|    Dec 9 Fri, 2016 3:09 pm
FLASH NEWS

നോട്ട് നിരോധനം; ദുരിതം തീരാതെ പതിനാറാം നാള്‍

Published : 24th November 2016 | Posted By: SMR

കോഴിക്കോട്  നോട്ട് നിരോധനം 16ാം ദിവസത്തിലേക്ക് കടന്നിട്ടും ജനങ്ങളുടെ ദുരിതം തീരൂന്നില്ല. ആവശ്യത്തിന് പണമില്ലാതെ ജനത്തിന്റെ നെട്ടോട്ടം തുടരുകയാണ്. പല എടിഎമ്മുകളിലും 2000ത്തിന്റെ നോട്ടുകള്‍ മാത്രമേയുള്ളു. ഇത് മാറിക്കിട്ടാന്‍ പണമെടുക്കാന്‍ വരിനില്‍ക്കുന്നതിനേക്കാള്‍ പ്രയാസമാണെന്നത് ദുരിതത്തിന്റെ തീവ്രത വര്‍ധിപ്പിക്കുകയാണ്. ബാങ്കുകളില്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ എത്തുന്നവരുടെ തിരക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, എടിഎമ്മിന് മുന്നിലെ നീണ്ട നിരയ്ക്ക് വലിയ മാറ്റം വന്നിട്ടില്ല. എടിഎമ്മുകളില്‍ പലതിന്റെയും ഷട്ടറുകള്‍ ഏറെ നേരവും അടഞ്ഞുകിടക്കുകയാണ്. നഗരത്തില്‍ വളരെ കുറച്ചു എടിഎം കൗണ്ടറുകളില്‍ മാത്രമേ ആവശ്യത്തിന് പണമുള്ളു. അത് തന്നെ രാവിലെ പത്ത് മണിക്ക് ശേഷമാണ് പ്രവര്‍ത്തനക്ഷമമാവുന്നത്. ഗ്രാമപ്രദേശങ്ങളില്‍ വളരെ കുറച്ച് എടിഎമ്മുകളാണുള്ളത്. അവ അധിക നേരവും അടഞ്ഞുകിടക്കുകയാണ്. അതിനാല്‍ ഗ്രാമങ്ങളില്‍ നിന്നു പണം പിന്‍വലിക്കാന്‍ നഗരങ്ങളിലേക്ക് വരേണ്ട ഗതികേടിലാണ് ആളുകള്‍. മാനാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ എടിഎമ്മിനു മുന്നില്‍ നോട്ട് നിരോധനത്തിന്റെ പിറ്റേന്ന് മുതല്‍ തുടങ്ങിയ നീണ്ട നിര ഇന്നലെയും വലിയ മാറ്റമില്ലാതെ തുടര്‍ന്നു. ക്രൗണ്‍ തിയേറ്ററിനു സമീപത്ത് യുനിയന്‍ ബാങ്ക് എടിഎം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും 2000ത്തിന്റെ നോട്ട് മാത്രമാണ് ഇവിടെയുള്ളത്. 2000ത്തിന് ചില്ലറ കിട്ടാന്‍ ബുദ്ധിമുട്ടായതിനാല്‍ ഇവിടെ നിന്ന് പണമെടുക്കാന്‍ ആളുകള്‍ മടിക്കുകയാണ്. പല എടിഎമ്മുകള്‍ക്കു മുമ്പിലും വരി നിന്ന് അവസാന നിമിഷം പണം തീര്‍ന്നുപോവുന്ന അവസ്ഥയ്ക്ക് പതിനാറാം ദിനത്തിലും മാറ്റമില്ല. സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മിലും കോപറേഷന്‍ ബാ—ങ്ക് എടിഎമ്മിലും ചൊവ്വാഴ്ച 500ന്റെ നോട്ടുണ്ടായിരുന്നെങ്കിലും വളരെ പെട്ടെന്ന് തീര്‍ന്നുപോയി. ഇന്നലെ 500ന്റെ നോട്ടെത്തുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ ഏറെ നേരം ഇവിടെ കാത്തിരുന്നു. ഇവിടത്തെ കാത്തിരിപ്പും നൂറിന്റെ നോട്ടുള്ള എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലെ നീണ്ട നിരയും നഗരത്തിലെ ചില്ലറ ക്ഷാമത്തിന്റെ രൂക്ഷതയാണ് വെളിവാക്കുന്നത്. അതേസമയം, പാളയത്തെ സ്റ്റേറ്റ് ബാങ്ക് എടിഎമ്മില്‍ ഇന്നലെ നൂറിന്റെ നോട്ടുകള്‍ ലഭിച്ചത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി. നടക്കാവിലെ കനറാ ബാങ്ക്് എടിഎമ്മില്‍ 500ന്റെ നോട്ടും ലഭ്യമായിരുന്നു. ബാങ്കുകള്‍ക്ക് 100 രൂപ നോട്ടുകള്‍ വേണ്ടത്ര കിട്ടാത്തതാണ് എംടിഎം കൗണ്ടറുകളില്‍ 100 രൂപ നിറയ്ക്കാന്‍ തടസ്സമാവുന്നത്. പണം പിന്‍വലിച്ചവര്‍ തന്നെ വീണ്ടും വീണ്ടും പിന്‍വലിക്കാനെത്തുന്നതാണ് തിരക്ക് വര്‍ധിക്കാനുള്ള പ്രധാന കാരണമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. നോട്ടുകള്‍ പിന്‍വലിച്ച് 16 ദിവസം പിന്നിട്ടിട്ടും പ്രതിസന്ധി മറികടക്കാന്‍ വേണ്ടത്ര 100ന്റെയും 500ന്റെയും നോട്ടുകള്‍ ജില്ലയിലെ ഒരു ബാങ്കിലും എത്തിയിട്ടില്ല. പുതിയ 2000 രൂപയുടെ നോട്ട് ചില്ലറയാക്കാന്‍ പ്രയാസപ്പെടുന്നത് വ്യാപാര രംഗത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പല കടകളിലും വ്യാപാരികള്‍ ഉപഭോക്താക്കളെ മടക്കി അയക്കുകയാണ്. പണം കൊടുക്കാന്‍ കഴിയാത്തതു മൂലം സ്റ്റോക്കെടുക്കാനും വ്യാപാരികള്‍ മടിക്കുന്നു. അതിനാല്‍ മൊത്തക്കച്ചവട രംഗത്തും മാന്ദ്യം തുടരുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day