|    Oct 28 Fri, 2016 10:06 am
FLASH NEWS

പകരക്കാരനില്ലാതെ സേട്ടു സാഹിബിന്റെ സിംഹാസനം

Published : 27th April 2016 | Posted By: SMR

പി സി അബ്ദുല്ല

കോഴിക്കോട്: ജീവിതവും പോരാട്ടങ്ങളും കൊണ്ട് സമുദായത്തിന്റെ മെഹബൂബായി അവരോധിക്കപ്പെട്ട ഇബ്രാഹീം സുലൈമാന്‍ സേട്ട് വിടപറഞ്ഞിട്ട് ഇന്നേക്ക് പതിനൊന്നു വര്‍ഷം. രാജ്യവും ന്യൂനപക്ഷ സമൂഹങ്ങളും പിന്നാക്ക, ദലിത്, മുസ്‌ലിം കൂട്ടായ്മകള്‍ ഭൂരിപക്ഷ ഫാഷിസത്തിന്റെ ആക്രമണോല്‍സുക മുന്നേറ്റത്തിനു തടയിടാന്‍ പെടാപ്പാടു പെടുമ്പോള്‍ സേട്ടു സാഹിബിന്റെ അസാന്നിധ്യം വലിയൊരു ശൂന്യതയായി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നു.
രാഷ്ട്രീയ സത്യസന്ധത, ഇച്ഛാശക്തി, കര്‍മോല്‍സുകത, പ്രതിബദ്ധത, ആര്‍ജവം, പൊതു സ്വീകാര്യത തുടങ്ങിയ ഘടകങ്ങളെല്ലാം സമാസമം സമ്മേളിച്ച നേതാവായിരുന്നു സേട്ടു സാഹിബ്. ഭരണകൂട ധിക്കാരങ്ങളോടും അധികാര രാഷ്ട്രീയത്തിന്റെ അടിമത്തത്തോടും നിരന്തരമായി കലഹിച്ചു എന്ന സവിശേഷതയാണ് അദ്ദേഹത്തെ ഇപ്പോഴും ചിരസ്മരണീയനാക്കുന്നത്.
ഇന്ദിരാഗാന്ധി മുതല്‍ നരസിംഹ റാവു വരെയുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ ന്യൂനപക്ഷ വിരുദ്ധ അജണ്ടകള്‍ക്കെതിരേ പാര്‍ലമെന്റിലും പുറത്തും ഗര്‍ജിക്കുന്ന സിംഹം തന്നെയായിരുന്നു സുലൈമാന്‍ സേട്ട്. അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ബില്ല് പാര്‍ല്ലമെന്റില്‍ പരസ്യമായി പറിച്ചെറിഞ്ഞ് സേട്ടു സാഹിബ് ഉയര്‍ത്തിയ പ്രതിഷേധം ചരിത്രത്തിന്റെ ഭാഗമാണ്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഡ ല്‍ഹിയില്‍ മുസ്‌ലിം നേതാക്കള്‍ അറസ്റ്റിലായ ഘട്ടം ഡല്‍ഹിയിലെത്തിയ സുലൈമാന്‍ സേട്ട് കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന ദേവകാന്ത് ബറുവയെ കണ്ട് നേതാക്കളെ വിട്ടയക്കണമെന്നും അല്ലാത്തപക്ഷം തന്നെകൂടി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സേട്ടിന്റെ പ്രതിഷേധം കനത്തതോടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ട് അനുനയശ്രമം നടത്തിയെങ്കിലും സേട്ട് സാഹിബ് വഴങ്ങിയില്ല. ഒടുവില്‍ പ്രധാനമന്ത്രിയുടെ പി എ ആയിരുന്ന ആര്‍ കെ ധവാന്‍ അറസ്റ്റിലായ മുസ്‌ലിം നേതാക്കളെ വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു.
