|    Dec 11 Sun, 2016 9:33 am

നോട്ട് മാറ്റല്‍: രണ്ടാംദിനവും പ്രതിസന്ധി

Published : 12th November 2016 | Posted By: SMR

കൊച്ചി: അസാധുവായ 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ബാങ്ക് തുറന്ന് രണ്ടാംദിനവും ജനങ്ങള്‍ ബാങ്കുകളിലേക്ക് ഒഴുകിയെത്തി. 100 രൂപ നോട്ടുകള്‍ക്ക് ക്ഷാമം നേരിട്ടത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി. എടിഎമ്മുകള്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതും പൂര്‍ണതോതില്‍ നടപ്പാവാതെ വന്നതും ജനങ്ങളെ വലച്ചു. സംസ്ഥാനത്തെ വ്യാപാരമേഖല ഇന്നലെയും ഏകദേശം സ്തംഭിച്ച അവസ്ഥയിലായിരുന്നു.
സാമ്പത്തിക തലസ്ഥാനമായ കൊച്ചിയടക്കം സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നും തന്നെ കാര്യമായ രീതിയില്‍ വ്യാപാരം നടന്നില്ല. ഹോട്ടലുകളിലും തിരക്കില്ലായിരുന്നു. ഇന്നലെ രാവിലെ 11 മുതല്‍ സംസ്ഥാനത്തെ എടിഎമ്മുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന ഏതാനും എടിഎമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. ജനങ്ങള്‍ കൂട്ടത്തോടെ എത്തിയതോടെ പല എടിഎമ്മുകളും പ്രവര്‍ത്തനം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാലിയാവുകയും ചെയ്തു. പ്രവര്‍ത്തിച്ച എടിഎമ്മുകള്‍ക്കു മുന്നില്‍ രാവിലെ മുതല്‍ തന്നെ വന്‍ ക്യൂവാണ് അനുഭവപ്പെട്ടത്. പ്രായമായവരും കൈക്കുഞ്ഞുമായി എത്തിയവരും വെയിലില്‍ ക്യൂ നിന്ന് വലഞ്ഞു.
എസ്ബിടിയുടെ മിക്ക എടിഎമ്മുകളിലും ഇന്നലെ ഒന്നിലധികം തവണ പണം നിറച്ചു. ഏജന്‍സികള്‍ പണം നിറയ്ക്കുന്ന എടിഎമ്മുകളില്‍ ഇന്നലെ പണം എത്തിയിട്ടില്ല.
പല ബാങ്കുകളിലും നൂറിന്റെ നോട്ടുകള്‍ ഉച്ചയ്ക്ക് മുമ്പുതന്നെ തീര്‍ന്നു.
പുതിയ 2000 രൂപയുടെ നോട്ടുകള്‍ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കാന്‍ ശ്രമിച്ചുവെങ്കിലും ഭൂരിഭാഗം ആളുകളും ഇത് വാങ്ങാന്‍ തയ്യാറാവാതെ വന്നതോടെ ബാങ്കുകള്‍ പ്രതിസന്ധിയിലായി.
500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറാന്‍ എത്തിയവര്‍ നൂറിന്റെ നോട്ടുകള്‍ ലഭിക്കാതെ വന്നതോടെ ബാങ്കുദ്യോഗസ്ഥരുമായി വാക്കേറ്റവും നടത്തിയാണ് മടങ്ങിയത്. നൂറു രൂപ നോട്ടുകള്‍ തീര്‍ന്നതിനെ തുടര്‍ന്ന് നോട്ടുകള്‍ മാറുന്നതിനായുള്ള ഫോമുകളുടെ വിതരണം ചില ബാങ്കുകള്‍ നിര്‍ത്തിവച്ചതും ഇടപാടുകാരുമായി തര്‍ക്കത്തിനിടയാക്കി.
ഇന്നലെ മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ എടിഎമ്മുകളും പ്രവര്‍ത്തിച്ചുതുടങ്ങിയെന്നും ഇന്നു മുതല്‍ പൂര്‍ണതോതില്‍ തന്നെ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
അതേസമയം, ഹരിപ്പാട് ഡാണാപ്പടി എസ്ബിടിയില്‍ നോട്ടുകള്‍ മാറിവാങ്ങാന്‍ ക്യൂ നിന്ന ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. കുമാരപുരം പൊത്തപ്പള്ളി തെക്ക് തകിടിയില്‍ തെക്കതില്‍ കാര്‍ത്തികേയന്‍ (72) ആണ് മരിച്ചത്.
കൈയിലുണ്ടായിരുന്ന 2000 രൂപ മാറ്റിവാങ്ങാനായി രാവിലെ മുതല്‍ ക്യൂവില്‍ നിന്ന കാര്‍ത്തികേയന്‍ വെയില്‍ കൊണ്ട് അവശനിലയിലായിരുന്നു.
മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. ഭാര്യ: ഭാരതി. മക്കള്‍: സുരേഷ്, രഘു, മധു, ശോഭന. മരുമക്കള്‍: സുശീല, ബിന്ദു, ഉഷ, രാജേഷ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക