|    Dec 10 Sat, 2016 10:04 pm

നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്കു മറിഞ്ഞു; ആളപായമില്ല

Published : 26th October 2016 | Posted By: SMR

വര്‍ക്കല: അമിത വേഗത്തിലെത്തി നിയന്ത്രണം തെറ്റിയ കാര്‍ 2.5 അടി താഴ്ചയില്‍ സ്വകാര്യവ്യക്തിയുടെ വളപ്പിലേക്ക് തലകീഴായി മറിഞ്ഞു. ആളപായമില്ല. തിങ്കളാഴ്ച രാത്രി 8.30നു വര്‍ക്കല ക്ഷേത്രം റോഡില്‍ ജനാര്‍ദ്ദനപുരം കിളിത്തട്ടുമുക്ക് വളവിലാണ് അപകടം. കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ ഉണ്ടായിരുന്നു. ഇരുവരും നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.  കിളിത്തട്ടുമുക്ക് അഴകത്ത് വീട്ടില്‍ സുരേന്ദ്രന്‍ നായരുടെ വീട്ടുവളപ്പിലേക്കു തലകീഴായി മറിഞ്ഞ കാര്‍ വളപ്പിലെ മരത്തിലിടിച്ചു നിന്ന നിലയിലായിരുന്നു. ഈ സമയം സുരേന്ദ്രന്‍ നായരും ഭാര്യയും വൃദ്ധമാതാവുമുള്‍പ്പെടെ അഞ്ചു പേര്‍ വീട്ടിനുള്ളിലുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. അമിതവേഗത്തിലെത്തിയ കാര്‍ പാതയോരത്ത് വളവിലെ നിരവധി പാരപ്പറ്റുകളും സിഗ്നല്‍ സൈന്‍ ബോര്‍ഡും കരിങ്കല്‍ക്കെട്ടുകളും തകര്‍ത്താണ് മറിഞ്ഞത്. കാര്‍ തകര്‍ന്നെങ്കിലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ കാറിലുണ്ടായിരുന്നവര്‍ സുരക്ഷിതരായിരുന്നു. വിവരമറിഞ്ഞ് വര്‍ക്കല പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വലുതും ചെറുതുമായ നിരവധി അപകടങ്ങളാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. ഇരുചക്ര വാഹനങ്ങളുള്‍പ്പെടെയുള്ളവ നിയന്ത്രണംതെറ്റി താഴേക്ക് പതിക്കുക പതിവായിട്ടുണ്ട്. താെഴ ഭാഗത്ത് നിരവധി വീടുകളാണുള്ളത്. അപകട മേഖലയായ കിളിത്തട്ടുമുക്ക് വളവില്‍ 12 മീറ്റര്‍ ഭാഗത്താണ് സംരക്ഷണ ഭിത്തിയുടെ ആവശ്യമുള്ളത്. അടുത്തിടെ പൊതുമരാമത്തിന്റെ നേതൃത്വത്തില്‍ ഉരുക്കുവേലി നിര്‍മിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് കരാറുകാരനെ ചുമതലപ്പെടുത്തിയെങ്കിലും ഗുണനിലവാരം കുറഞ്ഞ സാധനസാമഗ്രികളായതിനാല്‍ പദ്ധതി സമയബന്ധിതമായി ആവിഷ്‌കരിക്കാനായില്ലെന്ന് പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ പറഞ്ഞു. റീ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കാറിലുണ്ടായിരുന്നവര്‍ അമിതമായി മദ്യപിച്ചിരുന്നതായും തകര്‍ന്ന കാറിനുള്ളില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക