|    Dec 6 Tue, 2016 11:33 am
FLASH NEWS

പണം കാത്ത് എടിഎമ്മിന് മുമ്പില്‍ നീണ്ട നിര

Published : 19th November 2016 | Posted By: SMR

കാസര്‍കോട്: 500, 1000 രൂപയുടെ നോട്ടുകള്‍പിന്‍വലിച്ചതിനെ തുടര്‍ന്ന് ഉളവായ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ പത്ത് ദിവസത്തോളമായി നോട്ടുകള്‍ക്ക് വേണ്ടി ജനങ്ങള്‍ അലച്ചിലിലാണ്. വ്യാപാര മേഖല പൂര്‍ണ്ണമായും പ്രതിസന്ധിയിലാണ്. 1000, 500 രൂപ നോട്ടുകള്‍ മാറി കിട്ടാന്‍ ജനങ്ങള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വെയിലേറ്റ് ക്യൂ നില്‍ക്കുന്ന കാഴ്ചയാണ് എങ്ങും. ചില്ലറ കിട്ടാനില്ലാത്തതിനാല്‍ വ്യാപാര മേഖലക്കും കനത്ത തിരിച്ചടിയായിട്ടുണ്ട്. 500, 1000 രൂപ നോട്ടുകള്‍ ഔദ്യോഗിക സേവനങ്ങള്‍ക്ക് സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ടെലഫോണ്‍ ബില്ല് അടക്കാന്‍ പോസ്റ്റ് ഓഫിസിലെത്തിയ പലരേയും പുതിയ നോട്ട് വേണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. പോസ്റ്റ് ഓഫിസുകളില്‍ നിന്ന് നോട്ടുകള്‍ മാറി കിട്ടുമെന്ന പ്രതീക്ഷയോടെ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. എന്നാല്‍ രാവിലെ 11ന് എത്തുന്ന നോട്ടുകള്‍ ഉച്ചയ്ക്ക് ഒന്നോടെ തീരുകയാണ് പതിവ്. ഇതോടെ കൈകുഞ്ഞുങ്ങളുമേന്തി എത്തിയ സ്ത്രീകളടക്കമുള്ളവര്‍ നിരാശയോടെ തിരിച്ചുപോവുകയാണ്. എടിഎമ്മുകളിലും ആവശ്യത്തിന് പണം നിക്ഷേപിക്കുന്നില്ല. കാസര്‍കോട് നഗരത്തിലെ മിക്ക എടിഎമ്മുകളിലും പണമില്ല. സ്വകാര്യ ഏജന്‍സികള്‍ ചില ഏടിഎമ്മുകളില്‍പണം നിറക്കുന്നുണ്ടെങ്കിലും 60,000 രൂപ മാത്രമാണ് ഇവിടെ നിക്ഷേപിക്കുന്നത്. ഇത് 30 പേര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു. പണം തീര്‍ന്നാല്‍ പിന്നീട് നിക്ഷേപിക്കാറില്ല. ദേശസാല്‍കൃത ബാങ്കുകളുടെ എടിഎമ്മുകളും കാലിയാണ്. രാപകല്‍ ഭേദമന്യേ ആളുകള്‍ പണം പിന്‍വലിക്കാനും മാറാനുമായി ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യൂവിലാണ്. എന്നാലും ലഭിക്കുന്നത് തുച്ഛമായ സംഖ്യയാണ്. എടിഎമ്മുകളില്‍ നിന്ന് 2500 രൂപ ലഭിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ലഭിക്കുന്നത് 2000 രൂപ മാത്രമാണ്. ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാനുള്ള പണത്തിനും പരിധി നിശ്ചയിച്ചതിനാല്‍ കല്ല്യാണം പോലുള്ള ചടങ്ങുകള്‍ മുടങ്ങിക്കിടക്കുകയാണ്. ജ്വല്ലറികളില്‍ ബിസിനസ് കുറവാണ്. ചില്ലറയില്ലാത്തതിനാ ല്‍ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി പൂട്ടിക്കിടക്കുകയാണ്. ആശുപത്രികളിലും മറ്റും ചികില്‍സയില്‍ കഴിയുന്നവരുടെ കാര്യമാണ് ഏറെ ദുരിതത്തിലായത്. പഴയ നോട്ടുകള്‍ ആശുപത്രികളില്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. മെഡിക്കല്‍ ഷോപ്പുകളിലും ഇത്തരം നോട്ടുകള്‍ സ്വീകരിക്കുന്നില്ല. ജില്ലയുടെ സാമ്പത്തിക മേഖല ഇപ്പോള്‍ തീര്‍ത്തും പ്രതിസന്ധിയിലായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day