|    Dec 5 Mon, 2016 10:04 pm
FLASH NEWS

നോട്ട് പിന്‍വലിക്കല്‍; ആദ്യം കൈയടിച്ചവര്‍ തന്നെ വിരല്‍ കടിച്ചുതുടങ്ങി

Published : 12th November 2016 | Posted By: SMR

ഹനീഫ എടക്കാട്

തിരുവനന്തപുരം: 500, 1000 നോട്ട് പിന്‍വലിച്ച മോദി സര്‍ക്കാരിന്റെ നടപടിക്ക് സാമുഹിക മാധ്യമങ്ങളില്‍ ലൈക്കടിച്ചും കമന്റിട്ടും കൈയടിച്ചവര്‍ തന്നെ പ്രത്യാഘാതങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചറിഞ്ഞതോടെ വിരല്‍ കടിക്കാന്‍ തുടങ്ങി. കൈയിലുള്ള 500, 1000രൂപയും മാറി നിത്യച്ചെലവിന് വക കണ്ടെത്താന്‍ മുഴുവന്‍ ബാങ്കുകളിലും നീണ്ട ക്യൂവാണ്. പലരും പണിക്കുപോവാതെയും ഓഫിസില്‍ നിന്ന് ലീവെടുത്തുമാണ് ബാങ്കിന് മുന്നില്‍ വരിനില്‍ക്കുന്നത്. വീട്ടമ്മമാരാവട്ടെ അടുക്കള ജോലിപോലും ചെയ്യാനാവാതെ പൊരിവെയിലത്ത് നില്‍ക്കുന്നു. എടിഎമ്മില്‍ പണം കിട്ടുമെന്ന് പറഞ്ഞ ഇന്നലെ അതും പ്രാവര്‍ത്തികമായില്ല. ചുരുക്കം ചില എടിഎമ്മില്‍ മാത്രമേ പണമുണ്ടായിരുന്നുള്ളൂ. അതുതന്നെ കിട്ടിയത് നേരത്തെയെത്തിയ ഭാഗ്യവാന്മാര്‍ക്കും. പണം മാറാന്‍ മണിക്കൂറുകളോളം ക്യൂനിന്ന്, ബാങ്കിനകത്തേക്കെത്തിയ പലര്‍ക്കും പണം തീര്‍ന്നെന്ന മറുപടിയാണ് കൗണ്ടറില്‍ നിന്ന് ലഭിച്ചത്. 2000 രൂപയുടെ ഒറ്റനോട്ട് കിട്ടിയവര്‍ക്കാവട്ടെ അതു മാറാനുള്ള ബദ്ധപ്പാട് വേറെയും. നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ച രാത്രിയില്‍ ഇത് അറിയാതിരുന്ന ബഹുഭൂരിപക്ഷവും രാവിലെയാണ് പുകില്‍ അറിയുന്നത്. എന്നാല്‍, നോട്ട് പിന്‍വലിച്ച് നാലാം ദിനത്തിലേക്കെത്തുമ്പോള്‍ ജനങ്ങള്‍ ഇതിന്റെ ദുരിതംമുഴുവന്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. കള്ളപ്പണം, കള്ളനോട്ട് എന്നിവയ്ക്ക് തടയിടാനാണെന്ന വാദമായിരുന്നു നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം പലരെയും ആകര്‍ഷിച്ചത്. ഇതില്‍ വീണുപോയവരാണ് മോദിയുടെ നടപടിയെ പുകഴ്ത്തി സാമുഹിക മാധ്യമങ്ങളില്‍ ആദ്യദിനം തന്നെ നിറഞ്ഞതും. എന്നാല്‍, തീരുമാനത്തിന്റെ മറുഭാഗം അനുഭവിച്ചറിയുകയും സാമ്പത്തിക വിദഗ്ധര്‍ ഇതിലെ ബുദ്ധിശൂന്യത വെളിപ്പെടുത്തുകയും ചെയ്ത് രംഗത്തെത്തിയതോടെയാണ് പലര്‍ക്കും നോട്ട് പിന്‍വലിക്കല്‍ തീരുമാനം കേവലം രാഷ്ട്രീയ ഗിമ്മിക്കാണെന്ന് വ്യക്തമായത്.  