|    Dec 10 Sat, 2016 10:30 am

നോട്ട് മാറാന്‍ ഇന്നലെയും വന്‍ തിരക്ക്; എടിഎമ്മുകള്‍ അടഞ്ഞുതന്നെ

Published : 12th November 2016 | Posted By: SMR

കാസര്‍കോട്: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും അസാധുവാക്കിയ നോട്ടുകള്‍ മാറ്റാന്‍ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും ഇന്നലെയും വന്‍ തിരക്ക് അനുഭവപ്പെട്ടു. അതിരാവിലെ മുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ ബാങ്കുകള്‍ക്കു മുന്നില്‍ കാത്തുനിന്നു. എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇന്നലെ രാവിലെ മുതല്‍ സൗകര്യമൊരുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും നഗരപ്രദേശങ്ങളില്‍ മിക്ക എടിഎം കൗണ്ടറുകളും തുറന്നില്ല. പ്രവര്‍ത്തിച്ച എടിഎം കൗണ്ടറുകളില്‍ പോലും മണിക്കൂറുകള്‍ക്കകം പണം തീര്‍ന്നു. എടിഎമ്മുകളില്‍ പണം നിക്ഷേപിക്കാന്‍ ബാങ്കുകള്‍ പുറംകരാര്‍ നല്‍കിയ എടിഎം കൗണ്ടറുകള്‍ ഇന്നലെ തുറന്നതേയില്ല. പണം പിന്‍വലിക്കാന്‍ വാഹനങ്ങളിലെത്തിയവരുടെ തിരക്കുകാരണം കാസര്‍കോട് ബാങ്ക് റോഡില്‍ രാവിലെ മുതല്‍ തന്നെ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകളില്‍ ഇടപാടുകാരുടെ തിരക്ക് കാരണം ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു. ബാങ്കുകളില്‍ എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ തിരക്ക് നിയന്ത്രിക്കാന് രണ്ടും മൂന്നും പോലിസുകാരെ നിയോഗിച്ചെങ്കിലും തിരക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ല. പോസ്റ്റ് ഓഫിസുകളില്‍ രാവിലെ മുതല്‍ ക്യൂ നിന്നവര്‍ക്ക് പോലും പണം മാറി ലഭിച്ചില്ല. കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസില്‍ പണം ഉച്ചവരെ ക്യൂ നിന്നവര്‍ക്ക് നല്‍കാന്‍ പോലും തികഞ്ഞില്ല. ഇതിനിടെ അത്യാവശ്യക്കാര്‍ 500 രൂപയുടെ അസാധുവായ നോട്ടുകള്‍ 300 രൂപയ്ക്ക് വില്‍പന നടത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ബാങ്കുകളില്‍ പണം നിക്ഷേപിക്കാനെത്തുന്നവരുടെ പണം തിരക്കിനിടയില്‍ തട്ടിപ്പറിക്കുന്നതും പതിവായിട്ടുണ്ട്. ജനങ്ങളുടെ കൈയില്‍ പണമില്ലാത്തതിനാല്‍ പല കച്ചവടസ്ഥാപനങ്ങളും തുറന്നില്ല. ജ്വല്ലറി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പലയിടത്തും അടഞ്ഞുകിടന്നു. സ്വകാര്യാശുപത്രിയില്‍ അസാധുവായ നോട്ടുകള്‍ സ്വീകരിക്കാത്തതിനാല്‍ രോഗികളുടെ ബന്ധുക്കള്‍ ഏറെ ബുദ്ധിമുട്ടി. ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും നിന്നും അപേക്ഷ ഫോം പൂരിപ്പിച്ചു നല്‍കുന്നതിന് നിരക്ഷരരായ ആളുകളില്‍ നിന്നും 30ഉം 40ഉം രൂപ വാങ്ങുന്നതായും പരാതിയുണ്ട്. ചില്ലറ നല്‍കാനില്ലാത്തതിനാല്‍ ഹോട്ടലുകളിലും കച്ചവടം മന്ദഗതിയിലായിരുന്നു. കാഞ്ഞങ്ങാട് നഗരത്തിലെ എടിഎമ്മുകളിലും ബാങ്കുകളിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഗ്യാസ് ഏജന്‍സികളും പാല്‍ ഏജന്‍സികളും 500ന്റെയും 1000ന്റെയും നോട്ടുകള്‍ സ്വീകരിക്കാന്‍ തയ്യാറാവാത്തത് മൂലം പാചക വാതക പ്രതിസന്ധിയും രൂക്ഷമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day