|    Dec 10 Sat, 2016 8:10 pm

പദ്ധതികള്‍ ജനങ്ങള്‍ പ്രയോജനപ്പെടുത്തണം : കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍

Published : 6th November 2016 | Posted By: SMR

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ പൂര്‍ണമായി ജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമര്‍ നിര്‍ദേശിച്ചു.
തദ്ദേശ പങ്കാളിത്ത ബജറ്റിനെക്കുറിച്ച് മൂന്നുദിവസമായി കൊച്ചിയില്‍ നടക്കുന്ന  ബ്രിക്‌സ് സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് മൂലധനം പ്രശ്‌നമല്ലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. പക്ഷേ, അതുപയോഗിച്ച് സൃഷ്ടിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍ ഫണ്ട് കൊണ്ട് പ്രയോജനമില്ല. ശുചിത്വപദ്ധതിയുടെ ഭാഗമായി നിര്‍മിച്ചുനല്‍കുന്ന കക്കൂസുകള്‍ ജനങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍ പിന്നെ അതുകൊണ്ട് എന്തു പ്രയോജനമെന്ന് മന്ത്രി ചോദിച്ചു.
വികസനമെന്നാല്‍ തദ്ദേശവാസികളുടെ മാനസികവും സാമൂഹികവുമായ ഉന്നമനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ത്രിതല പഞ്ചായത്തുകളുടെ കാര്യത്തില്‍ കേരളം എന്നും രാജ്യത്തിന് മാതൃകയായിരുന്നു.
ബ്രിക്‌സ് സമ്മേളനത്തിലൂടെ കേരളത്തിന്റെ മാതൃക അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം നേരിട്ടുകണ്ട് മനസിലാക്കാന്‍ സാധിച്ചത് മികച്ച അനുഭവമായി പ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ശിശുമരണനിരക്ക്, സാര്‍വത്രിക വിദ്യാഭ്യാസം, മികച്ച ആയുര്‍ദൈര്‍ഘ്യം എന്നിവയില്‍ കേരളം ശരാശരി വികസിതരാജ്യങ്ങള്‍ക്കൊപ്പമാണെന്ന് ചടങ്ങില്‍ സംസാരിച്ച സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. എന്നാല്‍ സ്ത്രീ ശാക്തീകരണത്തിലും പരിസ്ഥിതിവിഷയങ്ങളിലും കേരളം പിന്നാക്കമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പഞ്ചായത്ത്‌രാജ ്‌വകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് പട്‌ജോഷി സമാപന സമ്മേളനത്തില്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമവികസന വകുപ്പ് സെക്രട്ടറി ജെ എസ് മാഥുര്‍, റഷ്യന്‍ ഫെഡറേഷന്‍ ബഷ്‌കോറുസ്റ്റാന്‍ പ്രവിശ്യ പ്രധാനമന്ത്രി റുസ്തം മര്‍ഡനോവ്, ബ്രസീല്‍ എംബസി പ്രതിനിധി ഫാബിയാനോ, ചൈനീസ് എംബസി ഫസ്റ്റ് ഓഫിസര്‍കാവോ ഹായിജുന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക