|    Oct 25 Tue, 2016 10:57 pm
FLASH NEWS

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കേരളാ കോണ്‍ഗ്രസ് സംരക്ഷിക്കണം: പിള്ള

Published : 27th August 2016 | Posted By: SMR

ചരല്‍ക്കുന്ന്: ഭരണഘടന ന്യൂനപക്ഷ സമൂഹത്തിന് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ നിലനിര്‍ത്തുന്നതും കൃഷിക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്നതുമായ രാഷ്ട്രീയ സമീപനമാണ് കേരള കോണ്‍ഗ്രസ് സ്വീകരിക്കേണ്ടതെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. ചരല്‍ക്കുന്നില്‍ ആരംഭിച്ച പാര്‍ട്ടി സംസ്ഥാന ക്യാംപില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളെ സംശയത്തോടെ മാത്രം നോക്കുന്ന ഒരു സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. വര്‍ഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത സമരമാണ് കേരള കോണ്‍ഗ്രസില്‍ നിന്നുണ്ടാവേണ്ടത്. വിശ്വാസ പ്രമാണങ്ങള്‍കൊണ്ട് മതം മാറിയാല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും സാമൂഹ്യസുരക്ഷയും നഷ്ടമാകുന്ന സ്ഥിതിമാറണം. മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കും സാമ്പത്തിക സംവരണം നല്‍കുമെന്ന എല്‍ഡിഎഫ് പ്രകടന പട്ടികയിലെ വാഗ്ദാനം വേഗത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും പിള്ള പറഞ്ഞു. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. അധ്യക്ഷത വഹിച്ചു. മുന്‍ എംപിയും കേരള കോണ്‍ഗ്രസ് സ്‌കറിയ വിഭാഗം ചെയര്‍മാനുമായ സ്‌കറിയ തോമസ് ക്യാംപ് ഉദ്ഘാടനം ചെയ്തു. യോജിക്കാവുന്ന മേഖലകളില്‍ തന്റെ പാര്‍ട്ടിയും കേരള കോണ്‍ഗ്രസ് ബിയും യോജിച്ചുനീങ്ങുമെന്ന് സ്‌കറിയ തോമസ് പറഞ്ഞു. മതേതര ജനാധിപത്യ പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് മാറണമെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. കെ എം മാണി യുഡിഎഫ് വിട്ടത് രാഷ്ട്രീയ നാടകമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാജയമാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിനെ ബോധ്യപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി എഴുതിയ നാടകം ഭംഗിയായി അവതരിപ്പിക്കുക മാത്രമാണ് മാണിയും കൂട്ടരും ചെയ്തത്. വളരെപെട്ടെന്ന് തന്നെ മാണി യുഡിഎഫില്‍ തിരികെ വരുമെന്നും ഗണേഷ് പറഞ്ഞു. തുടര്‍ന്നു നടന്ന ആധുനിക സമൂഹവും പൊതു പ്രവര്‍ത്തനവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ്  ഉഴവൂര്‍ വിജയനും, കേരളത്തിലെ ജൈവ സമൃദ്ധിയും നഷ്ടപ്പെടുന്ന കാര്‍ഷിക സംസ്‌കാരവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അടൂര്‍- കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്തയും ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ നടക്കുന്ന സംഘടന ചര്‍ച്ചയില്‍ ജില്ലാ പ്രസിഡന്റുമാര്‍ പങ്കെടുക്കും. ഇന്നു ക്യാംപ് സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day