|    Dec 4 Sun, 2016 7:47 pm

നോട്ടുകള്‍ അസാധുവാക്കിയത് രാജ്യം അഴിമതിമുക്തമാക്കാന്‍: പ്രധാനമന്ത്രി

Published : 10th November 2016 | Posted By: SMR

ന്യൂഡല്‍ഹി: അഴിമതിമുക്തമായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ വേണ്ടിയാണ് നോട്ടുകള്‍ അസാധുവാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ സ്വാഗതംചെയ്ത് ചലച്ചിത്രരംഗത്തെയും മറ്റു മേഖലകളിലെയും പ്രമുഖര്‍ ട്വിറ്ററിലൂടെ നടത്തിയ കുറിപ്പിന് പ്രതികരണമായാണ് മോദി ഇക്കാര്യം പറഞ്ഞത്.
കരണ്‍ ജോഹര്‍, രജനീകാന്ത്, അജയ് ദേവഗണ്‍, കമല്‍ഹാസന്‍, നാഗാര്‍ജുന, റിതേഷ് ദേശ്മുഖ്, സുഭാഷ്ഗയ്, സിദ്ധാര്‍ഥ് മല്‍ഹോത്ര, ക്രിക്കറ്റ്താരം അനില്‍ കുംബ്‌ളെ, ഹര്‍ഭജന്‍ സിങ,് സൂഫി ഗായകന്‍ കൈലാസ് ഖെര്‍ സിങ് തുടങ്ങിയവരാണ് പ്രധാനമന്ത്രിയുടേത് ധീര നടപടിയാണെന്ന് വിശേഷിപ്പിച്ച് അഭിനന്ദനം രേഖപ്പെടുത്തിയത്. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കിയാല്‍ മാത്രമേ നമുക്ക് പുരോഗതിയിലേക്ക് കുതിക്കുവാന്‍ സാധിക്കുകയുള്ളൂ.
നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന അഴിമതിയും കള്ളപ്പണവും കള്ളനോട്ടും ഉന്‍മൂലനം ചെയ്യാന്‍ ഈ നടപടിയിലൂടെ സാധിക്കും. അഴിമതിമുക്ത ഇന്ത്യക്കുവേണ്ടി എല്ലാവരും ഒരുമിച്ച് നില്‍ക്കണം. മോദി ട്വിറ്ററില്‍ കുറിച്ചു.
അതിനിടെ പുതിയ 500 രൂപയുടെയും 2000 രൂപയുടെയും നോട്ടുകള്‍ വരുന്നതോടെയും ചെറിയ സംഖ്യകളുടെ നോട്ടുകള്‍ കൂടുതല്‍ ബാങ്കിലെത്തുന്നതോടെയും ജനങ്ങള്‍ക്ക് ഇപ്പോള്‍ പണം പിന്‍വലിക്കാനുള്ള വിഷമങ്ങള്‍ തീരുമെന്ന് റവന്യൂ സെക്രട്ടറി ഷഷ്മുഖ് അധിയ പറഞ്ഞു. പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നിക്ഷേപിക്കാവുന്നതാണ്. ബാങ്കില്‍നിന്ന് ഒരു ദിവസം 10,000 രൂപ വരെയും ആഴ്ചയില്‍ 20,000 രൂപവരെയും പിന്‍വലിക്കാന്‍ സാധിക്കും.
എടിഎമ്മുകളില്‍ നിന്ന് ദിനംപ്രതി 2000 രൂപ വരെയും പിന്‍വലിക്കാവുന്നതാണ്. ഈ നിയന്ത്രണം പുതിയ 500, 2000 രൂപ നോട്ടുകള്‍ വ്യാപകമാവുന്നതോടെ പിന്‍വലിക്കുമെന്നും അദ്ദേഹം അറിയിച്ചു. 1978ലാണ് ഇതിനു മുമ്പ് നോട്ടുകള്‍ പിന്‍വലിച്ചത്. അന്ന് രണ്ടുശതമാനം മാത്രം ഇടപാടുകള്‍ നടന്നിരുന്ന 10,000, 5000, 1,000 നോട്ടുകളാണ് പിന്‍വലിച്ചത്.
എന്നാല്‍, ഇപ്പോള്‍ പിന്‍വലിച്ച 500, 1000 രൂപ നോട്ടുകളുപയോഗിച്ചാണ് 85 ശതമാനം ഇടപാടുകളും നടക്കുന്നത്. നോട്ടുകള്‍ അസാധുവാക്കിയ നടപടി കള്ളപ്പണമിടപാടുകാര്‍ക്ക് വന്‍ ആഘാതമായി. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന പണം ബാങ്കിലെത്തുകയും അത് രാജ്യത്തിന്റെ വികസനത്തിന് ഉപയോഗിക്കപ്പെടുകയും ചെയ്യുമെന്നതാണ് ഈ നടപടിയുടെ ഗുണങ്ങളിലൊന്ന്.
രണ്ടാമത്തേത് നേരിട്ടുള്ള പണമിടപാട് ഉപേക്ഷിച്ച് ജനങ്ങള്‍ ബാങ്ക് ക്രഡിറ്റ് കാര്‍ഡിലൂടെയും മറ്റും ഇടപാടുകള്‍ നടത്താന്‍ തയ്യാറാവുമെന്നും അദ്ദേഹം വിശദീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day