|    Oct 28 Fri, 2016 8:13 am
FLASH NEWS

നിര്‍മാണം തുടങ്ങിയിട്ട് അഞ്ചു വര്‍ഷം; കരിങ്ങാചിറ പാലവും റോഡും: ജനകീയ സമരം നാളെ ആരംഭിക്കും

Published : 11th December 2015 | Posted By: SMR

മാള: കരിങ്ങാചിറ പാലത്തിന്റേയും റോഡിന്റേയും പണി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ പുനരാരംഭിക്കുന്നു. പുത്തന്‍ചിറ ഗ്രാമ പ്പഞ്ചായത്തിനേയും മാള ഗ്രാമ പ്പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പാലത്തിന്റേയും റോഡിന്റേയും പണി ഉടന്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഇനി വൈകിക്കുന്ന ഓരോ ദിവസത്തിനും പിഡബ്ല്യൂഡി അധിക്യതരും കോണ്‍ട്രാക്റ്ററും എംഎല്‍എയും കനത്ത വില നല്‍കേണ്ടി വരും എന്ന മുന്നറിയിപ്പുമായാണ് ജനകീയ സമരം പുനരാരംഭിക്കുന്നത്.
നാളെ രാവിലെ ഒമ്പതിന് മുന്നറിയിപ്പുമായി ജനകീയ ഉപവാസ സമരം ആരംഭിക്കും. കരിങ്ങാചിറ സ്ലൂയിസ് കം ബ്രിഡ്ജിന്റെ നിര്‍മാണോദ്ഘാടനം അഞ്ചു വര്‍ഷം മുമ്പ് അന്നത്തെ പൊതുമരാമത്ത് മന്ത്രി എം വിജയകുമാര്‍ നിര്‍വഹിച്ചിരുന്നു. പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ എല്‍ഡിഎഫ് മന്ത്രിസഭ രണ്ടു കോടി അനുവദിച്ചാണ് 2011 ജനുവരിയില്‍ നിര്‍മാണം തുടങ്ങിയത്. പിന്നീട് കുറേക്കാലം പണി മുടങ്ങിക്കിടന്നു. പ്രതിഷേധം ഏറെ ഉയര്‍ന്നതിന് ശേഷം പണി പുനരാരംഭിച്ച് കുറച്ച് ഭാഗം പണിത ശേഷം പണി പിന്നെയും മുടങ്ങി. പൈലിങ് നടത്തിയപ്പോള്‍ അനുവദിക്കപ്പെട്ട ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് കരാറുകാരന്‍ പണി നിര്‍ത്തിയത്. ഇക്കാലത്തിനിടയില്‍ പണിക്കായി ഇറക്കിയതും പാകിയതുമായ വിവിധ അളവുകളിലുള്ള കമ്പികള്‍ തുരുമ്പെടുത്ത് ഉപയോഗ ശൂന്യമായി.
നിര്‍മിക്കുന്ന രണ്ട് പാലങ്ങളില്‍ ഒന്നിന്റെ പണി ഒരുവിധം കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ പാലത്തിനായി പാകിയ കമ്പികളാണ് വെള്ളത്തില്‍ മുങ്ങി നശിക്കുന്നത്. പാലങ്ങളുടേയും റോഡിന്റേയും പണികള്‍ രണ്ടു വര്‍ഷത്തിനകം തീര്‍ക്കേണ്ട സ്ഥാനത്താണ് അഞ്ച് വര്‍ഷമായിട്ടും പണി കഴിയാതെ കിടക്കുന്നത്. കരാറുകാരന്റേയും എംഎല്‍എയുടേയും സര്‍ക്കാരിന്റേയും അനാസ്ഥ മൂലം താല്‍ക്കാലിക ബണ്ട് നിര്‍മാണത്തിനായി ഓരോ വര്‍ഷവും ഒരു ലക്ഷം രൂപയാണ് ചെലവായിക്കൊണ്ടിരിക്കുന്നത്.
ബണ്ട് കെട്ടാന്‍ വൈകുമ്പോള്‍ 300 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്ന അവസ്ഥയുമുണ്ട്. രാജ ഭരണ കാലത്തെ പല്‍ചക്രങ്ങളോട് കൂടിയ സ്ലൂയിസ് കം ബ്രിഡ്ജ് നിലനിര്‍ത്തിയാണ് പുതിയവ പണിയുന്നത്. നിലവിലുള്ള പാലങ്ങളിലൂടെ വളരെ ബുദ്ധിമുട്ടിയാണ് സഞ്ചാരം. മാള-ഇരിങ്ങാലക്കുട, മാള-പുത്തന്‍ചിറ-കൊടുങ്ങല്ലൂര്‍, മാള-ഇരിങ്ങാലക്കുട-തൃശൂര്‍ തുടങ്ങിയ പ്രധാന റൂട്ടുകളിലെ നൂറു കണക്കിന് വാഹനങ്ങള്‍ നിത്യേന സഞ്ചരിക്കുന്ന പാതയാണിത്.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ കരാറുകാരനാണ് നിര്‍മാണ ചുമതല. പണികള്‍ ഉടന്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രതിഷേധ സമരങ്ങള്‍ ശക്തമാക്കാനായി ടി എ അബ്ദുള്‍ അസീസ് ചെയര്‍മാനായി ജനകീയ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിന്റെ സഹകരണത്തോടെ ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കയാണ് നാട്ടുകാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day