|    Dec 4 Sun, 2016 9:48 pm
FLASH NEWS

നിരവില്‍പ്പുഴ-മാനന്തവാടി റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ ഇന്ന് ഷൗക്കത്തിന് വേണ്ടിയോടും

Published : 31st October 2016 | Posted By: SMR

മാനന്തവാടി: നിരവില്‍പ്പുഴ-മാനന്തവാടി റൂട്ടില്‍ ഇന്ന് നിര്‍ധന കുടുംബത്തിനായുള്ള കാരുണ്യ യാത്ര. സഹപ്രവര്‍ത്തകന്റെ ആകസ്മിക മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചും ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത നിര്‍ധന കുടുംബത്തിന് സഹായമാവശ്യപ്പെട്ടുമാണ് ഈ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളിലെ തൊഴിലാളികള്‍ ഇന്നു ജോലി ചെയ്യുന്നത്. ഇവര്‍ക്ക് അകമഴിഞ്ഞ പിന്തുണയുമായി റൂട്ടിലെ 13 സ്വകാര്യ ബസ്സുടമകളും ഡീസല്‍ച്ചെലവ് കഴിച്ചുള്ള മുഴുവന്‍ വരുമാനവും നിര്‍ധന കുടുംബത്തിന് നല്‍കാന്‍ തയ്യാറായിട്ടുണ്ട്. നിരവില്‍പ്പുഴ സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായിരുന്ന കുന്നുമ്മല്‍ ഷൗക്കത്ത് (34) ഈ മാസം 15നാണ് അകാലത്തില്‍ മരിച്ചത്. രോഗിയും വൃദ്ധയുമായ മാതാവും ഭാര്യയും ഒമ്പതാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ടു കുഞ്ഞുങ്ങളുമാണ് ഷൗക്കത്തിനുള്ളത്. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത ഈ യുവാവ് മാതൃസഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞുവന്നത്. ആരോഗ്യവാനായിരുന്ന ഷൗക്കത്തിന്റെ ആകസ്മിക മരണം കുടുംബത്തെ തീര്‍ത്തും അനാഥമാക്കിയിരിക്കുകയാണ്. കുടുംബത്തിന്റെ ദൈന്യത ബോധ്യപ്പെട്ടതോടെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ ഇവരെ സഹായിക്കാന്‍ രംഗത്തെത്തിയത്. നിരവില്‍പ്പുഴ റൂട്ടിലെ 12 ബസ്സുകളും പന്തിപ്പൊയില്‍ റൂട്ടിലോടുന്ന ഒരു ബസ്സുമാണ് ഇന്നത്തെ കാരുണ്യ യാത്രയില്‍ പങ്കാളികളാവുന്നത്. ഇന്ന് ഈ ബസ്സുകളിലൊന്നും തന്നെ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ നല്‍കില്ല. പകരം സഹായാഭ്യര്‍ഥനയും ബക്കറ്റുമായി ജീവനക്കാര്‍ യാത്രക്കാരുടെ മുന്നിലെത്തുമ്പോള്‍ യാത്രക്കൂലിക്ക് പകരം ഒരു കുടുംബത്തിന്റെ നിലനില്‍പിനായുള്ള കൈത്താങ്ങ് ലഭിക്കുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. വിദ്യാര്‍ഥികളുള്‍പ്പെടെ ഇന്നത്തെ ദിവസം കണ്‍സഷനുകള്‍ ഒഴിവാക്കി യാത്ര ചെയ്താല്‍ ഇവരുടെ മാതൃകാപ്രവര്‍ത്തനത്തിന് കരുത്തായിത്തീരുമെന്നും ജീവനക്കാര്‍ കണക്കുകൂട്ടുന്നു. നിരവില്‍പ്പുഴ റൂട്ടിലെ കലക്ഷനു പുറമെ മാനന്തവാടി ബസ്‌സ്റ്റാന്റില്‍ നിന്നും മറ്റ് ബസ് തൊഴിലാളികളില്‍ നിന്നും ഫണ്ട് സ്വരൂപിക്കും. ഇവര്‍ക്കു പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്. സ്വകാര്യ ബസ്സിലെ മുഴുവന്‍ ജീവനക്കാര്‍ക്കും നാളത്തെ  ഭക്ഷണം നിരവില്‍പ്പുഴയിലെ ഹിമാലയ ഹോട്ടല്‍ ഉടമയാണ് നല്‍കുന്നത്. ഇന്നു രാവിലെ എട്ടിന് ബസ്‌സ്റ്റാന്റില്‍ നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജും നിരവില്‍പ്പുഴയില്‍ ജോയിന്റ് ആര്‍ടിഒയും ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day