|    Dec 9 Fri, 2016 6:56 pm
FLASH NEWS

പഞ്ചായത്ത് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസപ്രമേയം നാളെ

Published : 30th November 2016 | Posted By: SMR

കാസര്‍കോട്: സിപിഎം ഭരിക്കുന്ന കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി ലക്ഷ്മിക്കെതിരേ യുഡിഎഫ് നല്‍കിയ അവിശ്വാസപ്രമേയത്തില്‍ നാളെ ചര്‍ച്ച ചെയ്യും. യുഡിഎഫ് വിമതരും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് ആരോപണവുമായി സിപിഎം രംഗത്തെത്തി. അതിനിടെ തങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.16 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് ഏഴ്, യുഡിഎഫ് ആറ്, ബിജെപി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞതവണ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ സിപിഎമ്മിലെ എന്‍ ടി ലക്ഷ്മി പ്രസിഡന്റാവുകയായിരുന്നു. എന്നാ ല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് പിന്തുണയോടെ ബിജെപി അംഗം തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാല്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നയത്തിനെതിരെ നിലപാടെടുത്തതിനാല്‍ കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കിയതായി അന്ന് ഡിസിസി പ്രസിഡന്റ് വാര്‍ത്താകുറിപ്പിറക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ തുടര്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച അഞ്ച് പേരും ആര്‍എസ്പി അംഗവും ഉള്‍പ്പെടുന്നതാണ് യുഡിഎഫ്. മൂന്ന് വാര്‍ഡുകളില്‍ ബിജെപിയാണ് വിജയിച്ചിരുന്നത്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. ഈ പ്രമേയത്തെ ബിജെപി അനുകൂലിച്ചേക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക് നല്‍കിയതിന്റെ പ്രത്യുപകാരമാണ് ഇപ്പോള്‍ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് ബിജെപി അനുകൂലമാകാന്‍ കാരണമെന്ന് സിപിഎം ബേഡകം ഏരിയാ സെക്രട്ടറി സി ബാലന്‍, പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി ലക്ഷ്മി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നെറികെട്ട രാഷ്ട്രീയത്തിനെതിരേ കുറ്റിക്കോല്‍ പഞ്ചായത്തിലെ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നും ഇരുവരും പറഞ്ഞു. റിബലായ അംഗങ്ങളെ ആറുവര്‍ഷത്തേക്ക് പുറത്താക്കിയെന്ന് പ്രസ്താവന ഇറക്കിയ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് ഒത്താശ ചെയ്യുകയാണ്. വിപ്പ് ലംഘിച്ചവര്‍ക്കെതിരെ അംഗത്വം റദ്ദാക്കാന്‍ അപേക്ഷ നല്‍കാന്‍ തയ്യാറാകാത്തതും രഹസ്യ അജണ്ടയുടെ ഭാഗമാണ്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേടിയെടുക്കാന്‍ വൃത്തികെട്ട രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും സി ബാലന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day