|    Dec 6 Tue, 2016 12:07 am
FLASH NEWS

നെല്‍വയല്‍ നികത്തിയുള്ള വികസനം കേരളത്തിന് ആവശ്യമില്ല: കൃഷിമന്ത്രി

Published : 6th November 2016 | Posted By: SMR

തൊടുപുഴ: നെല്‍വയല്‍ നികത്തിയുള്ള വികസനം കേരളത്തിന് ആവശ്യമില്ലെന്നു കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. അങ്ങനെ ഉണ്ടാവുന്നത് വികസനമല്ല, വരുംതലമുറയോടു ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത ക്രൂരതയാണ്. 10 ലക്ഷം ഹെക്റ്ററുണ്ടായിരുന്ന കേരളത്തിലെ നെല്‍വയല്‍ 1,90,000 ഹെക്റ്ററായി താഴ്ന്നത് ഇത്തരം വികസനങ്ങളുടെ ഫലമാണ്. കേരളം ഇപ്പോള്‍ കൊടുംവരള്‍ച്ചയെ നേരിടുന്നതും ഇതിന്റെ ദുരന്തമാണ്. കൃഷിവകുപ്പും ആത്മയും സംഘടിപ്പിച്ച അഗ്രിടെക് 2016 പച്ചക്കറി വികസനപദ്ധതിയുടെ സംസ്ഥാനതല അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ചുവര്‍ഷം കൊണ്ട് അരലക്ഷം ഹെക്റ്ററില്‍ ജൈവ പച്ചക്കറി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഹോര്‍ട്ടി കോര്‍പ്, വിഎഫ്പിസികെ എന്നിവയുടെ സംവിധാനങ്ങളുപയോഗിച്ച് പച്ചക്കറി കൃഷിക്കായി 52 ആഴ്ച ദൈര്‍ഘ്യമുള്ള ഷെഡ്യൂള്‍ നടപ്പാക്കും. വിപണനത്തിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഏര്‍പ്പെടുത്തും. ഇടുക്കിയെ  പച്ചക്കറികൃഷിയുടെ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. വട്ടവട, കാന്തല്ലൂര്‍ മേഖലയെ പ്രത്യേക കൃഷി സോണായി പ്രഖ്യാപിക്കും. ശീതകാല പച്ചക്കറി ഉള്‍പ്പെടെയുള്ള ഇവിടത്തെ കൃഷി വികസനത്തിനായി സ്‌പെഷ്യല്‍ പാക്കേജ് നടപ്പാക്കും. വിവിധ വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക പുരസ്‌കാരങ്ങള്‍ ലഭിച്ച കെ വി കണ്ണന്‍ (കണ്ണൂര്‍), ബെന്നി മാത്യു (പാലക്കാട്), മേലതില്‍ ബീരാന്‍കുട്ടി, മുഹമ്മദ് മൂപ്പന്‍ (മലപ്പുറം), ചെറുവയല്‍ രാമന്‍ (വയനാട്), നരേന്ദ്രന്‍ കെ (കൊല്ലം), പി കൃഷ്ണന്‍ (പാലക്കാട്) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പി ജെ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജോയ്‌സ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. കൃഷി ഡയറക്ടര്‍ ബിജു പ്രഭാകര്‍, കാര്‍ഷികോല്‍പാദന കമ്മീഷണര്‍ രാജു നാരായണസ്വാമി, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഉഷാകുമാരി പി ജി, ജനപ്രതിനിധികള്‍  പ്രസംഗിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day