|    Oct 28 Fri, 2016 12:03 pm
FLASH NEWS

നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിന് സംഭവിച്ചത് വന്‍ വീഴ്ച: കെ മുരളീധരന്‍

Published : 17th July 2016 | Posted By: SMR

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് സംഭവിച്ചത് നട്ടെല്ല് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വലിയ ക്ഷതമേല്‍പ്പിച്ച വലിയ വീഴ്ചയാണെന്നു കെ മുരളീധരന്‍ എംഎല്‍എ. മുന്‍മേയര്‍ പി ടി മധുസൂദനക്കുറുപ്പ് അനുസ്മരണത്തിന്റെ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മാസങ്ങള്‍ നീണ്ട ചികില്‍സയില്ലാതെ പ്രസ്ഥാനത്തിന് എഴുന്നേറ്റ് നടക്കാനാവില്ല. പരാജയത്തെക്കാള്‍ കോണ്‍ഗ്രസ്സിനെ ആശങ്കപ്പെടുത്തുന്നത് തോല്‍വിയുടെ വ്യാപ്തിയാണ്. പൊടി തട്ടി പോവേണ്ട വീഴ്ചയല്ല കോണ്‍ഗ്രസ്സിന് സംഭവിച്ചത്. രോഗം മാറണമെങ്കില്‍ രോഗമറിഞ്ഞുള്ള ചികില്‍സ വേണം. എന്തോ ഭാഗ്യംകൊണ്ട് മാത്രമാണ് സിപിഎമ്മിന്റെ ഏകകക്ഷി ഭരണത്തിലേക്ക് സംസ്ഥാനം പോവാതിരുന്നത്. നല്ല കാര്യങ്ങള്‍ ചെയ്ത് യുഡിഎഫ് ഏറ്റവും കൂടുതല്‍ ശത്രുത വാങ്ങിവച്ചത് ഇക്കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്താണ്. ഫലപ്രഖ്യാപനം വന്നപ്പോള്‍ നായരുടെ വോട്ട് ബിജെപിക്കും മുസ്‌ലിംകളുടെ വോട്ട് സിപിഎമ്മിനും പോയി. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ജനവിധിയും നഷ്ടമായി.
തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍നിന്ന് പാഠം പഠിക്കണമായിരുന്നു. കോണ്‍ഗ്രസ്സിലും മുന്നണിയിലും ഇപ്പോള്‍ നടക്കുന്നത് പ്രതീകാത്മക സമരങ്ങള്‍ മാത്രമാണ്. ഭാരവാഹികള്‍ മാത്രം വന്നാല്‍തന്നെ നല്ല സമരങ്ങള്‍ നടത്താന്‍ പറ്റിയ സാഹചര്യമാണെങ്കിലും മണ്‍മറഞ്ഞ മഹാന്‍മാരുടെ അനുസ്മരണസമ്മേളനങ്ങളില്‍ മാത്രമാണ് ഏവരും ഒത്തുകൂടുന്നത്. കുറ്റിച്ചൂലുകള്‍ക്ക് ജനം വോട്ട് ചെയ്യില്ല എന്ന് പ്രസംഗിക്കുകയും സീറ്റ് നിര്‍ണയം വരുമ്പോള്‍ അവര്‍ക്ക് മാത്രം സീറ്റ് കൊടുക്കുകയുമാണ് ചെയ്യുന്നത്. തന്റെ പോസ്റ്ററുകള്‍ പോലും മണ്ഡലത്തില്‍ യഥാവിധി ഒട്ടിക്കാത്ത സാഹചര്യമായിരുന്നു. 2021ല്‍ കൊടി വച്ച കാറില്‍ പോവുന്നത് സ്വപ്‌നം കാണുന്നവര്‍ അത് യാഥാര്‍ഥ്യമാക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യണം. കിട്ടിയത് പോര എന്ന് ഓരോരുത്തര്‍ക്കും അഭിപ്രായമുള്ള ഇക്കാലത്ത് ആരോടും പരിഭവമില്ലാതെ പൊതുപ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു പി ടി മധുസൂദനക്കുറുപ്പെന്ന് കെ മുരളീധരന്‍ അനുസ്മരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായ അഡ്വ. എം കെ ദാമോദരന്‍ എല്ലാ കള്ളന്‍മാര്‍ക്കും വേണ്ടി കോടതിയില്‍ ഹാജരാവുകയാണെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. എം കെ ദാമോദരന്‍ ഉണ്ടെങ്കില്‍ കേരളത്തില്‍ ആര്‍ക്കും എന്ത് വൃത്തികേടുമാവാം എന്ന് ആളുകള്‍ പറഞ്ഞുതുടങ്ങി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ തലത്തിലുള്ള ഉപദേഷ്ടാവിന് സ്വകാര്യ കേസുകളില്‍ ഹാജരായാലും വേണമെങ്കില്‍ സര്‍ക്കാര്‍ ഫയല്‍ പരിശോധിക്കാന്‍ അവകാശമുണ്ട്. തന്നെ ഉപദേശിച്ച് ബാക്കിയുള്ള സമയത്ത് നിയമ ഉപദേഷ്ടാവിന് ആര്‍ക്ക് വേണ്ടിയും ഹാജരാവാമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നും മുരളി കൂട്ടിച്ചേര്‍ത്തു.— സമിതി ചെയര്‍മാന്‍ അഡ്വ. കെ പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day