|    Dec 5 Mon, 2016 3:53 am

നീതിന്യായ സംവിധാനം തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു: സുപ്രിംകോടതി

Published : 29th October 2016 | Posted By: SMR

കെ  എ  സലിം

ന്യൂഡല്‍ഹി: രാജ്യത്തെ ഹൈക്കോടതികളില്‍ ജഡ്ജിമാരെ നിയമിക്കാത്ത കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. രാജ്യത്ത് ജുഡീഷ്യല്‍ സംവിധാനം ഇല്ലാതാക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുപ്രിംകോടതി ചോദിച്ചു.
ജഡ്ജിമാരെ നിയമിക്കുന്ന നടപടി വേഗത്തിലാക്കിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫിസിലെയും ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റിലെയും സെക്രട്ടറിമാരെ സമന്‍സയച്ചു വിളിപ്പിക്കുമെന്നും ജസ്റ്റിസ് താക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. കഴിഞ്ഞ ഒമ്പതുമാസമായി നിങ്ങള്‍ പേരുകളുടെ പട്ടികയും വച്ചിരിക്കുകയാണ്. ജഡ്ജിമാരുടെ നിയമനം ഏറ്റവും മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കേണ്ട കാര്യമാണ്. ഇങ്ങനെ പോയാല്‍ ഇക്കാര്യം പരിഗണിക്കാന്‍ കോടതിക്ക് അഞ്ചംഗ ബെഞ്ച് രൂപീകരിക്കേണ്ടിവരും. ജഡ്ജിമാരെ നിയമിക്കുന്ന നടപടി സര്‍ക്കാര്‍ മനപ്പൂര്‍വം തടഞ്ഞുവച്ചിരിക്കുകയാണെന്നും നീതി തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും കോടതി പറഞ്ഞു. ജഡ്ജിമാരില്ലാത്തതിനാല്‍ കര്‍ണാടക ഹൈക്കോടതിയില്‍ കോടതിമുറികളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്.
നാഷനല്‍ ജുഡീഷ്യല്‍ അപോയിന്റ്‌മെന്റ് കമ്മീഷനെ ഭരണഘടനാ ബെഞ്ച് പിരിച്ചുവിട്ട് കൊളീജിയം സംവിധാനം പുനസ്ഥാപിച്ചിട്ട് ഒമ്പതുമാസമായി. ഇക്കാലത്തിനിടയില്‍ ഒന്നും ചെയ്തില്ല. ഈ സംവിധാനം നവീകരിക്കാന്‍ വല്ല പദ്ധതിയുമുണ്ടോ.
ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റിലെ സെക്രട്ടറിമാര്‍ കോടതിയില്‍ നേരിട്ടു ഹാജരാവണമെന്ന് തുടക്കത്തില്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും പിന്നീട് അതു പിന്‍വലിച്ചു. ഒരു ഏറ്റുമുട്ടലിലേക്ക് പോവാന്‍ തങ്ങള്‍ക്കു താല്‍പര്യമില്ലെന്ന് കോടതി പറഞ്ഞു.
നിയമനത്തിനു മുമ്പ് നടപടിക്രമങ്ങളുടെ മാര്‍ഗരേഖ തയ്യാറാക്കുന്ന ജോലി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് മുകുള്‍ റോഹ്തഗി കോടതിയില്‍ വിശദീകരിച്ചു. നടപടിക്രമങ്ങളുടെ മാര്‍ഗരേഖയാണോ നിങ്ങളുടെ തടസ്സമെന്ന് കോടതി ചോദിച്ചു. ഇത് നിയമനത്തിനു തടസ്സമാവില്ലെന്നാണ് സര്‍ക്കാരും നിയമമന്ത്രിയും ഇത്രയുംകാലം തങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ പറയുന്നു നടപടിക്രമങ്ങളുടെ മാര്‍ഗരേഖയാണ് പ്രശ്‌നമെന്ന്. അതു പൂര്‍ത്തിയാക്കിയാലേ നിയമനം നടത്തൂ എന്നുണ്ടോയെന്നും കോടതി ചോദിച്ചു.
ക്ഷമയുടെ അങ്ങേയറ്റമായിക്കഴിഞ്ഞു. ഇങ്ങനെ പോയാല്‍ നാഷനല്‍ ജുഡീഷ്യല്‍ അപോയിന്റ്‌മെന്റ് കമ്മീഷന്‍ റദ്ദാക്കിയ ഭരണഘടനാ ബെഞ്ച് വീണ്ടും രൂപീകരിച്ച് സര്‍ക്കാര്‍ ഇതുവരെ നിയമനം നടത്തിയില്ലെന്നും നടപടിക്രമങ്ങളുടെ മാര്‍ഗരേഖ പൂര്‍ത്തിയാവാതെ നടത്തില്ലെന്നും പറയേണ്ടിവരും. അതു ചെയ്യണോയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ച് നവംബര്‍ 11ന് അറിയിക്കാനും കോടതി ഉത്തരവിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day