|    Oct 23 Sun, 2016 1:15 am
FLASH NEWS

നിശ്ചയദാര്‍ഢ്യവുമായി ജിമിയും സുമിയും സമ്മതിദാനാവകാശം വിനിയോഗിച്ചു

Published : 17th May 2016 | Posted By: SMR

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ പാടിച്ചിറയിലെ പത്താംനമ്പര്‍ ബൂത്തില്‍ ചക്രക്കസേരയില്‍ അവര്‍ കന്നിവോട്ട് ചെയ്യാനെത്തി. ചെറുപുഞ്ചിരിയുമായി തോല്‍ക്കാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകങ്ങളായി ജിമിയും ഇളയ സഹോദരി സുമിയും. ആദ്യം വോട്ട് ചെയ്തതിന്റെ സന്തോഷം, പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി ‘ഓര്‍മമരം’ തൈകള്‍ കൂടി ലഭിച്ചതോടെ ഇരട്ടിയായി. ഇരുവരും വീട്ടില്‍നിന്ന് ഇലക്‌ട്രോണിക് വീല്‍ചെയറില്‍ രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാണ് പാടിച്ചിറ സെന്റ് സെബാസ്റ്റിയന്‍സ് എയുപി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയത്.
കബനിഗിരി പാമ്പാനിക്കല്‍ വീട്ടില്‍ ജോണിന്റെയും മേരിയുടെയും മക്കളായ ഇവര്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കോളജില്‍ മള്‍ട്ടിമീഡിയാ കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്. ഇരുവരും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നാണ് ഇതേ വിഷയത്തില്‍ ബിരുദം നേടിയത്. ജിമി ഒന്നാം റാങ്കോടെ ബിരുദം പൂര്‍ത്തിയാക്കി. എസ്എസ്എല്‍സി വരെ കബനിഗിരി നിര്‍മല ഹൈസ്‌കൂളിലും പ്ലസ്ടുവിന് മുള്ളന്‍കൊല്ലി സെന്റ് മേരീസ് എച്ച്എസ്എസിലുമാണ് പഠിച്ചത്.
അഞ്ചു വയസ്സുവരെ നടക്കാന്‍ കഴിയുമായിരുന്ന ഇവര്‍ക്ക് പേശികള്‍ ദുര്‍ബലമാവുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ചതോടെ വീല്‍ചെയറിലായി ചലനം. ശാരീരികമായ ദുര്‍ബലാവസ്ഥയെ തരണം ചെയ്ത് പഠനത്തില്‍ മുന്നേറിയ സഹോദരിമാര്‍ അവശതകള്‍ സഹിച്ചും വോട്ട് ചെയ്ത് ജനാധിപത്യ ബോധത്തിന്റെ തെളിമയാര്‍ന്ന മാതൃകകളായി.
ജില്ലാ ഭരണകൂടത്തിന്റെ ഓര്‍മമരം പദ്ധതിയെക്കുറിച്ചറിഞ്ഞ ഇവര്‍ എന്തു ത്യാഗം സഹിച്ചും വോട്ടുചെയ്യുമെന്ന് നിശ്ചയിക്കുകയായിരുന്നു. വയനാടിന്റെ ഹരിതാഭ വീണ്ടെടുക്കാനുള്ള പദ്ധതിയില്‍ പങ്കാളികളായതിന്റെ ഓര്‍മ മനസ്സിലെന്നും സൂക്ഷിക്കുമെന്നും ഇവര്‍ പറഞ്ഞു. പ്രകൃതി സംരക്ഷണത്തിനായി ഇത്തരമൊരു പദ്ധതി നടപ്പാക്കിയ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിനെ അഭിനന്ദനമറിയിക്കാനും ഇവര്‍ മറന്നില്ല. ഭിന്നശേഷിയുള്ള വോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈ നല്‍കാന്‍ തീരുമാനിച്ചത് ഇത്തരത്തിലുള്ള വോട്ടര്‍മാരെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാക്കാന്‍ ഏറെ സഹായകമാവുമെന്നും ഇവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day