നോട്ടു പിന്‍വലിക്കലിലൂടെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധരണക്കാരും ഇടത്തട്ടുകാരുമാണ് വലഞ്ഞത്. പണം മാറിക്കിട്ടാന്‍ വരിനില്‍ക്കുന്നവരെ കണ്ടാല്‍തന്നെ മോദിയുടെ തീരുമാനം എത്രത്തോളം പരിഹാസ്യമായിരുന്നുവെന്ന് വ്യക്തമാവും. ചെറുകിടയെന്നോ വന്‍കിടയെന്നോ വ്യത്യാസമില്ലാതെ വ്യാപാരികളുടെ കച്ചവടവും ഗണ്യമായി കുറഞ്ഞു. തട്ടുകടക്കാര്‍ക്കു പോലും തിരിച്ചടി നേരിട്ടു. ഇതുമൂലം കമ്പോളത്തില്‍ എത്രകോടിയുടെ നഷ്ടമുണ്ടായെന്ന് വരുംനാളിലേ വ്യക്തമാവൂ. ബിവറേജസില്‍ വരിനില്‍ക്കുന്നതും സൗജന്യ ഡാറ്റ നല്‍കുന്ന സിമ്മിന് ക്യൂനില്‍ക്കുമ്പോഴുന്നുമില്ലാത്ത ബുദ്ധിമുട്ട് ഇപ്പോള്‍ മാത്രമെന്തിനെന്നാണ് സംഘപരിവാരവും മോദിഫാന്‍സും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍, കൈയിലുള്ള അസാധുവായ നോട്ട് മാറികിട്ടാന്‍ ക്യൂനില്‍ക്കാതെ ഒരു പൗരന് എന്ത് ചെയ്യാന്‍ കഴിയുമെന്ന ചോദ്യത്തിനൊന്നും ഇവര്‍ക്കുത്തരമില്ല. കൈക്കുഞ്ഞുമായി രാവിലെ മുതല്‍ വൈകീട്ടുവരെ ഒരു വീട്ടമ്മയ്ക്കും ബിവറേജിന്റെ മുന്നില്‍ വരിനല്‍ക്കേണ്ടി വന്നിട്ടില്ല. മോദിയുടെ തീരുമാനം തെറ്റിപ്പോയെന്ന് അദ്ദേഹത്തെ ട്വിറ്ററില്‍ പിന്തുടര്‍ന്ന ലക്ഷംപേര്‍ വിട്ടുപോയതിലൂടെ തെളിയുകയാണ്. ആദ്യദിനം അനുകൂലിച്ചുള്ള പോസ്റ്റും കമന്റുമായിരുന്നു സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞതെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിഹാസവും വിമര്‍ശനവുമായിരുന്നു കൂടുതലെന്നതും പ്രഖ്യാപനം ജനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് വ്യക്തമാക്കുകയാണ്. കൂടാതെ, ബിജെപി ബംഗാള്‍ ഘടകം ഇന്ത്യന്‍ ബാങ്കില്‍ ഒരുകോടി നിക്ഷേപിച്ച വാര്‍ത്ത ഇപ്പോള്‍ പുറത്തായിട്ടുണ്ട്. മാത്രവുമല്ല, 500, 1000വും പിന്‍വലിക്കുമെന്ന വാര്‍ത്ത മാസങ്ങള്‍ക്കു മുമ്പ് ഗുജറാത്തിലെ ഒരു പ്രാദേശിക പത്രത്തില്‍ വരികയും ചെയ്തിട്ടുണ്ട്. ഇതൊക്കെ കൂട്ടിവായിക്കുമ്പോള്‍, പ്രഖ്യാപനത്തിലപ്പുറം മറ്റു വല്ല രാഷ്ട്രീയ ലക്ഷ്യമാണോ തീരുമാനത്തിന് പിന്നിലെന്ന സംശയമുയരുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day