|    Dec 8 Thu, 2016 1:16 pm
FLASH NEWS

നിര്‍ധന കുടുംബത്തിന് വീട് വയ്ക്കാന്‍ ബഹുജന കൂട്ടായ്മയുമായി വിദ്യാര്‍ഥികള്‍

Published : 22nd November 2016 | Posted By: SMR

താമരശ്ശേരി: നിര്‍ധന കുടുംബത്തിന് വീട് വെക്കാന്‍ താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മക്ക് രൂപം നല്‍കി. താമരശ്ശേരി ചുങ്കം ഇരുമ്പന്‍ചീടന്‍കുന്ന് സുജാതക്കും രോഗ ബാധിതനായ ഭര്‍ത്താവ് സുകുമാരനും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന് അന്തിയുറങ്ങാന്‍ ഒരു വീടെന്ന സ്വപനം യാഥാര്‍ഥ്യമാക്കുവാനാണ് വിദ്യാര്‍ഥികളും നാട്ടുകാരും രംഗത്തിറങ്ങിയിരിക്കുന്നത്. വലതുകാല്‍ മുറിച്ചുമാറ്റിയ ഭര്‍ത്താവിനും നാലിലും രണ്ടിലും പഠിക്കുന്ന മക്കളായ വന്ദനക്കും അഭിജിത്തിനും തണലായി സുജാത മാത്രമേയുള്ളൂ. പ്രദേശത്തെ ഒരു  ഹോട്ടലില്‍ സഹായിയായി നിന്ന് കിട്ടുന്ന തുഛമായ വരുമാനത്തില്‍ നിന്നാണ് ഇപ്പോള്‍ താമസിക്കുന്ന ചെറിയവീടിന്റെ വാടകയും ഉപജീവനത്തിനും വക കണ്ടെത്തുന്നത്. പ്രമേഹം മൂര്‍ഛിച്ച് മൂന്ന് വര്‍ഷം മുമ്പാണ് സുകുമാരന്റെ വലതുകാല്‍ മുട്ടിന് താഴെ മുറിച്ച് മാറ്റിയത്. ഇതോടെ കുടുംബം നിരാലംബരാവുകയായിരുന്നു. ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി അറിഞ്ഞ കോരങ്ങാട് ഐഎച്ച്ആര്‍ഡി കോളജിലെ വിദ്യാര്‍ഥികള്‍ ഇവരുടെ വാടക വീട്ടില്‍ ചെന്ന് കാര്യങ്ങള്‍ മനസ്സിലാക്കുകയും ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യുകയും കുടുംബത്തിന് ഒരു വീട് യാഥാര്‍ത്ഥ്യമാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇന്നലെ കോളജില്‍ നടന്ന സുജാത വീട് നിര്‍മാണ കമ്മിറ്റി രൂപീകരണ യോഗം കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ എം രാധിക അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day