|    Dec 9 Fri, 2016 3:08 pm
FLASH NEWS

പഞ്ചാബിനു തിരിച്ചടി; അമരീന്ദര്‍ സിങ് രാജിവച്ചു

Published : 11th November 2016 | Posted By: SMR

ന്യൂഡല്‍ഹി: സത്‌ലജ്-യമുന നദീജലം അയല്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന കരാര്‍ ഏകപക്ഷീയമായി പിന്‍വലിച്ച പഞ്ചാബിന്റെ നടപടി സുപ്രിംകോടതി റദ്ദാക്കി. പഞ്ചാബ് നിയമസഭ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് എ ആര്‍ ദാവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.
ഹരിയാന, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ജമ്മുകശ്മീര്‍, ഡല്‍ഹി, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളുമായി നജീജലം പങ്കുവയ്ക്കുന്നത് നിര്‍ത്തലാക്കാനുള്ള തീരുമാനമെടുക്കാന്‍ പഞ്ചാബിന് അധികാരമില്ലെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രപതി ഉന്നയിച്ച ചോദ്യങ്ങള്‍ക്കും നിഷേധാത്മകമായാണ് ഉത്തരം നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു.
ഹരിയാനയുമായുള്ള തര്‍ക്കത്തില്‍ നിര്‍മാണം സ്തംഭിച്ചുകിടക്കുന്ന സത്‌ലജ് -യമുന കരാര്‍ പൂര്‍ത്തിയാക്കാന്‍ കോടതി പഞ്ചാബിന് നിര്‍ദേശം നല്‍കി. 2004ല്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായിരിക്കെയാണ് കരാര്‍ റദ്ദാക്കുന്ന ബില്ല് നിയമസഭ പാസാക്കിയത്. ഇതിനെതിരേ ഹരിയാനയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
അതേസമയം, സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങ് എംപി സ്ഥാനം രാജിവച്ചു. സംസ്ഥാന നിയമസഭയിലെ കോണ്‍ഗ്രസ് എംഎല്‍എമാരും രാജിവച്ചിട്ടുണ്ട്. പഞ്ചാബിലെ ജനങ്ങളോടുള്ള അനീതിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അമരീന്ദര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭാ സ്പീകര്‍ക്ക് അയച്ച രാജിക്കത്തിന്റെ പകര്‍പ്പ് അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി. അടുത്തയാഴ്ച സ്പീക്കറെ നേരില്‍കാണുമെന്നും അദ്ദേഹം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day