|    Dec 5 Mon, 2016 9:57 am
FLASH NEWS

നോട്ട് പ്രതിസന്ധി: കൗണ്‍സില്‍ യോഗത്തിലും പ്രതിഷേധമിരമ്പി

Published : 19th November 2016 | Posted By: SMR

തിരുവനന്തപുരം: ജനങ്ങള്‍ നേരിടുന്ന നോട്ട് പ്രതിസന്ധി നഗരസഭാ കൗണ്‍സില്‍ യോഗത്തിലും അലയടിച്ചു. അപ്രതീക്ഷിതമായി 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിലൂടെ രാജ്യം സാമ്പത്തിക അനിശ്ചിതത്വത്തിലേക്കു നീങ്ങുകയാണെന്നും ഇതു ജനതയോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും ചൂണ്ടിക്കാട്ടി ഭരണപക്ഷം കൊണ്ടുവന്ന ഔദ്യോഗിക പ്രമേയ ചര്‍ച്ചയാണു കേന്ദ്രസര്‍ക്കാരിനെതിരേ കൗണ്‍സിലര്‍മാര്‍ ആയുധമാക്കിയത്. വ്യക്തമായ മുന്‍കരുതല്‍ ഇല്ലാതെയാണു കേന്ദ്രസര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ചതെന്ന് ഔദ്യോഗിക പ്രമേയം അവതരിപ്പിച്ച് മേയര്‍ വി കെ പ്രശാന്ത് പറഞ്ഞു. കള്ളപ്പണക്കാരെയും കള്ളനോട്ടിനെയും ഇല്ലായ്മ ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇപ്രകാരമാണോ അതു ചെയ്യേണ്ടതെന്നു പരിശോധിക്കപ്പെടണം. പണം പിന്‍വലിക്കാന്‍ ബാങ്കുകളുടെ ദാക്ഷിണ്യം കാത്ത് എടിഎം കൗണ്ടറുകള്‍ക്ക് മുന്നില്‍ ജനത്തിന് ക്യൂ നില്‍ക്കേണ്ട ഗതികേടാണ്. റിസര്‍വ് ബാങ്കും കൂടി ചേര്‍ന്ന് സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന തീരുമാനങ്ങളും കൈക്കൊണ്ടിരിക്കുന്നുവെന്നും മേയര്‍ ചൂണ്ടിക്കാട്ടി.  എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് നോട്ട് നിരോധനത്തെ എതിര്‍ത്തപ്പോള്‍ നിരോധനത്തെ അനുകൂലിക്കുന്നതിനു ബിജെപി പല ന്യായവാദങ്ങളുമായി രംഗത്തെത്തി. ഭരണാധികാരിയില്‍ നിന്നു കിട്ടിയ ഇരുട്ടടിയാണ് നോട്ട് പിന്‍വലിക്കലിലൂടെ ഉണ്ടായിരിക്കുന്നതെന്നു യുഡിഎഫില്‍ നിന്ന് പ്രമേയം അവതരിപ്പിച്ച് ബീമാപ്പള്ളി റഷീദ് അഭിപ്രായപ്പെട്ടു. സാധാരണ വോട്ട് ചെയ്യാനാണ് ആളുകള്‍ ക്യൂ നില്‍ക്കുന്നത്. എന്നാലിപ്പോള്‍ നോട്ട് മാറാന്‍ ക്യൂ നില്‍കേണ്ട ഗതികേടിലാണ് ജനം. സഹകരണ മേഖലയെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോട്ട് പിന്‍വലിക്കല്‍ സര്‍വ മേഖലയെയും സ്തംഭിപ്പിച്ചിരിക്കുകയാണെന്നു ഭരണകക്ഷി അംഗം അഡ്വ. ആര്‍ സതീഷ് കുമാര്‍ പറഞ്ഞു. കോര്‍പറേഷനിലെ നികുതി വരുമാനം, ഫീസിനങ്ങള്‍ വഴി കിട്ടുന്ന മറ്റു വരുമാനങ്ങള്‍ എല്ലാം കുറഞ്ഞു. സാധാരണക്കാരായ ജനത്തെ ദുരിതത്തിലാഴ്ത്തിയ തീരുമാനം പിന്‍വലിക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പെട്ടെന്നുണ്ടായ ഉള്‍വിളിയായിരുന്നു നോട്ട് നിരോധനമെന്നായിരുന്നു എല്‍ഡിഎഫ് അംഗം പുഷ്പലതയുടെ പരിഹാസം. ജനങ്ങള്‍ ക്യൂവില്‍ നിന്ന് തളര്‍ന്നപ്പോള്‍ മോദി വിദേശത്തു പോയി പീപ്പി ഊതി രസിക്കുകയായിരുന്നു. കള്ളപ്പണത്തില്‍ നിന്നു രാജ്യത്തെ രക്ഷിക്കാനാണെങ്കില്‍ സാധാരണക്കാര്‍ക്കായി ഒരു ബദല്‍ സംവിധാനം ഒരുക്കേണ്ടിയിരുന്നു. രാജ്യത്തെ 63 കുത്തക സ്ഥാപനങ്ങള്‍ക്കായി 7016 കോടി രൂപയുടെ ലോണുകള്‍ എഴുതിത്തള്ളിയതു പൊതുജനങ്ങളെ അവഹേളിക്കുന്ന നടപടിയാണെന്ന് ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീകുമാര്‍ പറഞ്ഞു. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത സ്ഥാപനങ്ങള്‍ നശിച്ചുപോവട്ടെയെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണു സഹകരണ മേഖലയെ തകര്‍ത്തതില്‍ നിന്നു വ്യക്തമാവുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാതെയാണു തീരുമാനമെടുത്തിട്ടുള്ളത്. കൊടുക്കാന്‍ പണമില്ലാതെ മൃതദേഹം പോലും സംസ്‌കരിക്കാതെ ഫ്രീസറില്‍ സൂക്ഷിക്കേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്കുള്ളത്. സഹകരണ ബാങ്കുകളില്‍ കള്ളപ്പണമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ പാളയം രാജന്‍ ആവശ്യപ്പെട്ടു. നിര്‍മാണ, വാണിജ്യ മേഖലകളെല്ലാം നോട്ട് നിരോധനത്തെ തുടര്‍ന്നു സ്തംഭനത്തിലാണ്. എന്നാല്‍ വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുകയാണെന്നായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. കോണ്‍ഗ്രസ്സിന്റെ അടിത്തറ ഇളകിയതിനാലാണ് എല്‍ഡിഎഫിനെ കൂട്ടുപിടിച്ചിരിക്കുന്നതെന്നു ബിജെപി അംഗം എം ആര്‍ ഗോപന്‍ പറഞ്ഞു. കള്ളപ്പണം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നടപ്പാക്കിയ നയം പൊതുജനം അംഗീകരിച്ചുകഴിഞ്ഞു. നരേന്ദ്രമോദി എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞതിനെയാണു കോണ്‍ഗ്രസ് അംഗങ്ങള്‍ തള്ളിപ്പറയുന്നതെന്നു ബിജെപി കൗണ്‍സിലര്‍ കെ അനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ ആന്റണി അങ്ങനെ പറഞ്ഞിട്ടില്ല എന്ന വാദവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തുവന്നതു ബഹളത്തിനിടയാക്കി.  നോട്ട് നിരോധനത്തിന്റെ അനന്തരഫലമായി മരിച്ച 47 പേര്‍ കള്ളപ്പണക്കാരാണെന്ന് ആര്‍ക്കും അഭിപ്രായമില്ലെന്നും അങ്ങനെ പറയുന്നവരെയാണ് ജനം സംശയത്തോടെ നോക്കുകയെന്നും മേയര്‍ വ്യക്തമാക്കി. നാടിന്റെ നട്ടെല്ലായ സഹകരണ മേഖലയെ നശിപ്പിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ലെന്നും മേയര്‍ അറിയിച്ചു. തുടര്‍ന്ന് ബിജെപിയുടെ എതിര്‍പ്പില്‍ പ്രമേയം വോട്ടിനിട്ട് പാസാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day