില്‍വേ സ്റ്റേഷന് വലിയ ചരിത്ര പിന്‍ബലമുണ്ടെങ്കിലും യാത്രികര്‍ക്ക് മാന്യമായി ഇരിക്കാനോ വിശ്രമിക്കാനോ കുളിക്കാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ മതിയായ സൗകര്യങ്ങളില്ല. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഇക്കാര്യങ്ങളിലെല്ലാം ഏറെ മുന്നിലാണെന്നതും യാത്രികരെ തലശ്ശേരിയില്‍ നിന്ന് കണ്ണൂരിലേക്ക് പറിച്ചുനടാന്‍ ഇടയാക്കിയിട്ടുണ്ട്. കൊടുവള്ളിയില്‍ റെയില്‍വേ മേല്‍പ്പാലം പണിയാന്‍ തുക അനുവദിച്ചിട്ടുണ്ടങ്കിലും സ്ഥലമേറ്റെടുക്കല്‍ നടപടി എങ്ങുമെത്തിയിട്ടില്ല. കൊടുവള്ളി റെയില്‍വേ ഗേറ്റില്‍ ദിനംപ്രതി ഉണ്ടാവുന്ന മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് യാത്രക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് അസഹനീയമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day