|    Oct 21 Fri, 2016 10:18 pm
FLASH NEWS

നിയമസഭയിലെ സമരം: എംഎല്‍എമാര്‍ക്ക് യുഡിഎഫ് സ്വീകരണം നല്‍കി

Published : 6th October 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ധനയ്‌ക്കെതിരേ എട്ടുദിവസമായി നിയമസഭയില്‍ നിരാഹാര, അനുഭാവ സത്യഗ്രഹമിരുന്ന എംഎല്‍എമാര്‍ക്ക് യുഡിഎഫിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ നിരാഹാരസത്യഗ്രഹം അനുഷ്ഠിച്ചുവന്ന വി ടി ബല്‍റാം, റോജി എം ജോണ്‍ എന്നിവര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. അനുഭാവ സത്യഗ്രഹമിരുന്ന ടി വി ഇബ്രാഹിം, പി ഉബൈദുല്ല എന്നിവരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. രമേശ് ചെന്നിത്തല ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതിയായ മുഖ്യമന്ത്രിയാണെന്ന് കഴിഞ്ഞദിവസത്തെ സംഭവത്തോടെ തെളിഞ്ഞെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും തെറ്റായ സമീപനത്തിനെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും ചെന്നിത്തല അറിയിച്ചു. സ്വാശ്രയവിഷയത്തില്‍ യുഡിഎഫ് സമരത്തിന്റെ ആദ്യഘട്ടമാണ് അവസാനിക്കുന്നതെന്നും സമരം തുടരുമെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പരമാവധി 15,000 രൂപവരെ ഫീസ് വര്‍ധിപ്പിച്ചപ്പോള്‍ അക്രമസമരം അഴിച്ചുവിട്ട എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കള്‍, ഇപ്പോള്‍ ഒറ്റയടിക്ക് 65,000 രൂപ വര്‍ധിച്ചപ്പോള്‍ നിശബ്ദത പാലിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായി ഫീസ് കുറയ്ക്കാന്‍ എതിരുനിന്ന സര്‍ക്കാരാണിതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന്റേത് ധീരോദാത്തമായ സമരമാണെന്ന് തുടര്‍ന്ന് സംസാരിച്ച പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലപാടില്‍ ഉറച്ചുനില്‍ക്കാനുള്ള കരുത്ത് പ്രതിപക്ഷത്തിനുണ്ട്. നീതി കിട്ടുന്നതുവരെ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
സ്വാശ്രയവിഷയത്തില്‍ പച്ചക്കള്ളം പറഞ്ഞ പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയില്‍ തുടരാനുള്ള അര്‍ഹത നഷ്ടമായതായി  വിഎം സുധീരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പൊയ്മുഖം ജനങ്ങള്‍ക്ക് മുന്നില്‍ അനാവരണം ചെയ്യാന്‍ യുഡിഎഫിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ സത്യഗ്രഹസമരത്തില്‍ അണിനിരന്ന ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ്, വി ടി ബല്‍റാം, റോജി എം ജോണ്‍, അനുഭാവ സത്യഗ്രഹമിരുന്ന കെ എം ഷാജി, പി ഉബൈദുല്ല, ടി വി ഇബ്രാഹിം, ആബിദ് ഹുസൈന്‍ എന്നിവരെ ഹര്‍ഷാരവത്തോടെയാണ് പ്രവര്‍ത്തകര്‍ വേദിയിലേക്ക് സ്വീകരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day