|    Dec 11 Sun, 2016 5:17 pm
FLASH NEWS

നോട്ട് മാറുമ്പോള്‍ വിരലില്‍ മഷി പുരട്ടും

Published : 16th November 2016 | Posted By: SMR

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: അസാധുവായ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കുന്നതിന് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി നോട്ട് മാറ്റിവാങ്ങാന്‍ എത്തുന്നവരുടെ വിരലില്‍ മഷി പുരട്ടും. 500, 1000 രൂപ നോട്ടുകള്‍ മാറാനെത്തുന്നവരുടെ കൈവിരലില്‍ മഷി പുരട്ടാനുള്ള സംവിധാനം ബാങ്കുകളിലെ കാഷ് കൗണ്ടറുകളില്‍ തന്നെ ഏര്‍പ്പെടുത്തുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.
തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ കൈയില്‍ മഷി പുരട്ടുന്ന മാതൃകയിലായിരിക്കും നോട്ട് മാറാനെത്തുന്നവരുടെ വിരലുകളിലും മഷി പുരട്ടുക. ഒരേ ആളുകള്‍ തന്നെ പല ബാങ്കുകളില്‍ നിന്നു പണമെടുക്കുന്നത് നിയന്ത്രിക്കാനും കള്ളപ്പണക്കാര്‍ നോട്ടുകള്‍ മാറ്റാന്‍ ആളുകളെ ഉപയോഗിക്കുന്നത് തടയാനും വേണ്ടിയാണിതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
ആരാധനാലയങ്ങളിലെ നിക്ഷേപങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിക്കണം. ചില്ലറകളുടെ ലഭ്യത വര്‍ധിപ്പിക്കാനും ബാങ്കുകളുടെ മേലുള്ള അധിക സമ്മര്‍ദം ഒഴിവാക്കുന്നതിനുമാണിത്. അസാധുവായ നോട്ടുകള്‍ മാറ്റുന്നതിനും ശേഖരിക്കുന്നതിനുമായി കര്‍മസേനയെ നിയോഗിക്കും. കള്ളനോട്ടുകള്‍ കലര്‍ത്തി ഇടപാട് നടത്തുന്നത് നിരീക്ഷിക്കാനും കര്‍മസേനയെ ചുമതലപ്പെടുത്തും. നോട്ട് പിന്‍വലിച്ച പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പും വിലക്കയറ്റവും നിരീക്ഷിക്കും.
നോട്ട് കൈമാറ്റത്തെക്കുറിച്ചും മറ്റും സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ഥാപനങ്ങള്‍ പണിമുടക്കിലേക്കു നീങ്ങുന്നതായും പ്രക്ഷോഭസാധ്യതയുള്ളതായും വാര്‍ത്തകള്‍ കാണുന്നു. അത്തരം പ്രവണതകള്‍ നിലവിലില്ല. ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ല. ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. പഴയ നോട്ടുകള്‍ സ്വീകരിക്കാത്ത ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയാല്‍ നടപടി സ്വീകരിക്കും. ആവശ്യത്തിന് നോട്ടുകള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ കൈയിലുണ്ടെന്നും സാമ്പത്തികകാര്യ സെക്രട്ടറി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക