|    Dec 2 Fri, 2016 11:28 pm
FLASH NEWS

നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍

Published : 24th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: നിരവധി മോഷണക്കേസുകളിലെ പ്രതി പോലിസ് പിടിയില്‍. കരുവാരക്കുണ്ട് പുഴക്കല്‍ സന്തോഷ് ബാബു എന്ന രംഗനെ(38)ആണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ പ്രത്യേക നിര്‍ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണു മോഷ്ടിച്ച ബൈക്കുമായി ഇയാള്‍ പോലിസ് വലയിലാവുന്നത്. മോഷ്ടിച്ച ബൈക്കില്‍ വ്യാജ നമ്പര്‍ പ്ലേറ്റുവച്ചാണു പ്രതി ഓടിച്ചിരുന്നത്. തൃത്താലയില്‍വച്ച് തിരുവേഗപ്പുറ സ്വദേശിയായ യുവാവിന്റെ മോട്ടോര്‍ സൈക്കിളും മുകളില്‍വച്ചിരുന്ന ബാഗും പണവും കവര്‍ച്ച ചെയ്തതായി ഇയാള്‍ പോലിസിനോടു സമ്മതിച്ചു. മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി നടന്ന് റോഡരികില്‍നിര്‍ത്തിയിടുന്ന കാറുകളില്‍നിന്ന് പണവും മറ്റും കവരുന്നതാണ് ഇയാളുടെ മോഷണ രീതി. കോഴിക്കോട് മടവൂര്‍ നമസ്‌കാരപ്പള്ളിയുടെ മുന്‍വശത്തു നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിള്‍, ഉടമ നമസ്‌കരിക്കാനായി പോയ സമയത്ത് മോഷ്ടിച്ചതായും പ്രതി പോലിസിനോടു സമ്മതിച്ചു. മോഷണക്കേസില്‍ രണ്ടുവര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ പ്രതി ഇറങ്ങിയതിന്റെ അടുത്ത ദിവസം തന്നെയാണ് തൃത്താലയില്‍നിന്ന് ബൈക്ക് മോഷ്ടിച്ചത്. ഇയാള്‍ക്കെതിരേ മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം, വടക്കാഞ്ചേരി, പെരിന്തല്‍മണ്ണ, തളിപ്പറമ്പ്, മഞ്ചേരി, പരപ്പനങ്ങാടി, തിരുവമ്പാടി, പേരാമ്പ്ര, പോലിസ് സ്‌റ്റേഷനുകളിലായി പതിനഞ്ചോളം മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഡിവൈഎസ്പിയെ കൂടാതെ സി ഐ സാജു കെ എബ്രഹാം, എസ്‌ഐ എം സി പ്രമോദ്, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും എഎസ്‌ഐ പി മോഹന്‍ദാസ്, പി എന്‍ മോഹനകൃഷ്ണന്‍, സി പി മുരളി, കൃഷ്ണകുമാര്‍, മനോജ് കുമാര്‍, നിബിന്‍ദാസ്, അഭിലാഷ്, ദിനേശ്, ടി സലീന, അഷ്‌റഫ് കൂട്ടില്‍, എഎസ്‌ഐ അനില്‍കുമാര്‍ എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day