|    Dec 4 Sun, 2016 1:42 pm

നോട്ട് നിരോധനം: ഉംറ തീര്‍ത്ഥാടകരും പ്രതിസന്ധിയില്‍

Published : 21st November 2016 | Posted By: SMR

നിഷ ദിലീപ്

കൊച്ചി: നോട്ട് പ്രതിസന്ധി 10ാം ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ഉംറ തീര്‍ത്ഥാടകരും പ്രതിസന്ധിയില്‍. വിസ, ടിക്കറ്റ്, താമസം, ഭക്ഷണ—മടക്കം ഏകദേശം 60,000 രൂപയാണ് ഒരാള്‍ക്കു വേണ്ടത്. യാത്ര പുറപ്പെടുന്നതിന് 10 ദിവസം മുമ്പ് നടത്തുന്ന ഓറിയന്റേഷന്‍ ക്യാംപിന് എത്തുമ്പോള്‍ ഈ പണം ഏജന്‍സികള്‍ക്കു നല്‍കണം. 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതോടെ അടുത്ത ദിവസങ്ങളില്‍ യാത്ര പുറപ്പെടേണ്ടിയിരുന്ന തീര്‍ത്ഥാടകര്‍ വെട്ടിലായി. പണം പിന്‍വലിക്കുന്നതിന് ബാങ്കുകള്‍ നിയന്ത്രണമേര്‍പ്പെടുത്തിയതും പണം മാറ്റിയെടുക്കുന്നതിന് പരിധിവച്ചതുമാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്.
24നു യാത്ര നിശ്ചയിച്ചിരിക്കുന്ന 500ഓളം തീര്‍ത്ഥാടകരെയാണ് നോട്ട് പിന്‍വലിക്കല്‍ സാരമായി ബാധിച്ചത്. പണമടയ്ക്കാന്‍ ആര്‍ക്കും സാധിക്കാതായതോടെ ചെക്കുകള്‍ സ്വീകരിച്ചാണ് പല ഏജന്‍സികളും പ്രതിസന്ധി മറികടന്നതെന്ന് കോഴിക്കോട്ടെ ഇസ്‌ലാഹി ഹജ്ജ് ആന്റ് ഉംറ സര്‍വീസിലെ സിദ്ദീഖ് പറഞ്ഞു. ഉംറ തീര്‍ത്ഥാടകരില്‍ അധികവും സ്ത്രീകളും സാധാരണക്കാരുമായതിനാല്‍ പലപ്പോഴായി സ്വരൂപിച്ച തുകയും സ്വര്‍ണവും മറ്റും വിറ്റുമാണ് ഉംറയ്ക്കായി പണം കണ്ടെത്തുന്നത്. പലരും 500ന്റെയും 1000ന്റെയും നോട്ടുകള്‍ കൂട്ടിവച്ച് സമയമാവുമ്പോള്‍ ഏജന്റിനെ ഏല്‍പിക്കുകയാണ് പതിവ്.
എന്നാല്‍, ഇത്തരത്തില്‍ സ്വരൂപിച്ച പണം മുഴുവന്‍ അസാധുവായ നോട്ടുകളായതോടെ ഏജന്‍സികളില്‍ അടയ്ക്കാനോ മാറ്റിയെടുക്കാനോ കഴിയാത്ത അവസ്ഥയിലാണ് തീര്‍ത്ഥാടകര്‍. ബാങ്കില്‍ വരിനിന്ന് നോട്ടുകള്‍ മാറ്റിയെടുത്താലും പണമടയ്‌ക്കേണ്ട സമയത്തിനുള്ളില്‍ മുഴുവന്‍ നോട്ടുകളും മാറ്റിയെടുക്കാനോ അക്കൗണ്ടില്‍ നിക്ഷേപിച്ച ശേഷം പിന്‍വലിക്കാനോ കഴിയില്ല. ചിലര്‍  പരിചയക്കാര്‍ക്ക് അസാധു നോട്ടുകള്‍ നല്‍കി പുതിയ നോട്ടുകള്‍ സ്വരൂപിക്കാന്‍ ശ്രമിച്ചെങ്കിലും പുതിയ നോട്ടിന്റെ ദൗര്‍ലഭ്യം മൂലം അതും നടന്നില്ല. എയര്‍ലൈന്‍സുകള്‍ ചെക്കുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതാണ് പ്രതിസന്ധി ലഘൂകരിച്ചതെന്നും എന്നുവരെ ചെക്ക് സ്വീകരിക്കുന്നത് തുടരുമെന്നു വ്യക്തമല്ലെന്നും ഏജന്‍സികള്‍ പറയുന്നു.
വിസയ്ക്കും യാത്രാച്ചെലവിനും വേണ്ട പണമൊക്കെ ഇതിനോടകം മുന്‍കൂറായി അടച്ച ഏജന്‍സികളാവട്ടെ യാത്ര മുടങ്ങിയാല്‍ ലക്ഷങ്ങള്‍ നഷ്ടമാവുമെന്ന ഭയത്തിലുമാണ്. അതിനിടെ, യാത്ര കഴിഞ്ഞ് തിരിച്ചെത്തിയശേഷം പണം നല്‍കിയാല്‍ മതിയെന്ന് പരിചയക്കാരോട് ചില ഏജന്‍സികള്‍  പറയുന്നുണ്ടെങ്കിലും ആത്മീയയാത്രയായതിനാല്‍ കടം വേണ്ടെന്നും ചെലവ് മുഴുവനും നല്‍കി പോവണമെന്നുമുള്ള നിലപാടിലാണ് തീര്‍ത്ഥാടകര്‍. സംസ്ഥാനത്തുനിന്ന് കാല്‍ ലക്ഷത്തോളം പേരാണ് ഇത്തവണ ഉംറയ്ക്ക് പോവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day