|    Dec 11 Sun, 2016 7:40 am

നോട്ട് നിരോധനത്തില്‍ പ്രതിഷേധ പെരുമഴ കവലകള്‍ മുതല്‍ കാംപസുകള്‍ വരെ

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം. കവലകള്‍ മുതല്‍ കാംപസുകളില്‍ വരെ പ്രതിഷേധം അലയടിക്കുകയാണ്. രാഷ്ട്രീയ-യുവജന സംഘടനകള്‍ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം റീജ്യനല്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധവുമായെത്തി.
നോട്ടുകള്‍ പിന്‍വലിച്ച് ഏഴാംദിനം പിന്നിടുമ്പോഴും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. സിപിഐയുടെ നേതൃത്വത്തില്‍ ആര്‍ബിഐ റീജ്യനല്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ബിജെപിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് സഹകരണസ്ഥാപനങ്ങളെ തകര്‍ക്കാനാണു ശ്രമിക്കുന്നതെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോപിച്ചു. കൊച്ചിയില്‍ ആര്‍ബിഐയിലേക്കും മറ്റു ജില്ലകളില്‍ എസ്ബിഐയുടെ ഓഫിസുകളിലേക്കും സിപിഐ മാര്‍ച്ച് നടത്തി. തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകരും റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം റീജ്യനല്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധവുമായെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലവും എസ്ഡിപിഐ പ്രവര്‍ത്തകര്‍ കത്തിച്ചു. സംസ്ഥാനവ്യാപകമായി മണ്ഡലം, ബ്രാഞ്ച് തലങ്ങളില്‍ ദേശസാല്‍കൃത ബാങ്കുകള്‍ക്കു മുന്നിലും എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും മോദിയുടെ കോലം കത്തിക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം റീജ്യനല്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചു. പ്രവേശനകവാടത്തിലും സുരക്ഷാവേലിയിലും പ്രവര്‍ത്തകര്‍ കരിങ്കൊടി കെട്ടി.
കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിലേക്കും ആദായനികുതി ഓഫിസിലേക്കും വിവിധ സംഘടനകള്‍ പ്രതിഷേധവുമായെത്തി. നോട്ടുകള്‍ പിന്‍വലിച്ചതോടെ രാജ്യത്തുണ്ടായ സാമ്പത്തിക അടിയന്തരാവസ്ഥയ്‌ക്കെതിരേ ഇന്ന് എസ്എഫ്‌ഐ സംസ്ഥാനവ്യാപകമായി മുഴുവന്‍ കാംപസുകളിലും ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധസദസ്സുകള്‍ സംഘടിപ്പിക്കും. ഏരിയാ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കും. ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാളെ റിസര്‍വ് ബാങ്കിന് മുന്നിലേക്ക് സിപിഎം മാര്‍ച്ച് സംഘടിപ്പിക്കും. അന്നേദിവസം എല്ലാ ലോക്കല്‍ കേന്ദ്രത്തിലും സായാഹ്നധര്‍ണയും സംഘടിപ്പിക്കുമെന്ന് സിപിഎം വ്യക്തമാക്കി.
യാതൊരു മുന്നൊരുക്കവുമില്ലാതെ 500, 1000 നോട്ടുകള്‍ അസാധുവാക്കി സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ യുഡിഎഫ് കരിദിനം ആചരിക്കും. യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും അന്നു കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. തിരുവനന്തപുരത്ത് ഏജീസ് ഓഫിസിനു മുന്നില്‍ യുഡിഎഫ് നേതൃത്വത്തി ല്‍ കൂട്ടധര്‍ണയും സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി ഇന്നു കരിദിനമാചരിക്കും.
സഹകരണമേഖലയിലെ ഹര്‍ത്താലിനൊപ്പമാണ് കരിദിനവും. മുന്‍കരുതലുകളില്ലാതെ കറന്‍സികള്‍ പിന്‍വലിച്ചത് വ്യാപാരമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി വ്യാപാരി വ്യവസായി സമിതി അധ്യക്ഷന്‍ വി കെ സി മമ്മദ് കോയ ആരോപിച്ചു. സഹകരണമേഖലയിലും ഇന്നു ഹര്‍ത്താല്‍ നടക്കും. സഹകരണമേഖലയെ നശിപ്പിക്കാനുള്ള നടപടികളാണ് ആര്‍ബിഐ സ്വീകരിക്കുന്നതെന്ന് സഹകരണ ഫെഡറേഷന്‍ അധ്യക്ഷന്‍ സി എന്‍ വിജയകൃഷ്ണന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക