|    Oct 22 Sat, 2016 1:41 am
FLASH NEWS

ന്യൂനപക്ഷ പ്രീണനമാണോ ഇതെല്ലാം?

Published : 18th April 2016 | Posted By: SMR

കബീര്‍ പോരുവഴി

മുസ്‌ലിം ലീഗിന്റെ അഞ്ചാംമന്ത്രി മുതല്‍ ചില സ്‌കൂളുകളില്‍ സ്ഥാപിച്ച പച്ച ബോര്‍ഡുകള്‍ വരെ കേരളീയസമൂഹത്തെ ഇഴപിരിച്ച് ജാതി-മത വിഭാഗങ്ങളായി വേര്‍തിരിച്ചുമാറ്റാന്‍ വര്‍ഗീയ-സാമുദായിക-രാഷ്ട്രീയ ശക്തികള്‍ ഉപയോഗപ്പെടുത്തിയ കാര്യങ്ങളാണ്. മന്ത്രിസഭാ രൂപീകരണവേളയില്‍ അര്‍ഹമായ മന്ത്രിമാരെ നേടിയെടുക്കാന്‍ ലീഗിന് കഴിയുമായിരുന്നു. എങ്കിലും പിന്നീടു നല്‍കാമെന്ന വാക്ക് വിശ്വസിച്ച ലീഗ് നേതൃത്വത്തെ, എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും രംഗത്തിറക്കി മാനംകെടുത്തുകയായിരുന്നു.
പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് രാജ്യത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സാക്ഷരത നേടുന്നതിനും തുടര്‍വിദ്യാഭ്യാസത്തിനും അവസരമൊരുക്കുന്നതിന് ആദിവാസി-ഗോത്ര-ദലിത്-ന്യൂനപക്ഷ മേഖലകളില്‍ എഐപി സ്‌കൂളുകള്‍ എന്ന പേരില്‍ എല്‍പി സ്‌കൂളുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ മലബാര്‍ മേഖലയിലെ ആറ് ജില്ലകളിലെ വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കിയ അഞ്ചുലക്ഷം രൂപ ഉപയോഗപ്പെടുത്തി 50 സെന്റ് മുതല്‍ ഒരേക്കര്‍ വരെ ഭൂമി വാങ്ങി സ്‌കൂള്‍ സ്ഥാപിച്ചു. അധ്യാപകര്‍ക്ക് വര്‍ഷങ്ങളായി ശമ്പളം നല്‍കിയിരുന്നത് പ്രദേശത്തെ ജനങ്ങള്‍ പിരിവെടുത്തായിരുന്നു. ഈ സ്‌കൂളുകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ആദിവാസികളും പട്ടികജാതിക്കാരുമായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ സ്‌കൂളുകളെ ഭാഗികമായി അംഗീകരിക്കുകയും ഉച്ചഭക്ഷണത്തിന് അരി, പാചകത്തൊഴിലാളിക്കും അധ്യാപകര്‍ക്കും വാര്‍ഷിക ഗ്രാന്റ്, കുട്ടികള്‍ക്ക് ചെറിയതോതിലാണെങ്കിലും ലംപ്‌സം ഗ്രാന്റ് എന്നിവയും അനുവദിച്ചിരുന്നു. ഇങ്ങനെയുള്ള 34 എഐപി സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അത് മുസ്‌ലിം പ്രീണനമായി വ്യാഖ്യാനിച്ച്, ഈ സ്‌കൂളുകളെല്ലാം മലപ്പുറം ജില്ലയിലാണെന്ന് പ്രചരിപ്പിച്ച് സംഘപരിവാരവും ഇടതുമുന്നണിയും വര്‍ഗീയ പ്രചാരവേല നടത്തി. ആ അവസരത്തില്‍ മന്ത്രിസഭയിലെ ഉത്തരവാദപ്പെട്ടവര്‍ പോലും ലീഗ് വിരുദ്ധരായി. മുസ്‌ലിംലീഗ് പക്ഷേ, പൊതുസമൂഹത്തില്‍ വസ്തുതകള്‍ വിശദീകരിച്ചില്ല. അതുകാരണം ആരോപണങ്ങള്‍ ശരിയാണെന്നും ലീഗ് എല്ലാം സമ്മര്‍ദ്ദം ഉപയോഗിച്ച് കവരുകയാണെന്നും പ്രചരിപ്പിക്കപ്പെട്ടു. ഇതിന്റെ ഗുണഭോക്താക്കളായി മാറിയത് സംഘപരിവാരമായിരുന്നു. സൂത്രധാരകര്‍ കോണ്‍ഗ്രസ് നേതാക്കളും.
കോഴിക്കോട് നടക്കാവ് ഗവ. സ്‌കൂളില്‍ ബ്ലാക്ക് ബോര്‍ഡിന് പകരം പച്ച ബോര്‍ഡ് സ്ഥാപിച്ചത് എംഎല്‍എ ആയ എ പ്രദീപ്കുമാറിന്റെ താല്‍പര്യത്തിലാണ്. യുഡിഎഫ് ഭരണകാലത്ത് ഏതോ സ്‌കൂളില്‍ പച്ച ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍ അത് അബ്ദുറബ്ബിന്റെ നിര്‍ദേശപ്രകാരമാണെന്നു വരുത്തിത്തീര്‍ത്ത്, കേരളത്തെ പാകിസ്താനാക്കാന്‍ ലീഗ് ഭരണം ഉപയോഗപ്പെടുത്തുകയാണെന്ന പ്രചാരവേല സംഘപരിവാരത്തെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ നടത്തിയത് ഇടതുമുന്നണിയായിരുന്നു. സ്വന്തം എംഎല്‍എ പച്ച ബോര്‍ഡ് സ്‌കൂളുകളില്‍ സ്ഥാപിച്ചത്, മുസ്‌ലിംവിരുദ്ധത സൃഷ്ടിച്ചെടുക്കുന്ന തിരക്കില്‍ സിപിഎം മറച്ചുപിടിച്ചു.
കാലിക്കറ്റ് സര്‍വകലാശാല കോംപൗണ്ടില്‍ ഇഎംഎസ് ചെയറിനും വൈക്കം മുഹമ്മദ് ബഷീര്‍ ചെയറിനുമൊക്കെ ഭൂമി അനുവദിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഭരണസ്വാധീനം ഉപയോഗപ്പെടുത്തി സിഎച്ച് ചെയറിന് രണ്ടേക്കര്‍ ഭൂമി അനുവദിക്കാന്‍ സിന്‍ഡിക്കേറ്റിനെക്കൊണ്ടു തീരുമാനമെടുപ്പിച്ചു. കോണ്‍ഗ്രസ്സും ഇടതുപക്ഷ മെംബര്‍മാരും എതിര്‍പ്പ് പ്രകടിപ്പിക്കുകയും വിവാദമാക്കുകയും ചെയ്തപ്പോള്‍ തീരുമാനം പിന്‍വലിച്ചു. എന്നാല്‍, മുസ്‌ലിംകള്‍ കേരളം വെട്ടിപ്പിടിക്കുകയാണെന്ന് വ്യാപകമായ പ്രചാരണമുണ്ടായി. ഇതിനു മുമ്പ് എന്‍എസ്എസിനും എസ്എന്‍ഡിപിക്കും ശിവസേനയ്ക്കും ക്രിസ്ത്യന്‍ സംഘടനകള്‍ക്കും ഹെക്റ്റര്‍ കണക്കിന് ഭൂമി പതിച്ചുനല്‍കിയിരുന്നെങ്കിലും ലീഗ് പോലും ഇതു വിഷയമാക്കാതെ, കേരളത്തെ വീതിച്ചെടുക്കാന്‍ ക്രിസ്ത്യന്‍-നായര്‍-ഈഴവ സമുദായങ്ങള്‍ക്ക് വഴങ്ങിക്കൊടുത്തു. നൂറുകണക്കിന് ഏക്കര്‍ റവന്യൂഭൂമി കൈവശപ്പെടുത്തിയ വെള്ളാപ്പള്ളിയും മകനും സുകുമാരന്‍ നായരും ഒക്കെ മുസ്‌ലിംകള്‍ക്കെതിരേ വിഷംചീറ്റിയപ്പോള്‍, ലീഗ് പ്രതിരോധിക്കാന്‍ പോലും ശ്രമിക്കാത്തതിനാല്‍ ഈ കുപ്രചാരണങ്ങളില്‍ കുടുങ്ങി നായര്‍, ഈഴവ, പിന്നാക്ക-ദലിതുകള്‍ മുസ്‌ലിംവിരുദ്ധ ചേരിയില്‍ അണിനിരന്നു.
