|    Dec 5 Mon, 2016 3:58 pm
FLASH NEWS

നെല്ലിയാമ്പതിയിലെ ഏക എടിഎം അടച്ചിട്ട് മൂന്നാഴ്ച

Published : 2nd December 2016 | Posted By: SMR

നെല്ലിയാമ്പതി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി സംഭവിച്ച കറന്‍സി പ്രതിസന്ധി തോട്ടം മേഖലയെ കടുത്ത ദുരിതത്തിലാഴ്ത്തി. ജില്ലയില്‍ ഏക തോട്ടമേഖലയും പാവങ്ങളുടെ ഊട്ടി എന്ന പേരിലറിയപ്പെടുന്ന വിനോദസഞ്ചാരമേഖലയുമാണ് നെല്ലയാമ്പതി. ഇവിടെ ഭൂരിഭാഗം നിവാസികളും തോട്ടംതൊഴിലാളികാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരാണ് ഇവരിലധികവും. തോട്ടം മേഖലയില്‍ നോട്ട് പിന്‍വലിക്കല്‍ കൂടിവന്നതോടെ തൊഴിലാളികള്‍ പണമെടുക്കാന്‍വേണ്ടി നെട്ടോട്ടമോടുകയാണ്.  56ഓളം ചെറുതും വലുതുമായ എസ്റ്റേറ്റിലെ തൊഴിലാളികളും ആദിവാസികളും സര്‍ക്കാര്‍ ജീവനക്കാരും മറ്റും വിനോദസഞ്ചാരികളും പണമിടപാട് നടത്തുവാന്‍ ആശ്രയിക്കുന്ന ഏക സ്ഥാപനമാണ് കൈകാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സിന്‍ഡിക്കേറ്റ് ബാങ്ക്.  ഈ ബാങ്കിന്റെഎടിഎം 8ാംതിയ്യതിക്കുശേഷം ഇന്നേവരെ പ്രവര്‍ത്തിച്ചിട്ടില്ല. ഇതുകാരണം തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. ബാങ്കിലെത്തി പണം എടുക്കണമെങ്കില്‍ പ്രവര്‍ത്തി സമയത്ത് എത്തിച്ചേരണം. പ്രവര്‍ത്തിസമയത്ത് എത്തണമെങ്കില്‍ തൊഴിലാളിക്ക് അന്നത്തെ ജോലിയും 300 രൂപ പ്രതിദിന വരുമാനവും നഷ്ടപ്പെടും. 100 രൂപ ബാങ്കില്‍ ചെന്ന് എടുക്കണമെങ്കില്‍ 300 രൂപ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ നെല്ലിയാമ്പതിയില്‍ സംജാതമായിരിക്കുന്നത്.  കൂടാതെ വേറെ എടിഎമ്മിനെ സമീപിക്കണമെങ്കില്‍ 35 കിലോമീറ്റര്‍ യാത്ര ചെയ്ത് നെന്മാറയിലെത്തണം.  നെന്മാറയിലെത്തണമെങ്കില്‍ വണ്ടികൂലി ഇനത്തില്‍തന്നെ വരാനും തിരിച്ചുപോകുവാനും 70 രൂപ വേണം ഇതോടൊപ്പം ഒരു ദിവസത്തെ ജോലിയും നഷ്ടമാവും. ഈ സാഹചര്യത്തില്‍ കഴിഞ്ഞ 21 ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎം അടിയന്തരമായി പ്രവര്‍ത്തനയോഗ്യമാക്കണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്. കൂടാതെ സര്‍ക്കാര്‍ ജീവനക്കാരും ഓറഞ്ച് ഫാമിലെ തൊഴിലാളികളുടെയും ശമ്പളം ബാങ്ക് മുഖേന ആയതിനാല്‍ നെല്ലിയാമ്പതിയില്‍ അടഞ്ഞുകിടക്കുന്ന ഏക എടിഎം അടിയന്തരമായി തുറന്നുപ്രവര്‍ത്തിക്കാന്‍ നടപടികള്‍ ബന്ധപ്പെട്ട അധികൃതര്‍ കൈകൊള്ളണമെന്ന് കേരള എന്‍ജിഒ ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റ് ജെ ആരോഗ്യം ജോയ്‌സണ്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day