|    Dec 3 Sat, 2016 11:14 pm
FLASH NEWS

നെല്‍വയല്‍ സംരക്ഷണസമരത്തിന് പിന്നിലെ ദീര്‍ഘവീക്ഷണം പലരും കണ്ടില്ലെന്ന് വിഎസ്

Published : 2nd November 2016 | Posted By: SMR

തിരുവനന്തപുരം: രണ്ടുപതിറ്റാണ്ടിന് മുമ്പ് കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ നെല്‍വയല്‍ സംരക്ഷണസമരത്തിന് പിന്നിലെ മനുഷ്യസ്‌നേഹപരമായ ദീര്‍ഘവീക്ഷണം പലരും കണ്ടില്ലെന്ന് ഭരണപരിഷ്‌കാരകമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. പ്രതിലോമശക്തികളും പല പണ്ഡിതശ്രേഷ്ഠരുംവരെ വെട്ടിനിരത്തല്‍ സമരമെന്ന് പറഞ്ഞ് അതിനെ ആക്ഷേപിക്കുകയായിരുന്നു. ആ സമരത്തിന്റെ ഉദ്ദേശശുദ്ധിയെ കേരളം ഒന്നടങ്കം മാനിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ കുടിവെള്ളം കിട്ടാക്കനിയാവുന്ന ഇന്നത്തെ അവസ്ഥ ഭീകരമാവുമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭയില്‍ കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേര്‍ന്ന പ്രത്യേകസമ്മേളനത്തില്‍ ആശംസാപ്രസംഗം നടത്തുകയായിരുന്നു വിഎസ്. ഐക്യകേരളത്തിന് മുമ്പുള്ള നാളുകള്‍ക്കും കേരളപ്പിറവിയുടെ ധന്യമുഹൂര്‍ത്തത്തിനും പിന്നീട് കേരളം മുന്നേറിയ ചരിത്രത്തിന്റെ കയറ്റിറക്കങ്ങള്‍ക്കും സാക്ഷിയും സഹായിയുമാവാന്‍ അവസരം ലഭിച്ചയാളാണ് താന്‍. കേരളപ്പിറവിക്ക് മുമ്പുള്ള നാളുകളില്‍ ദുരാചാരങ്ങളുടെ വേലിക്കെട്ടുകളും ദുര്‍നീതികളുടെ മുള്‍വഴികളുമായിരുന്നു എങ്ങും. ഒരുപാട് മനുഷ്യരുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും പോരാട്ടങ്ങളുടെയും ഒടുവിലാണ് കേരളപ്പിറവിയുടെ പുലര്‍കാലത്തേക്ക് നാം എത്തിപ്പെട്ടത്. പിന്നീട് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ താങ്ങും തണലുമേറ്റാണ് കേരളം ചരിത്രത്തിന്റെ നേര്‍ക്ക് നെഞ്ചുവിരിച്ചത്. 21ാം നൂറ്റാണ്ടില്‍ വലിയ കുതിപ്പുകളിലേക്ക് തയ്യാറായി നി ല്‍ക്കുന്ന കേരളത്തില്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ ശ്രമിക്കുന്നതും നീതിയും ന്യായവും നടപ്പാക്കാന്‍ ചുമതലപ്പെട്ടവര്‍തന്നെ മാധ്യമങ്ങളെ ആട്ടിയോടിക്കുന്നതും വിരോധാഭാസമാണ്. ഏതെങ്കിലും അഭിഭാഷകരുടെ ദുര്‍വാശിയുടെ പേരില്‍ ജനാധിപത്യത്തിന് കളങ്കമേല്‍പ്പിക്കുന്ന നടപടി ഭൂഷണമല്ല. നമ്മുടെ സഭയിലെ ഒന്നോരണ്ടോ സാമാജികര്‍ മാധ്യമങ്ങളുമായി തര്‍ക്കമുണ്ടാക്കിയാല്‍ അതിന്റെ പേരില്‍ സഭയിലെ പ്രസ്ഗ്യാലറിയിലേക്ക് മാധ്യമപ്രവര്‍ത്തകരെ കയറ്റില്ലെന്ന് തീരുമാനിച്ചാല്‍ എന്തായിരിക്കും അവസ്ഥ. അതുപോലെ അസംബന്ധമല്ലേ ചുരുക്കം ചില അഭിഭാഷകരുടെ കാര്‍ക്കശ്യത്തിന് മുന്നില്‍ നമ്മുടെ നീതിനിര്‍വഹണസംവിധാനത്തിന്റെ വാതിലുകള്‍ പൂര്‍ണമായും കൊട്ടിയടയ്ക്കുന്നത്. കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തിലെ നന്മകള്‍ ഉള്‍ക്കൊണ്ട് ഈ അസംബന്ധപ്രവണത അവസാനിപ്പിക്കാന്‍ ചീഫ് ജസ്റ്റിസും മറ്റ് ന്യായാധിപന്മാരുമടക്കം ബന്ധപ്പെട്ടവരെല്ലാം തയ്യാറാവണം. വഞ്ചി തിരുനക്കര തന്നെയെന്ന അവസ്ഥയില്ലാതാക്കണം. അല്ലെങ്കില്‍ ‘നാളെയുടെ നാണക്കേടെന്ന്’ ചരിത്രം വിലയിരുത്തുന്ന സ്ഥിതിയുണ്ടാവും. ജാതിമത കാര്‍ക്കശ്യങ്ങളുടെ എല്ലാ കാലുഷ്യങ്ങളെയും പൊരുതിപരാജയപ്പെടുത്തിയാണ് നാം സഞ്ചരിച്ച് മുന്നേറിയത്. ഇതിനെ പിന്നോട്ടടിപ്പിക്കാനുള്ള ശ്രമങ്ങള്‍ കാണാതിരുന്നുകൂട. ഏറ്റവുമൊടുവില്‍ കഴിഞ്ഞദിവസം മന്ത്രി കെടി ജലീല്‍ ശബരിമലയിലെത്തിയതുമായി ബന്ധപ്പെട്ട് ചിലരുയര്‍ത്തിയ അസംബന്ധ ആക്ഷേപങ്ങള്‍ ഇതിന് തെളിവാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day