|    Dec 2 Fri, 2016 11:31 pm
FLASH NEWS

നോട്ടുനിരോധനം: ഗ്രാമീണ മേഖല സ്തംഭിച്ചു

Published : 21st November 2016 | Posted By: SMR

കണ്ണൂര്‍: നോട്ടുനിരോധനം ഒരാഴ്ച പിന്നിട്ടതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഗ്രാമീണ മേഖല സ്തംഭനാവസ്ഥയിലായി. അപ്രതീക്ഷിതമായി 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടി സര്‍വ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ് കൂലിപ്പണിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍. ദിവസങ്ങള്‍ തള്ളിനീക്കാന്‍ പാടുപെടുകയാണെന്ന് ഇവരെല്ലാം ഒരേസ്വരത്തില്‍ പറയുന്നു. ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും മണിക്കൂറുകള്‍ വരിനില്‍ക്കേണ്ടി വരുന്നതിന്റെ ദുരിതവും വേറെ. ഇതര സംസ്ഥാന തൊഴിലാളികളുടെ അവസ്ഥയും മറ്റൊന്നല്ല. കൂലി നല്‍കാന്‍ കരാറുകാരുടെ കൈയില്‍ പണമില്ലാത്ത അവസ്ഥ സംജാതമായതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിപ്പോവുകയാണ്. അക്കൗണ്ടി ല്‍നിന്ന് പണമെടുക്കുന്നതിലുള്ള നിയന്ത്രണം തുടരുന്നതിനാല്‍ തൊഴിലാളികള്‍ക്കു കൃത്യമായി കൂലി നല്‍കാന്‍ കഴിയുന്നില്ല. ഇതാണു പ്രതിസന്ധിക്കു കാരണം. ഹോട്ടലുകള്‍, വിവിധ ഫാക്ടറികള്‍, വ്യാപാര സ്ഥാപനങ്ങള്‍ അടക്കം ഒട്ടുമിക്ക തൊഴില്‍മേഖലയിലും ഇതരസംസ്ഥാനക്കാര്‍ പണിയെടുക്കുന്നുണ്ട്. ഇവര്‍ കൂട്ടത്തോടെ മടങ്ങിയാല്‍ നിര്‍മാണമേഖല ഉള്‍പ്പെടെയുള്ളവ കടുത്ത പ്രതിസന്ധിയിലാവും. നോട്ട് അസാധുവാക്കല്‍ മൂലം ജില്ലയിലെ ക്ഷീരകര്‍ഷരും ദുരിതത്തിലാണ്. കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആഴ്ചയിലൊരിക്കല്‍ 24000 രൂപ മാത്രമേ പിന്‍വലിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് സാധിക്കൂ. ഇതിനാല്‍ ക്ഷീര കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍ക്കാവുന്നില്ല. ഇതോടെ പശുവിനെ വളര്‍ത്തി ഉപജീവനം കഴിക്കുന്നവര്‍ പണമില്ലാതെ വലയുകയാണ്. സാധാരണ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആണ് ക്ഷീരകര്‍ഷകര്‍ക്ക് പണം നല്‍കുന്നത്. ക്ഷീരസംഘങ്ങളുടെ അക്കൗണ്ടിലേക്കാണ് മില്‍മ കര്‍ഷകരുടെ പണം നല്‍കുന്നത്. പണമനുവദിക്കുന്നതിന് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരം നല്‍കാനാണു കര്‍ഷകര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതിനിടെ, സംസ്ഥാന സര്‍ക്കാര്‍ പണവിനിമയ ചട്ടങ്ങള്‍ ലഘൂകരിച്ചത് സാധാരണക്കാര്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. ഇതുപ്രകാരം എല്ലാതരം നികുതികളും പഴയ നോട്ടില്‍ സ്വീകരിക്കും. വിവിധ തരത്തിലുള്ള നികുതി കുടിശ്ശികകള്‍ ഈ മാസം തന്നെ അടച്ചുതീര്‍ക്കണം.
ആറളത്ത് ആദിവാസികള്‍ ദുരിതത്തില്‍

ഇരിട്ടി: റേഷന്‍ വിതരണം നിലച്ചതിനു പുറമെ 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുക കൂടി ചെയ്തതോടെ ആറളം ഫാം പുനരധിവാസ മേഖലയിലെ ആയിരത്തോളം ആദിവാസി കുടുംബങ്ങള്‍ കടുത്ത ദുരിതത്തിലായി. പഴയ നോട്ടുകള്‍ മാറാന്‍ തൊട്ടടുത്തൊന്നും സംവിധാനമില്ല. പെന്‍ഷനായി ലഭിച്ച തുകപോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഫാമിലെ പലര്‍ക്കും. സാധാരണ കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഇവര്‍ക്ക് വിപണയില്‍നിന്ന് വലിയ വിലകൊടുത്ത് അരി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വാങ്ങാനും സാധ്യമല്ല. തൊഴിലുറപ്പ് പദ്ധതിപ്രകാരം ലഭിക്കേണ്ട കൂലി കിട്ടാത്തതും ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്. റേഷന്‍ സംവിധാനം പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍കാര്‍ഡ് നേരത്തെ ഉടമകള്‍ വിതരണ കേന്ദ്രത്തില്‍ ഏല്‍പിച്ചിരുന്നു. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന വിവരംപോലും ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ല. ഒരു മാസമായി ഇവിടെ റേഷന്‍ വിതരണം അവതാളത്തിലായിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day