|    Dec 10 Sat, 2016 10:24 am

പക്ഷിപ്പനി: 7314 താറാവുകളെ സംസ്‌കരിച്ചു

Published : 29th October 2016 | Posted By: SMR

ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച് ചത്തതുള്‍പ്പെടെ 7,314 താറാവുകളെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മസേന സംസ്‌കരിച്ചു. തകഴി പഞ്ചായത്തില്‍ 1,411 എണ്ണത്തെയും മുട്ടാര്‍ പഞ്ചായത്തില്‍ 2,807 എണ്ണത്തെയും നീലംപേരൂരില്‍ 3.096 എണ്ണത്തെയും സംസ്‌കരിച്ചു.
തകഴി പഞ്ചായത്തില്‍ 46 ചത്ത താറാവുകളെ സംസ്‌കരിച്ചതിനു പുറമേ അസുഖം ബാധിച്ച  1,365 എണ്ണത്തെ കൊന്നും സംസ്‌കരിച്ചു. മുട്ടാറില്‍ 421 ചത്തതിനെയും അസുഖം ബാധിച്ച 2,386 എണ്ണത്തെ കൊന്നുമാണ് സംസ്‌കരിച്ചത്. നീലംപേരൂരില്‍ 3,096 ചത്ത താറാവുകളെ സംസ്‌കരിച്ചതായും നോഡല്‍ ഓഫിസറായ ഡോ. ഗോപകുമാര്‍ പറഞ്ഞു.
ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനം ഇന്നും തുടരും. ആറു സംഘങ്ങളാണ് പ്രവര്‍ത്തനരംഗത്തുള്ളത്. അതേസമയം, പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മൃഗസംരക്ഷണവകുപ്പ് ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.
രോഗം മറ്റു സ്ഥലങ്ങളിലെ പക്ഷികളിലേക്ക് വ്യാപിക്കാതിരിക്കാന്‍ കരുതല്‍ നടപടികളുടെ ഭാഗമായി മൃഗസംരക്ഷണവകുപ്പിന്റെ ദ്രുതകര്‍മസേനയെ വിന്യസിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റില്‍ മൃഗസംരക്ഷണ വകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. കെ കെ ജയരാജിന്റെ (സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍) നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഫോ ണ്‍: 0471-2302381. മൊബൈല്‍ 9847347094. കൂടാതെ ആലപ്പുഴ ജില്ലയിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍: 0477-2252636. മൊബൈല്‍ 9447399447. ജില്ലകളിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി വകുപ്പിലെ അഡീ. ഡയറക്ടര്‍മാരായ ഡോ. എ എസ് രാജനെ കോട്ടയം ജില്ലയിലും ഡോ. ആനി മേരി ഗോണ്‍സാല്‍വസിനെ ആലപ്പുഴ ജില്ലയിലും ഡോ. റസിയ കൊന്താലത്തെ പത്തനംതിട്ട ജില്ലയിലും നോഡല്‍ ഓഫിസര്‍മാരായി നിയമിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവലോകനയോഗം നടത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് വിലയിരുത്തി.
അതേസമയം, താറാവുകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നിശ്ചയിച്ചെങ്കിലും ഇതുസംബന്ധിച്ച് ഉത്തരവ് ലഭിക്കാത്തത് പ്രതിസന്ധി വര്‍ധിപ്പിച്ചു. നഷ്ടപരിഹാരത്തെ ചൊല്ലി താറാവുകളെ സംസ്‌കരിക്കാനെത്തുന്ന സേനാംഗങ്ങളും കര്‍ഷകരും തമ്മില്‍ തര്‍ക്കമുണ്ടാവുന്നത് പതിവാണ്. നിലവില്‍ വിവിധ പ്രദേശങ്ങളില്‍ ചത്തൊടുങ്ങിയ താറാവുകളുടെ കണക്ക് ഉദ്യോഗസ്ഥരെത്തി നിജപ്പെടുത്താന്‍ തയ്യാറാവാത്തത് കര്‍ഷകരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day