|    Dec 10 Sat, 2016 8:06 pm

പണമിടപാട് സ്തംഭിച്ചു; ഐടി നഗരം പ്രതിസന്ധിയിലായി

Published : 10th November 2016 | Posted By: SMR

കഴക്കൂട്ടം: അഞ്ഞൂറും ആയിരവും കടലാസിന്റെ പോലും വിലയില്ലാത്ത സാഹചര്യം വന്നതോടെ സംസ്ഥാനത്തെ ഐടി നഗരമായ കഴക്കൂട്ടവും  ടെക്കികളും നെട്ടോട്ടത്തിലായി. പതിനായിരകണക്കിന് പേര്‍ ജോലിചെയ്യുന്ന കഴക്കൂട്ടത്തെ ടെക്‌നോപാര്‍ക്കില്‍ ഒരു ചായകുടിക്കുന്നത് മുതല്‍ വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നവരെ പ്രതിസന്ധിയിലായി.  ഇത്   പലമേഖലകളിലും വാക്കേറ്റങ്ങള്‍ക്കും സംഘര്‍ഷത്തിനും സാഹചര്യം ഒരുങ്ങി. ടെക്‌നോപാര്‍ക്കിലെ കരാറു തൊഴിലാളികള്‍ അടക്കമുള്ള ടെക്കികളുടെ ശമ്പളം പൂര്‍ണമായി ബാങ്ക് ഇടപാട് വഴിയാണ് നടത്തുന്നത്.
ടെക്‌നോപാര്‍ക്കിന് അകത്തും പുറത്തുമായി ഒട്ടുമിക്ക ബാങ്കുകളുടെയും എടിഎം കൗണ്ടറുകള്‍ ഉള്ളതിനാല്‍ ഇവര്‍ ആവശ്യത്തിന് മാത്രമേ ചെറിയതുക പോലും പിന്‍വലിക്കാറുള്ളു. എന്നാല്‍ ചൊവ്വാഴ്ച രാത്രി അപ്രത്യക്ഷമായി വന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ടെക്കി സമൂഹത്തിന് ഇരുട്ടടിയായി. പ്രഖ്യാപനം വന്നയുടന്‍ തന്നെ നൂറ് രൂപാ നോട്ട് പിന്‍വലിക്കുന്നതിനായി കഴക്കൂട്ടത്തേയും പരിസര പ്രദേശങ്ങളിലേയും നൂറ് കണക്കിന് എടിഎം കൗണ്ടറിന് മുന്നില്‍ ടെക്കികളുടെയും അല്ലാത്തവരുടേയും  നീണ്ട നിരയായിരുന്നു. രാത്രി വൈകിയും ക്യൂ തുടര്‍ന്നെങ്കിലും എടിഎമ്മില്‍ 100 രൂപാ തീര്‍ന്നതോടെ മടങ്ങേണ്ടി വന്നു. ഇന്നലെ കഴക്കൂട്ടത്തെ വ്യാപാരവും സ്തംഭിച്ചിരുന്നു.
രാവിലെ 9.30 വരെ ചില വ്യാപാര സ്ഥാപനങ്ങളില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സ്വീകരിച്ചെങ്കിലും പിന്നീട് ഒരു കച്ചവടം നടന്നില്ല.  മൊബൈല്‍ ഷോപ്പുകളും മറ്റു അനുബന്ധ കച്ചടവ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ചില്ലറയില്ലാത്തത് കാരണം ആയിരക്കണക്കിന് ടെക്കികളാണ് അലഞ്ഞുതിരിഞ്ഞത്.
ദിവസവും ദേശീയപാതവരെ നീളുന്ന കഴക്കൂട്ടത്തെ ബിവറേജ് മദ്യഷോപ്പില്‍ ഇന്നലെ വൈകിട്ട് ആളൊഴിഞ്ഞു.  അഞ്ചൂറും ആയിരവും കൈയിലുണ്ടായിരുന്നവര്‍ നോട്ടുമാറ്റിയെടുക്കാന്‍ പെട്രോള്‍ പമ്പിലെത്തിയെങ്കിലും ചില്ലറകിട്ടാത്തതിനാല്‍ മുഴുവന്‍ പൈസയ്ക്കും വാഹനത്തിന്റെ ടാങ്ക് നിറച്ചാണ് പോകേണ്ടി വന്നത്.
ചില ഹോട്ടലുകളില്‍ രാവിലെ നിരോധിച്ച നോട്ടെടുക്കില്ലെന്ന് ബോര്‍ഡ് തൂക്കി. ലോട്ടറി കച്ചവടക്കാര്‍ക്ക് ഇന്നലെ ലോട്ടറി അടച്ചതുപോലെയുള്ള കച്ചവടമായിരുന്നു. ഇതിനിടെ കഠിനംകുളം ബാര്‍, പ്രദേശത്തെ ബിവറേജ് ഷോപ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ആയിരത്തിന്റെ നോട്ടിന് 800 രൂപാ കൊടുത്ത് വ്യാപകമായി കച്ചവടം നടത്തിയ സംഘങ്ങളും സജീവമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക