|    Dec 9 Fri, 2016 5:06 pm
FLASH NEWS

നോട്ട് അസാധുവാക്കല്‍: രാജ്യസഭ പ്രക്ഷുബ്ധം

Published : 17th November 2016 | Posted By: SMR

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ച് സാധാരണക്കാരെ ബാങ്കുകള്‍ക്കു മുമ്പില്‍ വരി നിര്‍ത്തി കഷ്ടപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചും രാജ്യസഭയില്‍ പ്രതിപക്ഷം. ആരോപണങ്ങള്‍ക്കു മറുപടി നല്‍കിയും നോട്ട് അസാധുവാക്കിയതിനെ ന്യായീകരിച്ചും ഭരണപക്ഷ നിരയും വാദപ്രതിവാദങ്ങളുമായി എഴുന്നേറ്റതോടെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ആദ്യദിവസം തന്നെ രാജ്യസഭ പ്രക്ഷുബ്ധമായി. വൈകീട്ട് ആറു വരെ ചര്‍ച്ച നീണ്ടു. ഇതോടെ ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്നും ഇന്നു വീണ്ടും തുടരുമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ അറിയിച്ചു.
നോട്ട് പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ രഹസ്യമായി വിവരം ചോര്‍ത്തിയെന്നും ബിജെപി ഘടകങ്ങള്‍ വന്‍തോതില്‍ നേട്ടമുണ്ടാക്കിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സഭ ചേര്‍ന്നയുടന്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയാണ് ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ വരിയില്‍ നില്‍ക്കുമ്പോള്‍ അധിക്ഷേപിച്ചു സംസാരിച്ച പ്രധാനമന്ത്രി മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നോട്ട് പിന്‍വലിച്ച നടപടി രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്ക് സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ ഇനിയും മനസ്സിലാക്കാനായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആരോപിച്ചു. മോദിക്കു പ്രതിപക്ഷത്തിന്റെ വികാരം മനസ്സിലാക്കാനോ പരിഹാരം നിര്‍ദേശിക്കാനോ സാധിക്കുന്നില്ല. അങ്ങനെയെങ്കില്‍ ഈ വിഷയത്തിന് എളുപ്പത്തില്‍ പരിഹാരമുണ്ടാവുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചയ്ക്കുശേഷമെങ്കിലും പ്രധാനമന്ത്രി സഭയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഗുലാംനബി പറഞ്ഞു.
പ്രതിപക്ഷത്തെ വിമര്‍ശിച്ചും സര്‍ക്കാരിനെ ന്യായീകരിച്ചും എഴുന്നേറ്റ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയ്ക്ക് സാമ്പത്തികശാസ്ത്രം അറിയില്ലെന്ന് പരിഹസിച്ചു. രാജ്യം മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അഴിമതിക്കാര്‍ അസംതൃപ്തരായതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല. ആദ്യമായാണ് രാജ്യത്ത് സത്യസന്ധര്‍ ആദരിക്കപ്പെടുകയും അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. സര്‍ക്കാര്‍ നടപടിയിലൂടെ ഭീകരവാദികളുടെ ഫണ്ടുകള്‍ ഇല്ലാതായെന്ന് കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു അവകാശപ്പെട്ടു.
എന്നാല്‍, മന്ത്രി സംസാരിക്കുന്നതിനിടെ ബിഎസ്പി നേതാവ് മായാവതി എഴുന്നേറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സഭയില്‍ ഏറെ ദുഃഖിതനായാണ് ഇരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി സഭയിലെത്തണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും ബിജെപി അംഗങ്ങളൊട്ടാകെ നിരാശരും ദുഃഖിതരുമാണെന്നും മായാവതി പറഞ്ഞു.
ജെഡിയു നേതാവ് ശരത് യാദവും സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാര്‍ നടപടിയില്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് കേന്ദ്രവും റിസര്‍വ് ബാങ്കും ഉറപ്പുനല്‍കണമെന്ന് എഐഎഡിഎംകെ നേതാവ് നവനീത് കൃഷ്ണന്‍ ആവശ്യപ്പെട്ടു. നോട്ട് പിന്‍വലിച്ചതിലൂടെ രാജ്യത്തെ സാധാരണ കമ്പോളങ്ങളൊട്ടാകെ സ്തംഭിച്ചിരിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് ചൂണ്ടിക്കാട്ടി. സാധാരണ ജനങ്ങളോടൊപ്പം ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലായെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day