വന്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പ്രതികളായ നൂറുകണക്കിന് കേസുകള്‍ പിന്‍വലിക്കുക കൂടി ചെയ്തതോടെ സംസ്ഥാനത്ത് സംഘപരിവാരം തിമിര്‍ത്താടിത്തുടങ്ങി. തിരുവിതാംകൂര്‍ മേഖലയില്‍ മുസ്‌ലിംകള്‍ക്ക് നാമമാത്രമായ വിദ്യാഭ്യാസ സ്ഥാപനങ്ങളേയുള്ളൂ. മിക്ക ക്രിസ്ത്യന്‍-നായര്‍-ഈഴവ മാനേജ്‌മെന്റ് സ്‌കൂളുകളിലും (ഹയര്‍ സെക്കന്‍ഡറി) കോളജുകളിലും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാതെയായി.
സംസ്ഥാനത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ആരംഭിക്കുന്നതിന് എട്ടേക്കര്‍ ഭൂമിയും ലോ കോളജിന് അഞ്ച് ഏക്കര്‍ ഭൂമിയും വേണമെന്നാണു നിബന്ധന. അഞ്ച് ഏക്കര്‍ ഭൂമിയില്‍ സ്വാശ്രയമേഖലയില്‍ കോളജ് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിനെ സമീപിച്ച മുസ്‌ലിം സംഘടനകളുടെ അപേക്ഷ നിരസിച്ച സര്‍ക്കാര്‍ രണ്ടും മൂന്നും ഏക്കര്‍ ഭൂമിയില്‍ വെള്ളാപ്പള്ളിക്ക് 47 കോളജുകളും എന്‍എസ്എസിന് പത്തിലേറെ കോളജുകളും ക്രിസ്ത്യന്‍ സമുദായത്തിന് 20ലേറെ കോളജുകളും അനുവദിച്ചു. ഇവര്‍ക്കൊന്നും ഭൂമിയുടെ കുറവ് പ്രശ്‌നമായില്ല. ഹയര്‍ സെക്കന്‍ഡറി, കോളജ്തല പഠനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍, സ്വകാര്യമേഖലയില്‍ വിദ്യാഭ്യാസത്തിന് അഞ്ചുശതമാനം സംവരണം അനുവദിക്കണമെന്ന മുസ്‌ലിം ഏകോപനസമിതിയുടെ നിരന്തരമായ ആവശ്യവും നിരസിക്കപ്പെട്ടു.
ഈ സര്‍ക്കാരിന്റെ കാലത്ത് 2800ല്‍ പരം ഹെക്റ്റര്‍ ഭൂമിയാണ് (6720ല്‍ പരം ഏക്കര്‍) 38 കോടിയിലേറെ രൂപ പാട്ടക്കുടിശ്ശിക എഴുതിത്തള്ളി ക്രിസ്ത്യന്‍, നായര്‍, ഈഴവ സമുദായങ്ങള്‍ക്ക് പതിച്ചുനല്‍കിയത്. ഈ ഭൂമികൊള്ളയില്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടാത്തതിനാല്‍ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്തില്ല. ആദ്യം 33ഉം പിന്നീട് 133ഉം അടക്കം 166 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതില്‍ സിംഹഭാഗവും ഉമ്മന്‍ചാണ്ടിയുടെയും ചീഫ് സെക്രട്ടറിയുടെയും അഡീ. ചീഫ് സെക്രട്ടറിയുടെയും മാണിയുടെയും സമുദായങ്ങളുടേതാണ്. സാമ്പത്തിക പ്രശ്‌നം പറഞ്ഞ് അറബിക് സര്‍വകലാശാല അനുവദിക്കാന്‍ തയ്യാറാവാത്തവരാണ് 166 സ്‌കൂളുകളിലായി 1,660 തസ്തികകള്‍ അനുവദിച്ചത്. ഇതുവഴി സര്‍ക്കാരിന് പ്രതിമാസം ആറു കോടിയിലേറെ രൂപയുടെ ബാധ്യതയുണ്ടാവുന്നു.
പാലക്കാട് മുതല്‍ തിരുവനന്തപുരം വരെയുള്ള 34 ലക്ഷത്തോളം വരുന്ന മുസ്‌ലിം ജനസംഖ്യയില്‍ 20 ലക്ഷത്തില്‍പ്പരം പേര്‍ വോട്ടര്‍മാരാണ്. ഇവരുടെ ഒരവകാശവും മുന്നണികള്‍ അംഗീകരിച്ചുനല്‍കാറില്ല. കേരളപ്പിറവിക്കുശേഷം നാളിതുവരെ സിപിഎം മുസ്‌ലിംകള്‍ക്ക് രാജ്യസഭയില്‍ പ്രാതിനിധ്യം നല്‍കിയിട്ടില്ല. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി ആകെയുള്ള 131 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മൂന്നു മുസ്‌ലിം മെംബര്‍മാര്‍ മാത്രമാണുള്ളത്. മല്‍സരിപ്പിച്ചത് എല്‍ഡിഎഫ്- നാല്, യുഡിഎഫ്- അഞ്ച്. ജനസംഖ്യയില്‍ 11 ശതമാനമുള്ള ഒരു വിഭാഗത്തിന് 73 മെംബര്‍മാരും 18 ശതമാനമുള്ളവര്‍ക്ക് 39 മെംബര്‍മാരുമുള്ളപ്പോള്‍ ഈ ജില്ലകളിലെ വോട്ടര്‍മാരില്‍ 18 ശതമാനമുള്ള മുസ്‌ലിംകള്‍ക്ക് ലഭിച്ചത് മൂന്നുപേര്‍ മാത്രം.
മതിയായ രേഖകള്‍ ഹാജരാക്കാതെ കോടതിയെ തെറ്റിദ്ധരിപ്പിച്ചും ഭരണകൂടങ്ങള്‍ക്ക് താല്‍പര്യമുള്ള കേസുകളെ അനുകൂല ബെഞ്ചുകളില്‍ എത്തിച്ചും സമുദായത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ചും ആസൂത്രിതമായി റവന്യൂഭൂമിയും കോളജുകളും നേടുമ്പോള്‍ ഇതിലൊന്നും മുസ്‌ലിം സാന്നിധ്യമില്ലാത്തതിനാല്‍ പ്രീണനമാവാറില്ല.
പട്ടികജാതിക്കാരേക്കാള്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നവരാണ് മുസ്‌ലിംകള്‍ എന്ന സച്ചാര്‍ കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍, ന്യൂനപക്ഷ വിദ്യാര്‍ഥികളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍വേണ്ടിയാണ് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്. വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക്‌വാങ്ങുന്ന മുസ്‌ലിം, ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് ഇതിന് അപേക്ഷിക്കാം. എന്നാല്‍, 50 ശതമാനത്തിലേറെ മാര്‍ക്ക് നേടുന്നവരില്‍ ഭൂരിപക്ഷവും ക്രിസ്ത്യന്‍ കുട്ടികളാണ്. ഈ കാരണത്താല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുന്ന ക്രിസ്ത്യന്‍ വിദ്യാര്‍ഥികളില്‍ 70 ശതമാനം പേര്‍ക്ക് ലഭിക്കുമ്പോള്‍, മുസ്‌ലിം കുട്ടികളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമേ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുള്ളൂ. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ആകെ ലഭിക്കുന്നത് ഈ സ്‌കോളര്‍ഷിപ്പ് മാത്രമാണ്. പട്ടികജാതിക്കാര്‍ക്ക് ലഭിക്കുന്നത് ലംപ്‌സം ഗ്രാന്റ് മാത്രമാണ് (എച്ച്എസ്- 750, യുപി- 500, എല്‍പി- 250). ഒമ്പതാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കു മാത്രം പ്രീമെട്രിക് കൂടി ലഭിക്കുന്നു. തത്ത്വത്തില്‍ ഏറ്റവും കുറച്ച് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത് മുസ്‌ലിം-ദലിതുകള്‍ക്കും, ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് ക്രിസ്ത്യന്‍-നായര്‍ വിഭാഗങ്ങള്‍ക്കുമാണ്. ഇതൊന്നും പ്രീണനമല്ല; പ്രീണനം മുസ്‌ലിംകള്‍ക്ക് മാത്രമായി ആരോപിക്കപ്പെടാനുള്ളതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 109 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day