|    Oct 22 Sat, 2016 10:49 am
FLASH NEWS

നിറംമാറിയ ഐസക്കും മാണിയുടെ ‘ലഡു ബജറ്റു’ം

Published : 14th July 2016 | Posted By: SMR

സഭാരേഖയിലെ ആംഗ്യഭാഷയും മത്തായിയുടെ സുവിശേഷവും ‘സ്വദേശി ആചാര്യനു’മെല്ലാമാണ് ഇന്നലെ സഭയെ സജീവമാക്കിയത്. ചെന്നിത്തല പ്രസംഗിക്കുമ്പോള്‍ ജി സുധാകരന്‍ അശ്ലീല ആംഗ്യം കാട്ടിയെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെയാണ് സഭാരേഖയെ സംബന്ധിച്ചുള്ള ത്വാതിക അവലോകനത്തിന് സ്പീക്കര്‍ മുതിര്‍ന്നത്. ആംഗ്യഭാഷ സഭാരേഖയില്‍ നിന്ന് നീക്കാന്‍ പറ്റുമോ എന്ന സ്പീക്കറുടെ ചോദ്യം പ്രതിപക്ഷത്തെ ആദ്യമൊന്ന് നിസ്സഹായരാക്കി.
എന്നാല്‍, സഭയില്‍ ആരെങ്കിലും മുണ്ടുപൊക്കി കാണിച്ചാല്‍ എന്തു നടപടിയെടുക്കുമെന്നായി വി ഡി സതീശന്‍. ഇതോടെ വീഡിയോ പരിശോധിക്കാമെന്ന നിലപാടിലായി സ്പീക്കര്‍. ധൂര്‍ത്തനായ കാരണവര്‍ കട്ടുമുടിച്ച് കാലിയാക്കിയ ഖജനാവിനെക്കുറിച്ചുള്ള ഓര്‍മകള്‍ അയവിറക്കിയാണ് കാരണവരായ വി എസ് അച്യുതാനന്ദന്‍ ബജറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.  മാണി ലഡ്ഡു തിന്ന കാര്യം മാത്രമാണ് യുഡിഎഫ് ബജറ്റിനെക്കുറിച്ച് ഓര്‍മയുള്ളത്.
യുഡിഎഫ് അനുകൂല പത്രങ്ങളടക്കം എല്‍ഡിഎഫ് ബജറ്റിനെ വാനോളം പുകഴ്ത്തിയെന്നും മനോരമയുടെ മാനസപുത്രന്‍ ഉമ്മന്‍ചാണ്ടി ഇത് മാതൃകയാക്കണമെന്നും വിഎസ് പറഞ്ഞു. പ്രതിപക്ഷനേതാവ് ഇടപെട്ട് ബജറ്റിന് പിന്തുണ അറിയിക്കണമെന്നും അല്ലെങ്കില്‍ ആ പണി നിങ്ങളുടെ പ്രസിഡന്റ് ചെയ്യുമെന്നുമുള്ള വിഎസിന്റെ പ്രസംഗം ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സഭയില്‍ ചിരിപടര്‍ത്തി. ബജറ്റ് മലര്‍പൊടിക്കാരന്റെ സ്വപ്‌നമാണെന്നു പറഞ്ഞാല്‍ മലര്‍പൊടിക്കാരന്‍ മാനനഷ്ടത്തിനു കേസുകൊടുക്കുമെന്ന് എം വിന്‍സെന്റ് പരിഹസിച്ചു. വിഎസിന് എല്‍ഡിഎഫ് നല്‍കാന്‍ പോവുന്ന പദവി ഏറ്റെടുക്കരുതെന്നും ഇന്ദുലേഖയെ മോഹിച്ചിട്ട് വാല്യക്കാരിയില്‍ തൃപ്തനാവേണ്ടിവന്ന സൂരി നമ്പൂതിരിപ്പാടിന്റെ അവസ്ഥയിലേക്ക് താങ്കള്‍ തരംതാഴരുതെന്നും വിന്‍സന്റ് ഉപദേശിച്ചു.
ശ്രീരാമകൃഷ്ണന്‍ എന്ന പേര് മാത്രം പരിഗണിച്ച് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ച ഒ രാജഗോപാല്‍ ഇന്നലെ ‘സ്വദേശി ആചാര്യന്‍’ എന്ന പ്രയോഗവും സാമാജികര്‍ക്കു സമ്മാനിച്ചു. ഗുരുവചനവും ബൈബിളും നാഴികയ്ക്ക് നാല്‍പ്പത് വട്ടം ഉരുവിടുന്ന സഖാക്കള്‍ കുഞ്ചന്‍നമ്പ്യാരെയും കൃഷ്ണയ്യരെയുമൊന്നും മറക്കരുതെന്നും പറഞ്ഞ രാജേട്ടന്‍ എല്‍ഡിഎഫ് ബജറ്റിന് അകമഴിഞ്ഞ പിന്തുണയും അറിയിച്ചു.
വൈലോപ്പിള്ളിയെ വിട്ട് നാരായണ ഗുരുവിനെ പിടിച്ചു എന്ന ഒരു വ്യത്യാസം മാത്രമാണ് ബജറ്റിനുള്ളതെന്നാണ് പി ഉബൈദുല്ലയുടെ കണ്ടുപിടിത്തം. വെളിച്ചെണ്ണയുടെ നികുതി വര്‍ധിപ്പിച്ച് കേരകര്‍ഷകരുടെ നടുവൊടിച്ച ബജറ്റില്‍ നികുതി വര്‍ധിപ്പിക്കാത്തത് മദ്യത്തിനുമാത്രമാണ്. ബജറ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നതെന്ന് മദ്യലോബിയാണെന്ന് ഉബൈദുല്ല പറഞ്ഞതോടെ ഭരണപക്ഷത്തു നിന്ന് ആര്‍ രാജേഷ് പ്രതിഷേധവുമായി എഴുന്നേറ്റു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day