|    Dec 4 Sun, 2016 3:40 pm

നോട്ടില്ല; ജനജീവിതം സ്തംഭിക്കുന്നു; പ്രതിസന്ധിക്ക് അയവില്ല

Published : 14th November 2016 | Posted By: SMR

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിതമായി 500, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതും പകരം ആവശ്യത്തിന് ചെറിയ നോട്ടുകള്‍ ലഭിക്കാത്തതും കാരണം രാജ്യത്തും സംസ്ഥാനത്തും ജനജീവിതം സ്തംഭിക്കുന്നു. നോട്ടിനായി അവധിദിനങ്ങളില്‍ പോലും ജനങ്ങള്‍ എടിഎമ്മിന്റെയും ബാങ്കിന്റെയും മുന്നില്‍ വരിനിന്നു വലയുകയാണ്.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ജനങ്ങളും ബാങ്കുകളും അക്ഷരാര്‍ഥത്തില്‍ നരകയാതനയാണ് അനുഭവിക്കുന്നത്. മുമ്പെങ്ങുമില്ലാത്തവിധത്തിലുള്ള സ്തംഭനാവസ്ഥയാണ് രാജ്യത്തു സമസ്ത മേഖലയും നേരിടുന്നത്. രോഗികള്‍ക്ക് ആശുപത്രിയില്‍ പോവാനോ മരുന്നു വാങ്ങാനോ കഴിയുന്നില്ല. ചെറിയ നോട്ടുകള്‍ ലഭ്യമല്ലാത്തതിനാല്‍ യാത്ര ചെയ്യാനോ ഭക്ഷണം കഴിക്കാനോ പോലും പറ്റാത്ത സാഹചര്യമാണ്.
ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച് നാലു ദിനം പിന്നിട്ടിട്ടും ഇതുവരെ ആവശ്യത്തിന് നോട്ടുകള്‍ എത്തിയിട്ടില്ല. 2000 രൂപയുടെ നോട്ടുകള്‍ ജനങ്ങള്‍ ബാങ്കില്‍നിന്നു വാങ്ങാന്‍ മടിക്കുകയാണ്. 2000 രൂപയുടെ നോട്ടുമായി സാധനങ്ങള്‍ വാങ്ങാന്‍ പോയാലോ പെട്രോള്‍ അടിക്കാന്‍ പമ്പില്‍ എത്തിയാലോ ബാക്കി ലഭിക്കാത്തതാണ് കാരണം. 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന പെട്രോള്‍ പമ്പുകള്‍ പോലും സംഘര്‍ഷം ഭയന്ന് രാത്രി 10 മണി കഴിഞ്ഞാല്‍ അടയ്ക്കുകയാണ്. പൊതു അവധിദിനമായിരുന്ന ഇന്നലെയും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും നൂറു രൂപ നോട്ടുകളുടെ കടുത്ത ക്ഷാമം വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചത്. നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫിസുകള്‍ക്കും മുന്നില്‍ ഇന്നലെയും രാവിലെ മുതല്‍ നീണ്ട നിരയായിരുന്നു. പലരും 2000 രൂപ വാങ്ങാന്‍ തയ്യാറാവാതിരുന്നതു കാരണം ഇടപാടുകാരും ബാങ്ക് അധികൃതരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. പല എടിഎമ്മുകളിലും വേഗം പണം തീരുകയും ചെയ്തു. പിന്‍വലിക്കല്‍ പ്രഖ്യാപനത്തിനു മുമ്പ് എത്തിയ 100 രൂപയുടെയും 50 രൂപയുടെയും നോട്ടുകള്‍ ഇനി ബാക്കിയില്ലെന്നാണ് പണം ആവശ്യപ്പെട്ട ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിന്നു ലഭിച്ച മറുപടിയെന്നാണ് അറിയുന്നത്.
പണം നിറച്ച ചുരുക്കം ചില എടിഎമ്മുകള്‍ക്കു മുന്നില്‍ രണ്ടായിരം രൂപയ്ക്കുവേണ്ടി ജനങ്ങള്‍ക്കു വരിനില്‍ക്കേണ്ടിവന്നത് മണിക്കൂറുകളാണ്. ശനിയാഴ്ച രാത്രി തന്നെ മിക്ക എടിഎമ്മുകളിലും പണം തീര്‍ന്നു. ഭൂരിഭാഗം എടിഎമ്മുകളും അടച്ചിട്ടിരിക്കുകയാണ്. ബാങ്ക് ശാഖകളോട് ചേര്‍ന്നുള്ള ഏതാനും എടിഎമ്മുകളില്‍ മാത്രമാണ് പണമുള്ളത്. മിക്കയിടത്തും പണം നിറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തീരുന്ന സാഹചര്യമാണ്.
വരുംദിവസങ്ങളില്‍ നൂറു രൂപ നോട്ടുകള്‍ നിറച്ച് എടിഎമ്മുകള്‍ പ്രവര്‍ത്തനക്ഷമമായില്ലെങ്കില്‍ വലിയ പ്രതിസന്ധിയാവും നേരിടേണ്ടിവരുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day