|    Dec 9 Fri, 2016 9:18 am
FLASH NEWS

നിയമവിരുദ്ധ മാംസവില്‍പന തടയാന്‍ പ്രത്യേക സമിതി വേണം: വിജിലന്‍സ്

Published : 28th October 2016 | Posted By: SMR

മൂവാറ്റുപുഴ: സംസ്ഥാനത്തൊട്ടാകെ നിമയവിരുദ്ധമായും വൃത്തിഹീനമായും അറവുശാലകളും മാംസവില്‍പന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുവെന്നും ഇതു തടയാന്‍ സംസ്ഥാന തലത്തില്‍ പ്രത്യേക സംവിധാനം വേണമെന്നും വിജിലന്‍സ് റിപോര്‍ട്ട്. സംവിധാനം ഉണ്ടാവുന്നതോടൊപ്പം നിയമലംഘനത്തിനുള്ള പിഴത്തുക വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്യുന്ന റിപോര്‍ട്ടാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
പൊതുജനാരോഗ്യത്തെ ബാധിക്കുംവിധം നിയമങ്ങള്‍ ലംഘിച്ച് അറവുശാലകളും ഇറച്ചി വില്‍പന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുവെന്നും ഇതു സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കുന്നതെന്നുംആരോപിച്ചു മൃഗസ്‌നേഹികളുടെ സംഘടനയായ ‘ദയ’ സെക്രട്ടറി പി ബി രമേശ്കുമാര്‍ നല്‍കിയ ഹരജിയെ തുടര്‍ന്നു വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അംഗീകൃത അറവുശാലയില്‍ ആടുമാടുകളെ എത്തിച്ചു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നികുതി അടച്ച് മൃഗഡോക്ടര്‍ പരിശോധിച്ച് വൃത്തിയുള്ള അന്തരീക്ഷത്തില്‍ ഇറച്ചിയാക്കണമെന്നാണ് നിയമം. എന്നാല്‍ ഇവ പാലിക്കപ്പെടുന്നില്ലെന്നു പായിപ്ര പഞ്ചായത്തിലും മൂവാറ്റുപുഴ നഗരസഭാ പരിധിയിലും നടത്തിയ പരിശോധനയില്‍ വ്യക്തമായതായി റിപോര്‍ട്ടിലുണ്ട്.
എന്നാല്‍,  ആരോപണം അടിസ്ഥാന രഹിതമാണെന്നും അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും കുറവും മൂലവും മാംസം അവശ്യസാധനമായി മാറിയതിനാലും ഫലപ്രദമായി നിയമവ്യവസ്ഥകള്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും റിപോര്‍ട്ടില്‍ വിശദമാക്കുന്നു.
പിഴത്തുക വര്‍ധിപ്പിക്കുന്നതിലൂടെ നിയമലംഘകരെ കുറെയൊക്കെ തടയാന്‍ കഴിയുമെന്നും വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്യുന്നു.
സുപ്രിംകോടതി ഉത്തരവ് പ്രകാരം അറവുശാലകളുടെയും മാംസവില്‍പന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം കുറ്റമറ്റതാക്കാന്‍ പ്രാദേശിക തലത്തില്‍തന്നെ പ്രത്യേക സമിതികള്‍ രൂപീകരിക്കണമെന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തൊരിടത്തും ഇത്തരം സമിതികളില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും അതിനാല്‍ ഇത്തരം സമിതികള്‍ രൂപീകരിക്കുകയും കര്‍ശനമായ നിരീക്ഷണങ്ങള്‍ ഉണ്ടാവുകയും വേണമെന്നും എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി എം എന്‍ രമേശ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day