|    Oct 21 Fri, 2016 10:17 pm
FLASH NEWS

നികുതിവരുമാനത്തില്‍ 20-25 ശതമാനം വര്‍ധന ലക്ഷ്യമെന്ന് ധവളപത്രം

Published : 1st July 2016 | Posted By: SMR

തിരുവനന്തപുരം: പ്രതിവര്‍ഷ നികുതിവരുമാനം 20-25 ശതമാനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ 10 ശതമാനമാണ് സംസ്ഥാനത്തിന്റെ നികുതി വരുമാനനിരക്ക്. പാവങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളിലൊന്നും കുറവുവരുത്താതെ റവന്യൂ ചെലവുകള്‍ നിയന്ത്രിച്ചുനിര്‍ത്തും. ശമ്പളം, പെന്‍ഷന്‍, പലിശ ഒഴികെയുള്ള പദ്ധതിയേതര ചെലവ് കര്‍ക്കശമായി നിയന്ത്രിക്കുക വഴിയാണ് ഇത് നേടുക. ചെലവ് ചുരുക്കലിന്റെ ഭാഗമായി പുതിയ സ്ഥാപനങ്ങള്‍ തുടങ്ങില്ല. തസ്തിക സൃഷ്ടിക്കുന്നതില്‍ മിതത്വം പാലിക്കും. അടുത്ത മൂന്നുവര്‍ഷത്തേക്ക് റവന്യൂ വരുമാനം വര്‍ധിപ്പിച്ച് സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അവസരമൊരുക്കും.
റവന്യൂ ചെലവ് കഴിഞ്ഞ് മിച്ചംവയ്ക്കാന്‍ കഴിയുന്ന പണം ഉപയോഗപ്പെടുത്തി ബജറ്റിനുപുറത്ത് പരമാവധി മൂലധനം കണ്ടെത്തും. അങ്ങനെ സംസ്ഥാനത്തെ പൊതുനിക്ഷേപം ഉയര്‍ത്തും.
നികുതി വരുമാനത്തില്‍ ഇടിവുണ്ടാവാന്‍ കാരണം രണ്ടുതരത്തിലുള്ള കെടുകാര്യസ്ഥതയാണ്. നികുതി സമാഹരണ സാങ്കേതികവിദ്യയുടെ നവീകരണത്തില്‍ പോരായ്മയുണ്ടായി. അഞ്ചുവര്‍ഷം മുമ്പാണ്ടായിരുന്ന സര്‍വറും സോഫ്റ്റ്‌വെയറുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. കൂടാതെ ഉദ്യോഗസ്ഥ കാര്യക്ഷമതയിലും തകര്‍ച്ചയുണ്ടായി. റിട്ടേണ്‍ സ്‌ക്രൂട്ടിനി, ഓഡിറ്റ് വിസിറ്റ്, അപ്പലറ്റ് നികുതി കുടിശ്ശിക, റവന്യൂ റിക്കവറി തുടങ്ങിയവ സംബന്ധിച്ച കണക്കുകളെല്ലാം ഇതാണ് സൂചിപ്പിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കളില്‍നിന്ന് വ്യാപാരികള്‍ നികുതി ഈടാക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന് അത് ലഭിക്കാത്ത സ്ഥിതിവിശേഷം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള ധനസഹായം കുതിച്ചുയര്‍ന്നു. 2006-11 കാലത്ത് കേന്ദ്രധനസഹായത്തിന്റെ വളര്‍ച്ച പ്രതിവര്‍ഷം 10 ശതമാനമായിരുന്നത് 2011-16ല്‍ 25 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനം 2006-11 കാലത്ത് 17.2 ശതമാനം വീതം വളര്‍ന്നത് 2011-16 കാലത്ത് 12.4 ശതമാനം വീതമേ ഉയര്‍ന്നുള്ളൂ. 2001-06ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നികുതിവര്‍ധന 12 ശതമാനം വീതമായിരുന്നുവെന്നും ധവളപത്രം വ്യക്തമാക്കുന്നു. ധനപ്രതിസന്ധി മൂലം ട്രഷറിയില്‍നിന്ന് പണം ലഭിക്കുന്നതിന് കാലതാമസം നേരിടുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ പദ്ധതിച്ചെലവ് ലക്ഷ്യത്തേക്കാള്‍ 20-25 ശതമാനം താഴെയാണ്. മൂലധന ചെലവിലാവട്ടെ 25-50 ശതമാനമാണ് കുറവ്.
14ാം ധനകാര്യ കമ്മീഷന്‍ റവന്യൂ കമ്മിറ്റിക്കും കടത്തിനും പലിശയ്ക്കും നിശ്ചയിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കാനായിട്ടില്ല. ഇതുമൂലം 6,500 കോടി രൂപ അധികവായ്പയെടുക്കാനുള്ള അവസരം നഷ്ടമായി. കഴിഞ്ഞവര്‍ഷം 4,640 കോടിയാണ് ധനകാര്യ കമ്മീഷനില്‍നിന്ന് കമ്മിയില്ലാതാക്കാന്‍ ലഭിച്ചത്. ഇനിയുള്ള വര്‍ഷങ്ങളില്‍ അത് കുറഞ്ഞ് 2017-18ല്‍ ഇല്ലാതാവും. ധനകാര്യ കമ്മീഷന്റെ തീര്‍പ്പനുസരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കണമെങ്കില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നതിനേക്കാള്‍ 40 ശതമാനം കൂടുതല്‍ വേണ്ടിവരും.
അടുത്തവര്‍ഷം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ കുടിശ്ശിക നല്‍കണം. പഴയ കടത്തിന്റെ തിരിച്ചടവ് അടുത്തവര്‍ഷം മുതല്‍ ഗണ്യമായി ഉയരുമെന്നും ധവളപത്രം പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day