|    Dec 6 Tue, 2016 11:26 pm
FLASH NEWS

നിലമ്പൂര്‍ ഏറ്റുമുട്ടല്‍: പോലീസ് വിശദീകരണം വിശ്വസിക്കാനാവില്ലെന്ന് കെകെ രമ

Published : 25th November 2016 | Posted By: mi.ptk

k-k-rama

തിരുവനന്തപുരം: നിലമ്പൂര്‍ വനമേഖലയില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചതില്‍ പോലീസ് നല്‍കിയ വിശദീകരണം സംശയമുളവാക്കുന്നതാണെന്ന് ആര്‍എംപി നേതാവ് കെകെ രമ. കാടിനകത്ത് നടന്ന കാര്യങ്ങള്‍ സംബന്ധിച്ച് കൊലപാതകത്തില്‍ കക്ഷിയായ പോലീസ് തന്നെ വിശദീകരിച്ചാല്‍ പോരെന്നും അതുസംബന്ധിച്ച വസ്തുതകള്‍ ഒരു സ്വതന്ത്ര അന്വേഷണത്തിലൂടെ വെളിച്ചത്ത് കൊണ്ടുവരണമെന്നും രമ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മാവോയിസ്റ്റ് മുദ്ര ചാര്‍ത്തിയാല്‍ പിന്നെ ഒരാളെ എവിടെ വെച്ചും എങ്ങിനെയും കൊന്നുകളയാമെന്ന ഭരണകൂടധാര്‍ഷ്ട്യം ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ലെന്നും രമ പറഞ്ഞു.
ഇന്നലെയാണ് നിലമ്പൂര്‍ വനത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ നക്‌സല്‍ വിരുദ്ധ സേന വെടിവച്ചുകൊന്നത്. ആന്ധ്ര സ്വദേശഇകളായ സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം ദേവരാജന്‍,കാവേരി എന്ന അജിത എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നിലമ്പൂര്‍ വനമേഖലയില്‍ ഒരു സ്ത്രീ അടക്കം രണ്ട് പേരെ പോലീസ് സേന വെടിവെച്ചു കൊന്ന വാര്‍ത്ത തീര്‍ച്ചയായും നടുക്കമുളവാക്കുന്നതാണ്. മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ് പോലീസ് അവകാശപ്പെട്ടിരിക്കുന്നത്. ഇത്തരം ‘ഏറ്റുമുട്ടല്‍ വധ’ങ്ങളുടെ വിശ്വാസ്യത, ഒട്ടേറെ മുന്‍അനുഭവങ്ങള്‍ ഓര്‍മ്മയിലുള്ളവര്‍ക്ക് മുന്നില്‍ തീര്‍ച്ചയായും സംശയാസ്പദമാണ്.

കുറ്റകൃത്യമേതായാലും നിബിഡവനങ്ങള്‍ക്കകത്ത് തോക്കിന്‍കുഴലുകള്‍ കൊണ്ട് ഭരണകൂടം നേരിട്ട് വിധിയും വിചാരണയും നിര്‍വ്വഹിക്കുന്നത് ഒരു കാരണവശാലും ജനാധിപത്യ വ്യവസ്ഥയില്‍ ആശാസ്യമേയല്ല. ഈ നാടിന്റെ ജനാധിപത്യ മനുഷ്യാവകാശ മനഃസാക്ഷി ഇത്തരം കൊലകളെ കുറിച്ചുള്ള ഭരണകൂടഭാഷ്യങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങുമെന്നത് തീര്‍ച്ചയായും വ്യാമോഹമാണ്.

സായുധവാഴ്ചയെ ജനാധിപത്യത്തിന് പകരം നിര്‍ത്താനുള്ള ഏത് പരിശ്രമത്തെയും ചെറുത്തേ തീരൂ. മാവോയിസ്റ്റ് മുദ്ര ചാര്‍ത്തിയാല്‍ പിന്നെ ഒരാളെ എവിടെ വെച്ചും എങ്ങിനെയും കൊന്നുകളയാമെന്ന ഭരണകൂടധാര്‍ഷ്ട്യം ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല.

നിലമ്പൂരിലെ കൊടുംകാടിനകത്ത് നടന്ന കാര്യങ്ങള്‍ സംബന്ധിച്ച് കൊലപാതകത്തില്‍ കക്ഷിയായ പോലീസ് തന്നെ വിശദീകരിച്ചാല്‍ പോരാ. തീര്‍ച്ചയായും അതുസംബന്ധിച്ച വസ്തുതകള്‍ ഒരു സ്വതന്ത്ര അന്വേഷണത്തിലൂടെ വെളിപ്പെടുക തന്നെ വേണം.

എതിര്‍ശബ്ദങ്ങളോടുള്ള ഭരണകൂടത്തിന്റെ സായുധധാര്‍ഷ്ട്യങ്ങളെ ചെറുക്കാന്‍ ജനാധിപത്യ മനുഷ്യാവകാശവാദികളാകെ ഒരുമിച്ച് നില്‍ക്കണം.

rema-fb

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 329 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day