|    Dec 9 Fri, 2016 8:51 pm
FLASH NEWS

നെടുമ്പാശ്ശേരിയില്‍ ഒരു കോടിയുടെ സ്വര്‍ണം പിടിച്ചു

Published : 24th October 2016 | Posted By: SMR

നെടുമ്പാശ്ശേരി: വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ച് ദുബായില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 3.6 കിലോ സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടിച്ചത്. ഏകദേശം ഒരു കോടി രൂപയോളം വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് കമ്മീഷണര്‍ കെ എന്‍ രാഘവന്‍ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ 12.30നു ദുബയില്‍ നിന്നു നെടുമ്പാശ്ശേരി വഴി ചെന്നൈയിലേക്കുള്ള 6-ഇ-072 ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. ടോയ്‌ലറ്റിലെ ക്ലോസറ്റിലെ സൈഡില്‍ ഒട്ടിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന വിമാനങ്ങള്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുമ്പോള്‍ സാധാരണ കസ്റ്റംസ് പരിശോധന നടത്താറുണ്ട്. അത്തരത്തില്‍ നടത്തിയ പരിശോധനയിലാണ്  ടോയ്‌ലറ്റില്‍ സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
ദുബയില്‍ നിന്നു കൊച്ചിയിലേക്ക് സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരന്‍ ക്ലോസറ്റിന്റെ സൈഡില്‍ ആരും കാണാത്ത വിധത്തില്‍ ഒളിപ്പിച്ചുവച്ചതിനു ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പരിശോധനകള്‍ പൂര്‍ത്തീകരിച്ചു പുറത്തേക്കു പോയി. തുടര്‍ന്ന് ചെന്നൈയിലേക്ക് ആഭ്യന്തര സര്‍വീസായി പോകുന്ന ഈ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്നു കയറിയ യാത്രക്കാരന്‍ സ്വര്‍ണം ചെന്നൈയില്‍ എത്തിക്കുന്ന വിധത്തിലായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നതെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.
ജ്വല്ലറികള്‍ക്കു വേണ്ടി ഉന്നത നിലവാരത്തില്‍ പണികഴിപ്പിച്ച നെക്ലേസുകള്‍, മാലകള്‍, കമ്മലുകള്‍, മോതിരങ്ങള്‍ തുടങ്ങിയ ആഭരണങ്ങള്‍ നാലു പായ്ക്കറ്റുകളിലായാണ് ടോയ്‌ലറ്റില്‍ ഒളിപ്പിച്ചിരുന്നത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ആരാണെന്നു കണ്ടെത്തിയിട്ടില്ല. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബിജു തോമസ്, കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ പി ജെ ഡേവിസ്, സൂപ്രണ്ടുമാരായ ടി എം മുഹമ്മദ് ഫായിസ്, അജിത് കുമാര്‍, സിനോയ് കെ മാത്യു, സജു മാത്യു, മരിയ തെരേസ, ഇന്‍സ്‌പെക്ടര്‍മാരായ ഒ എഫ് ജോസ്, ദീപക് കുമാര്‍, വികേഷ് കുമാര്‍, ഗുരുദേവ് പാണ്ഡെ, വീരേന്ദ്ര സിങ് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day