|    Dec 10 Sat, 2016 2:40 am
FLASH NEWS

നിരോധിത കീടനാശിനി ഉപയോഗിക്കരുത്; കൃഷി വകുപ്പിന്റെ ആനുകൂല്യം നഷ്ടമാവും: കൃഷി ഡയറക്ടര്‍

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: കര്‍ഷകര്‍ സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാ അത്തരം കര്‍ഷകരെ കൃഷിവകുപ്പിന്റെ എല്ലാ തുടര്‍പദ്ധതികളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുമെന്ന് കൃഷി ഡയറക്ടര്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് കൃഷിവകുപ്പ് രണ്ട് തവണ നോട്ടീസ് നല്‍കുകയും തുടര്‍ന്നും അതാവര്‍ത്തിക്കുന്ന പക്ഷം സൗജന്യ വൈദ്യുതി ഉള്‍പ്പെടെ കൃഷി വകുപ്പില്‍ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും നഷ്ടമാവുകയും ചെയ്യും.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി ജില്ലകളിലേക്ക് നിരോധിച്ചിട്ടുള്ള കീടനാശിനികള്‍ ഇപ്പോഴും എത്തുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതുതടയാന്‍ സംസ്ഥാന തലത്തില്‍ രൂപം കൊടുത്തിട്ടുള്ള പ്രത്യേക സ്‌ക്വാഡ് ജില്ലകളില്‍ അപ്രതീക്ഷിത സന്ദര്‍ശനവും പരിശോധനയും നടത്തും. വ്യാജ ഏജന്‍സികളുടെ പേരില്‍ ചെക്‌പോസ്റ്റ് വഴിയെത്തുന്ന ഫ്യൂരഡാന്‍, ഫോറേറ്റ്, പാരക്വാറ്റ് തുടങ്ങി ഒരു ടണ്ണോളം നിരോധിത കീടനാശിനികളാണ് കുമളിയില്‍ ഈയിടെ പിടിയിലായത്.
കൃഷി ഓഫിസര്‍മാര്‍ നല്‍കുന്ന ശുപാര്‍ശക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന കീടനാശിനികളുടെയും അവ വാങ്ങുന്ന കര്‍ഷകരുടേയും പേരു വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
കീടനാശിനികള്‍ വില്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നിര്‍ബന്ധമായും ബില്ല് നല്‍കണം. ബില്ല് ചോദിച്ചുവാങ്ങാന്‍ കര്‍ഷകരും തയ്യാറാവണം.
കീടനാശിനികള്‍ക്കെതിരേ പൊതു അഭിപ്രായം വളര്‍ന്നുവരുന്ന സാഹചര്യത്തില്‍, ജൈവ കീടനാശിനികളെന്ന പേരില്‍ നിരവധി ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സസ്യജന്യ ജൈവ കീടനാശിനികളില്‍ ഏതെങ്കിലും വിധത്തിലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day