മൊറാദാബാദ് പോലിസ് വെടിവയ്പ്പിനെതിരേയും പിഎസിയുടെ അതിക്രമങ്ങള്‍ക്കെതിരേയും പാര്‍ലമെന്റില്‍ സേട്ടു സാഹിബ് നടത്തിയ പോരാട്ടം ഇന്ത്യയിലെ മിക്ക പത്രങ്ങളും മൂടിവച്ചു. എന്നാല്‍, ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ വിഷയം ലോകമറിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം മുറുകി. മൊറാദാബാദ് സംഭവം ആഗോളതലത്തില്‍ ഇന്ത്യക്കെതിരേയുണ്ടാക്കിയ ദുഷ്‌പേര് മാറ്റാന്‍ മുന്നിട്ടിറങ്ങണമെന്ന് ഇന്ദിരാഗാന്ധി നേരിട്ട് ആവശ്യപ്പെട്ടപ്പോള്‍ സേട്ടു സാഹിബ് നിരസിക്കുകയായിരുന്നു.
1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം സേട്ട് ഉള്‍പ്പെടെയുള്ള മുസ്‌ലിം നേതാക്കള്‍ പ്രധാനന്ത്രിയായിരുന്ന നരസിംഹ റാവുവിനെ കാണാന്‍ പോയി. പല തവണ ഒഴിഞ്ഞുമാറിയ ശേഷമാണ് റാവു മുസ്‌ലിം നേതാക്കളെ കാണാന്‍ സമ്മതിച്ചത്. അലീമിയാ ന്‍ ഉള്‍പ്പടെയുള്ള നേതാക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ, യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ് തന്നെ ചതിക്കുകയായിരുന്നെന്ന് നരസിംഹ റാവു വിശദീകരിച്ചു. എന്നാല്‍, കല്യാ ണ്‍ സിങല്ല താങ്കളാണ് രാജ്യത്തെയും ജനങ്ങളെയും ചതിച്ചതെന്നു പറഞ്ഞ് നരസിംഹറാവുവിനു മുമ്പില്‍ സേട്ടു സാഹിബ് പൊട്ടിത്തെറിച്ചു.
ബാബരി ദുരന്തം ഒരര്‍ഥത്തി ല്‍ സേട്ടു സാഹിബിന്റെ രാഷ്ട്രീയ ജീവിതത്തിലും മറ്റൊരു ദുരന്തമായി. പള്ളി തകര്‍ക്കാന്‍ കൂട്ടിനിന്ന കോണ്‍ഗ്രസ്സുമായി ലീഗ് ബന്ധം വിച്ഛേദിക്കണമെന്ന സേട്ടിന്റെ നിലപാട് കേരള ലീഗ് നേതൃത്വം അനുസരിച്ചില്ല. കോണ്‍ഗ്രസ് വിരുദ്ധ സമുദായ വികാരത്തിന്റെ വേലിയേറ്റത്തില്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ആള്‍ക്കൂട്ടങ്ങളിലേക്കും ആരവങ്ങളില്‍ നിന്ന് ആരവങ്ങളിലേക്കും സേട്ടിനെ ആനയിച്ചവര്‍ തന്നെ അദ്ദേഹത്തെ ഉപേക്ഷിച്ചു. കോണ്‍ഗ്രസ്സിന് ആജീവനാന്തം പതിച്ചുകൊടുത്ത സമുദായ രാഷ്ട്രീയത്തിന് ബദല്‍ എന്ന സ്വപ്‌നവുമായി 1994 ഏപ്രില്‍ 22ന് അദ്ദേഹം ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപീകരിച്ചു. കോ ണ്‍ഗ്രസ് വിരുദ്ധ പോരാട്ടത്തില്‍ സേട്ടു സാഹിബിനെ ആവോളം പ്രോല്‍സാഹിപ്പിച്ച സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ തന്റെ പുതിയ രാഷ്ട്രീയ ബദലിനൊപ്പമുണ്ടാവുമെന്നായിരുന്നു സേട്ടിന്റെ പ്രതീക്ഷ. പക്ഷേ, അതുമൊരു ചതിയായി തന്നെ ബാക്കിയായി.
അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ നാഷനല്‍ ലീഗിന്റെ പ്രസക്തിയെക്കുറിച്ച് സേട്ടു സാഹിബിന് വീണ്ടുവിചാരമുണ്ടായിരുന്നു. ദല്‍ഹിയിലെ ഐവാനെ ഗാലിബ് ഹാളില്‍ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നിലവില്‍ വന്ന പാര്‍ട്ടി രാഷ്ട്രീയത്തിലെ ചെറിയ ഒരു അടിക്കുറിപ്പായി മാറി എന്നത് ചരിത്രം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day