|    Dec 8 Thu, 2016 1:20 pm
FLASH NEWS

നോട്ടുകള്‍ മാറിനല്‍കാന്‍ അനുമതിയാവശ്യപ്പെട്ട് സഹകരണ ബാങ്കുകളുടെ ഹരജി; സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

Published : 15th November 2016 | Posted By: SMR

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകള്‍ മാറിനല്‍കാന്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. സെന്‍ട്രല്‍, സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ക്ക് സമാനമായ പരിഗണന ലഭിക്കാന്‍ അര്‍ഹതയുള്ള സ്ഥാപനമാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളൊന്നുമില്ലാത്ത സാധാരണക്കാരുടെ പണം ഇവിടെ നിക്ഷേപമായി ഉള്ള സാഹചര്യത്തില്‍ അവര്‍ക്ക് അത് മാറാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട കല്ലേറ്റുങ്കര സര്‍വീസ് കോ- ഓപറേറ്റീവ് ബാങ്ക് ഉള്‍പ്പെടെയുള്ളവരാണ് ഹരജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്.
ബാങ്കിങ് റെഗുലേഷന്‍ ആക്റ്റ് പ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമായതിനാല്‍ ഹരജിക്കാരുടെ സ്ഥാപനങ്ങളില്‍ ആക്റ്റിന് അനുസൃതമായി നിക്ഷേപം സ്വീകരിക്കലും നിക്ഷേപം മടക്കി നല്‍കലുമുള്‍പ്പെടെയുള്ള ഇടപാടുകള്‍ നടക്കുന്നു. ഇതിനായി ചെക്കും സ്ലിപ്പുകളും ആക്റ്റിന് വിധേയമായി ഉപയോഗിക്കുന്നുണ്ട്. സെന്‍ട്രല്‍, സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ക്ക് സമാനമായ രീതിയിലുള്ള വ്യവസ്ഥകളോടെയാണ് പ്രവര്‍ത്തനം.
എന്നാല്‍ 1000, 500 രൂപകള്‍ അസാധുവാക്കിയ സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി ഈ തുകകള്‍ മാറ്റി നല്‍കാനുള്ള അധികാരം ഇത്തരം സഹകരണ സംഘങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല. ഇത് നിയമപരമായി വിവേചനപരമാണ്.
ബാങ്കിങ് റെഗുലേഷന്‍ ആക്റ്റ്, സഹകരണ സംഘം ആക്റ്റ് എന്നിവ സഹകരണ ബാങ്കുകള്‍ക്കും ബാധകമാണ്. സഹകരണ ബാങ്കുകളുടെ പ്രാഥമിക ലക്ഷ്യമോ പ്രധാന ബിസിനസുമായോ ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായാല്‍ അതില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത് റിസര്‍വ് ബാങ്കാണ്.
അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നതടക്കം ബാങ്കിടപാടുകള്‍ക്ക് അനുമതിയുള്ളതിനാലാണ് ബാങ്ക് എന്ന് വിളിക്കാന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം അനുമതിയുള്ളത്.
അംഗങ്ങള്‍ക്ക് കൃഷിയാവശ്യത്തിനുള്‍പ്പെടെ പണം നല്‍കുന്നതിനാല്‍ ക്രെഡിറ്റ് സൊസൈറ്റികള്‍ക്കും ഈ പദം ഉപയോഗിക്കാം. ബാങ്കുകള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും മാത്രമാണ് ഇപ്പോള്‍ പഴയ നോട്ടുകള്‍ മാറിനല്‍കാന്‍ അധികാരം നല്‍കിയിട്ടുള്ളത്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ഇതിന് അനുമതിയില്ല. ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ആശ്രയമായ ഇത്തരം സംഘങ്ങളെ കൂടി ഈ പരിധിയില്‍പ്പെടുത്തണമെന്നുമാണ് ഹരജിയിലെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day