|    Oct 21 Fri, 2016 1:13 am
FLASH NEWS

പങ്കെടുക്കാനെത്തിയ അധ്യാപകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന് പരാതി

Published : 18th April 2016 | Posted By: SMR

കുമളി: സംസ്ഥാന അധ്യാപക പരിശീലന ക്യാംപില്‍ പങ്കെടുക്കാനെത്തിയ അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന് പരാതി. അടുത്ത അധ്യായന വര്‍ഷത്തിലെ അധ്യായന ശാക്തീകരണത്തിനാവശ്യമായ പരിശീലന പരിപാടിയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കുമളി ശിക്ഷക് സദനില്‍ നടന്നുവരുന്നത്.
തമിഴ്, സംസ്‌കൃതം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ 60 തോളം അധ്യാപകരാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. മാറിയ പാഠപുസ്തകങ്ങളിലെ പോരായ്മകള്‍ പങ്ക് വച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കു ന്നതിന്നും വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പ് വരുത്തന്നതിനുമാണ് ക്യാംപ് സംഘടിപ്പിച്ചിട്ടുള്ളത്. ഇവിടെ പരിശീലനം ലഭിക്കുന്നവരാണ് ജില്ലാ ബ്ലോക്ക് തലങ്ങളില്‍ ഉള്ളവര്‍ക്ക് പരിശീലനം നല്‍കേണ്ടത്.വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കുമളിയില്‍ പ്രവര്‍ത്തിക്കുന്ന ശിക്ഷക്‌സദനിലാണ് നാലു ദിവസം നീണ്ടുനില്‍ക്കുന്ന ക്യാംപ് സംഘടിപ്പിച്ചിട്ടുള്ളത്.
എന്നാല്‍ തങ്ങള്‍ക്ക് ഇവിടെ ലഭിച്ച സൗകര്യങ്ങള്‍ വേണ്ടത്ര സൗകര്യങ്ങള്‍ ലഭിച്ചില്ലെന്നാരോപിച്ച് ശനിയാഴ്ച രാത്രിയില്‍ അധ്യാപകര്‍ പ്രതിഷേധിച്ചിരുന്നു. ഇവിടുത്തെ ടാങ്കില്‍ നിന്നു ലഭിച്ച വെള്ളം മലിനമാണെന്നാണ് ക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ പ്രധാന പരാതി. മാത്രമല്ല ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളിലും പോരായ്മ ഉണ്ടെന്നും ഇവര്‍ പറയുന്നു. ഇതിന്റെ പേരില്‍ അധ്യാപകര്‍ ശിക്ഷക് സദന്‍ അധികൃതരുമായി വാക്കേറ്റം ഉണ്ടായി. സംഭവം അറിഞ്ഞ് ഇഎസ് ബിജിമോള്‍ എംഎല്‍എ സ്ഥലത്തെത്തി അധ്യാപകരുമായി ചര്‍ച്ച നടത്തി.
പിന്നീട് ഇവരെ കുമളി ഹോളീഡേ ഹോമിലേക്ക് മാറ്റിത്താമസിപ്പിക്കുകയായിരുന്നു. എന്നാ ല്‍ യാത്രാ സൗകര്യം, വെള്ളം, പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാവണം ക്യാംപിനുള്ള സ്ഥലം കണ്ടെത്തേണ്ടന്ന് വിദ്യാഭ്യാസ വകുപ്പ് ജില്ലാ പ്രൊജക്ട് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും ഇതിന്റെ ലംഘനമാണ് കുമളിയില്‍ നടന്നതെന്നും അധ്യാപകര്‍ പറയുന്നു.
എന്നാല്‍ ഇവിടെ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് ശിക്ഷക് സദന്‍ അധികൃതര്‍ പറയുന്നത്. ഇവിടെയുള്ള കിണറില്‍ സ്ഥാപിച്ചിരുന്ന മോട്ടോര്‍ തകരാറില്‍ ആയതിനെ തുടര്‍ന്ന് ജോലികള്‍ നടത്തിയപ്പോള്‍ വെള്ളം കലങ്ങിയിരുന്നു. കിണറ്റില്‍ വെള്ളം കുറവായതിനാല്‍ പമ്പ് ചെയ്തപ്പോള്‍ അടിത്തട്ടിലുള്ള മലിന ജലം ടാങ്കിലെത്തിയതാവാം പ്രശ്‌നത്തിനു കാരണമായതെന്നാണ് ഇവരുടെ വിശദീകരണം. ഇന്നലെ സംഭരണ ടാങ്ക് വൃത്തിയാക്കി വെള്ളം എത്തിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ക്യാംപ് ഇന്ന് സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day