|    Oct 28 Fri, 2016 2:15 am
FLASH NEWS

പദ്ധതികളേക്കാള്‍ പ്രധാനം പ്രചാരവേല

Published : 13th October 2016 | Posted By: SMR

പൊതുവില്‍ ഫാഷിസ്റ്റ് സ്വഭാവമുള്ള വലതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രചാരവേലയില്‍ വലിയ വൈദഗ്ധ്യമുള്ളവരാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ പതിവില്ലാത്ത രീതിയില്‍ പൊതു-സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും അദ്ദേഹത്തിന്റെ പടങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. പ്രധാനമന്ത്രി തന്നെ താന്‍പോരിമയുടെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നതിനാല്‍ ഏതു പരിപാടിയുടെയും പ്രചാരണവശത്തിനാണ് ഊന്നല്‍ നല്‍കാറുള്ളത്. പല പദ്ധതികളും പ്രഖ്യാപിക്കുന്നത് രാഷ്ട്രീയലക്ഷ്യം വച്ചു മാത്രമാണുതാനും. ജന്‍ധന്‍ എന്ന പേരില്‍ പാവപ്പെട്ടവര്‍ക്കായി തുടങ്ങിയ ബാങ്ക് അക്കൗണ്ട് പരിപാടി തന്നെ ഒരു ഉദാഹരണമാണ്. ജനങ്ങളില്‍ സമ്പാദ്യശീലമുണ്ടാക്കുക, നിക്ഷേപങ്ങള്‍ സാമ്പത്തിക വികസനത്തിന് ഉപയോഗിക്കുക തുടങ്ങിയ പ്രഖ്യാപിതലക്ഷ്യങ്ങളോടെ തുടങ്ങിയ പദ്ധതിയുടെ പുരോഗതി പരിശോധിച്ചപ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ അക്കൗണ്ട് തുടങ്ങി എന്നതല്ലാതെ വന്‍തോതില്‍ ഒരു നിക്ഷേപവും നടന്നില്ലെന്നു മനസ്സിലായി. ഇന്ത്യന്‍ ജാലവിദ്യക്കാര്‍ കാണിക്കുന്ന റോപ് ട്രിക്കിനോടാണ് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം പദ്ധതിയെ ഉപമിച്ചത്. അക്കൗണ്ടുകളില്‍ നിക്ഷേപം വന്നുതുടങ്ങിയെന്ന് ആറുമാസം മുമ്പ് സര്‍ക്കാര്‍ അവകാശവാദം ഉന്നയിച്ചിരുന്നുവെങ്കിലും ബ്രാഞ്ച് മാനേജര്‍മാരില്‍ സമ്മര്‍ദം ചെലുത്തി പല അക്കൗണ്ടുകളിലും ഒരു രൂപ വീതം നിക്ഷേപിക്കുകയായിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കിന് തങ്ങളുടെ കീഴിലുള്ള ഒരു കോടിയിലധികം വരുന്ന അക്കൗണ്ടുകളില്‍ 30 ശതമാനത്തിലധികം ഈയിനത്തില്‍പ്പെട്ടതാണെന്നു സമ്മതിക്കേണ്ടിവന്നത് ഈയിടെയാണ്. പൊതുമേഖലാ ബാങ്കുകളുടെ മേല്‍ ഭരണകൂടം വന്‍ സമ്മര്‍ദം ചെലുത്തിയാണ് ഇതു ചെയ്തത്.
കേന്ദ്ര ഭരണകൂടത്തിന്റെ മറ്റൊരു സുപ്രധാന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വെളിയില്‍ മലമൂത്രവിസര്‍ജനം നടത്തുന്ന രാജ്യത്ത് ഒട്ടേറെ പൊതു കക്കൂസുകള്‍ നിര്‍മിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടത്. അതുസംബന്ധിച്ചു ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് നടത്തിയ ഒരു പഠനത്തില്‍ പൊതു കക്കൂസ് നിര്‍മാണത്തിന്റെ പേരില്‍ നടത്തിയ വന്‍ തട്ടിപ്പിനെക്കുറിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പല ശൗചാലയങ്ങളും കടലാസില്‍ മാത്രമുള്ളതായിരുന്നു; പലതും തീര്‍ത്തും ഉപയോഗശൂന്യവും. കക്കൂസ് നിര്‍മാണത്തിന്റെ പേരില്‍ ഒന്നും രണ്ടും പ്രാവശ്യം പണം പറ്റിയവരില്‍ അധികവും ഭരണകക്ഷിയില്‍പ്പെട്ടവര്‍ തന്നെ. മിക്ക നഗരങ്ങളിലും മാലിന്യസംസ്‌കരണം ഇപ്പോഴും അവ്യവസ്ഥാപിതമായി തുടരുന്നു. തലസ്ഥാനമായ ന്യൂഡല്‍ഹി തന്നെ അക്കാര്യത്തില്‍ ഒന്നാംസ്ഥാനത്ത്.
ഗോരക്ഷയുടെ പേരില്‍ നികുതിപ്പണം കുറ്റവാളിസംഘങ്ങളുടെ പോക്കറ്റിലെത്തുന്നതു സംബന്ധിച്ച റിപോര്‍ട്ടുകളും മറ്റൊരു ചിത്രമല്ല നല്‍കുന്നത്. പശുക്കള്‍ പട്ടിണികിടന്നു ചാവുമ്പോള്‍ ഗോരക്ഷകര്‍ മാട്ടിറച്ചി തേടിപ്പോയി സംഘര്‍ഷമുണ്ടാക്കുന്നു. മുന്‍ ഗവണ്‍മെന്റുകളില്‍ നിന്ന് മോദി സര്‍ക്കാര്‍ വ്യത്യസ്തമാവുന്നത് അസഹിഷ്ണുതയില്‍ മാത്രമല്ല, പ്രചാരവേലയിലുമാണെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day