|    Dec 5 Mon, 2016 10:07 pm
FLASH NEWS

നോട്ട് പിന്‍വലിക്കല്‍: കേന്ദ്രത്തിന്റെ ആവശ്യം തള്ളി; ഹൈക്കോടതികളിലെ നടപടികള്‍ റദ്ദാക്കാനാവില്ല: സുപ്രിംകോടതി

Published : 24th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ ഹൈക്കോടതികളിലുള്ള കേസുകള്‍ റദ്ദാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ റദ്ദാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ്ജസ്റ്റിസ് ടി എസ് താക്കൂര്‍, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ആ കേസുകളില്‍ വിവിധ വിഷയങ്ങള്‍ ഉണ്ടെന്നും ആളുകള്‍ക്ക് ഹൈക്കോടതികളില്‍ നിന്ന് അടിയന്തര ആശ്വാസം കിട്ടിയേക്കാമെന്നും ബെഞ്ച് നിരീക്ഷിച്ചു.
എല്ലാ കേസുകളും ഡല്‍ഹിയിലെ കോടതിയിലേക്കു മാറ്റണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ആവശ്യം. ഇക്കാര്യം സുപ്രിംകോടതി ഡിസംബര്‍ 2നു പരിഗണിക്കും. വിഷയത്തില്‍ ബന്ധപ്പെട്ട കക്ഷികളുടെ പ്രതികരണം തേടി കോടതി നോട്ടീസ് അയച്ചു. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ടതടക്കം വിവിധ ഹൈക്കോടതികളിലുള്ള ഹരജികളുമായി പരാതിക്കാര്‍ക്ക് മുന്നോട്ടുപോവാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
അതേസമയം, നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ഫലം കണ്ടുതുടങ്ങിയെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നോട്ട് മാറ്റാന്‍ ബാങ്കുകളില്‍ ക്യൂ നില്‍ക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുതുടങ്ങിയെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയില്‍ വ്യക്തമാക്കി. പഴയ നോട്ടുകള്‍ നിക്ഷേപിച്ചതിലൂടെ ബാങ്കുകളില്‍ കൂടുതല്‍ പണമെത്തി. വായ്പകളുടെ പലിശനിരക്കില്‍ കുറവു വന്നു. 88 ബില്യണ്‍ ഡോളറിന്റെ അസാധുനോട്ടുകള്‍ ഇതുവരെ തിരികെ ലഭിച്ചു.
500, 2000 നോട്ടുകള്‍ക്ക് യാതൊരു കുറവുമില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം എന്നാല്‍, ഈ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ തടസ്സമുണ്ടെന്നു കൂട്ടിച്ചേര്‍ത്തു. നോട്ട് പിന്‍വലിച്ചതിനു ശേഷം ഇതുവരെ ആറു ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും  ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ കുതിപ്പുണ്ടായിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day