|    Dec 2 Fri, 2016 11:28 pm
FLASH NEWS

നോട്ടുകള്‍ ഇന്നു മുതല്‍ മാറ്റാനാവില്ല; ബാങ്കില്‍ നിക്ഷേപിക്കാം

Published : 25th November 2016 | Posted By: SMR

indian-currency

ന്യൂഡല്‍ഹി: പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയം നീട്ടിനല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ, പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസരം ഇന്നലെ അര്‍ധരാത്രിയോടെ അവസാനിച്ചു. അതേസമയം, പിന്‍വലിച്ച 500, 1000 നോട്ടുകള്‍ ബാങ്കുകളിലെ അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഇന്നലെ രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.
500, 1000 നോട്ടുകള്‍ ഉപയോഗിച്ച് വൈദ്യുതി-വെള്ളം ബില്ലുകള്‍ ഡിസംബര്‍ 15 വരെ അടയ്ക്കാം. ഈ സൗകര്യം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമേ ലഭ്യമാവൂ. ഡിസംബര്‍ 3 മുതല്‍ 15 വരെ പിന്‍വലിച്ച 500 രൂപ നോട്ടുകള്‍ ഉപയോഗിച്ച് ടോള്‍ അടയ്ക്കാവുന്നതാണ്. ഡിസംബര്‍ 2 വരെ ടോള്‍ അടയ്‌ക്കേണ്ടതില്ല.
ഡിസംബര്‍ 15 വരെ രാജ്യത്തെ പെട്രോള്‍ ബങ്കുകളിലും എല്‍പിജി ഷോപ്പുകളിലും പഴയ 500 നോട്ട് സ്വീകരിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. എന്നാല്‍, പിന്‍വലിച്ച 1000 രൂപ നോട്ടുകള്‍ ഇവിടങ്ങളില്‍ സ്വീകരിക്കില്ല.
വിദേശ പൗരന്‍മാര്‍ക്ക് ആഴ്ചയില്‍ 5000 രൂപ വരെ മാറ്റിയെടുക്കാം. എന്നാല്‍, അവരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചു മാത്രമേ ഇത് അനുവദിക്കുകയുള്ളൂ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലും 2000 രൂപ വരെയുള്ള ഫീസ് അടയ്ക്കാന്‍ പഴയ 500 രൂപ നോട്ട് ഉപയോഗിക്കാം.
സര്‍ക്കാര്‍ കോളജുകളിലെ ഫീസ് അടയ്ക്കാനും 500 രൂപ വരെയുള്ള പ്രീപെയ്ഡ് മൊബൈല്‍ ചാര്‍ജിങിനും കണ്‍സ്യൂമര്‍ സഹകരണ സ്‌റ്റോറുകളില്‍ നിന്ന് ഒരു സമയം 5000 രൂപ വരെ സാധനങ്ങള്‍ വാങ്ങാനും പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 140 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day