|    Dec 3 Sat, 2016 5:51 am
FLASH NEWS

നീതി സ്റ്റോറിലെ പഴക്കമേറിയ ഭക്ഷ്യോല്‍പന്നങ്ങള്‍ ലേലത്തില്‍ വിറ്റു

Published : 25th November 2016 | Posted By: SMR

തലശ്ശേരി: 2014 വരെ മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍ ധര്‍മ്മടം നീതി സ്റ്റോറില്‍ നിന്ന് കഴിഞ്ഞദിവസം ലേലത്തില്‍ വിറ്റു. മൂന്നു ലക്ഷത്തിലേറെ രൂപ വിലവരുന്ന ഉല്‍പന്നങ്ങള്‍ കേവലം 8,000 രൂപയ്ക്കാണ് ലേലത്തില്‍ പോയത്. ഇങ്ങനെ ലേലത്തില്‍ കിട്ടിയ ഉല്‍പങ്ങള്‍ ധര്‍മ്മടം ജുമാമസ്ജിദ് പരിസരത്ത് ദേശീയപാതയില്‍ വച്ച് വ്യാപകമായി വില്‍പന നടത്തുകയും ചെയ്തു. പാക്കറ്റില്‍ പ്രസിദ്ധീകരിച്ച വിലയുടെ നേര്‍പകുതിയും ചിലതിന് കാല്‍ഭാഗം മാത്രം വില ഈടാക്കിയുമാണ് വില്‍പന നടത്തിയത്. നിരവധി പേര്‍ വിലക്കുറവില്‍ വിറ്റഴിക്കുന്ന ഉല്‍പന്നത്തില്‍ ആകൃഷ്ടരായി വാങ്ങുകയും ചെയ്തു. ഇറച്ചി മസാല, സോപ്പ്, ധാന്യങ്ങള്‍, ക്രീമുകള്‍, മല്ലി, പഞ്ചസാര എന്നിവ ഉള്‍ക്കൊള്ളുന്ന ഉല്‍പന്നങ്ങളാണ് തെരുവോരത്ത് വില്‍പന നടത്തിയത്. ഇറച്ചിമസാല 100 ഗ്രാം പാക്കറ്റിന് 10 രൂപയ്ക്കും ഡിവോണ്‍ കുളിസോപ്പ് 10 രൂപ, വന്‍പയര്‍, പട്ടാണി, തൊവര എന്നിവ കലര്‍ത്തിയ ഒരു കിലോ പാക്കിന് 30 രൂപ നിരക്കിലുമാണ് വില്‍പന ചെയ്തത്. ധര്‍മ്മടത്തെ ഓട്ടോഡ്രൈവര്‍മാര്‍ ഇവരുടെ വീടുകളില്‍ വീട്ടുകാര്‍ വാങ്ങിയ ഭക്ഷ്യോല്‍പന്നങ്ങളുടെ പാക്കറ്റ് ശ്രദ്ധിച്ചപ്പോഴാണ് മൂന്നുവര്‍ഷം പഴക്കമുള്ള ഉല്‍പന്നങ്ങളാണ് വീടുകളില്‍ എത്തിയിട്ടുള്ളതെന്ന് മനസ്സിലാക്കിയത്. ഭക്ഷ്യവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ധര്‍മ്മടത്ത് വഴിയോരകച്ചവടം നടത്തിയവരെ ധര്‍മ്മടം പോലിസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. മൃഗങ്ങള്‍ക്ക്‌പോലും ഉപയോഗിക്കാനാവാത്ത മൂന്ന് വര്‍ഷത്തോളം പഴക്കമുള്ള ഉല്‍പന്നങ്ങള്‍ നീതി സ്റ്റോര്‍ ലേലത്തില്‍ വില്‍പന ചെയ്തത് എങ്ങനെയെന്ന് വ്യക്തമല്ല. എന്നാല്‍ ഉപയോഗശൂന്യമായ ഉല്‍പന്നങ്ങള്‍ ലേലത്തില്‍ ചെറിയ വിലയ്ക്ക് വാങ്ങിയവര്‍ അവ നേര്‍പകുതി വിലയ്ക്ക് പൊതുജനങ്ങള്‍ക്കായി വില്‍പന ചെയ്യുമെന്ന് അറിയാതിരുന്നതും ദുരൂഹമാണ്. ഉല്‍പന്നങ്ങള്‍ പുറത്തേക്ക് ഒഴിവാക്കുമ്പോള്‍ പാക്കറ്റുകള്‍ മുറിച്ചാണ് പുറം തള്ളാറുള്ളത്. എന്നാല്‍ ഇറച്ചിമസാല, സോപ്പ്, ക്രീമുകള്‍ തുടങ്ങിയവ നിര്‍മാണഘട്ടത്തില്‍ അടക്കം ചെയ്ത പായ്ക്കറ്റുകളോടൊപ്പം തന്നെയാണ് ലേലത്തിന് നല്‍കിയതെന്നത് വില്‍പനയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. നീതിസ്റ്റോര്‍ ഡയറക്ടര്‍ ഉപയോഗ്യശൂന്യമായ ഉല്‍പന്നങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതായും അറിയുന്നു. ഇത്തരം ഒരു നിര്‍ദേശത്തെ മറയാക്കി ഉപയോഗ്യശൂന്യമായ ഉല്‍പന്നങ്ങള്‍ ലേലം ചെയ്ത് ചെറിയ തുകയ്ക്ക് കൈമാറിയത് ഭക്ഷ്യസുരക്ഷാനിയമ പ്രകാരം ഗുരുതരമായ കുറ്റമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day