|    Oct 24 Mon, 2016 9:06 am
FLASH NEWS

നാലു മിനിറ്റിനുള്ളില്‍ ഒരു പെണ്‍പ്രശ്‌നം

Published : 29th December 2015 | Posted By: TK

ത് ഷോര്‍ട്ട് ഫിലിമുകളുടെ കാലമാണ്. നല്ലൊരു കാമറ കൈയിലുള്ള ഏതൊരാള്‍ക്കും കാര്യമായ മുടക്കുമുതലൊന്നും കൂടാതെ ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ സാധിക്കും. നാലോ അഞ്ചോ മിനിറ്റുകൊണ്ട് പറയാനുള്ളത് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തോടു വിളിച്ചുപറയാം. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ വൈറലാവുന്ന ഷോര്‍ട്ട് ഫിലിമുകളുണ്ട്. പലതും കഥയില്ലാത്ത തട്ടിക്കൂട്ട് പരിപാടിയാവാം. എന്നാല്‍, ചിലതു കാമ്പുള്ള, ഹൃദയത്തെ വല്ലാതെ സ്പര്‍ശിക്കുന്ന ഹ്രസ്വചിത്രമാവും. അത്തരത്തില്‍ അനുഭവപ്പെട്ട ഒരു ഷോര്‍ട്ട് ഫിലിമാണ് ‘നിലം’.

നഗരത്തിലെത്തിയ ഒരു സ്ത്രീക്ക് മൂത്രശങ്ക തോന്നിയാലെന്തുചെയ്യും. ആണിന് എവിടെയും പെടുക്കാം. പെണ്ണിനോ? പലയിടത്തും സ്ത്രീകള്‍ക്കുള്ള ശൗചാലയങ്ങള്‍ കാണില്ല. ഇനി ചെന്നുകയറിയാലോ, വെള്ളമില്ല, വൃത്തിയില്ല. മൂത്രിക്കാന്‍ സൗകര്യമുണ്ടാവില്ലെന്നു ഭയന്ന് ഹോട്ടലില്‍ കയറി ചായ കുടിക്കാന്‍പോലും മടിക്കുന്ന സ്ത്രീ. അവളുടെ മാത്രമായ ഈ ഭയത്തെ ദൃശ്യഭാഷയിലേക്ക് കോറിയിരിക്കുകയാണ് വിനീത് ചാക്യാര്‍ എന്ന യുവാവ്.

ഉദ്യോഗസ്ഥയായ ഒരു വീട്ടമ്മ രാവിലെ വീട്ടുജോലികള്‍ തീര്‍ത്ത് മകളെ സ്‌കൂളിലേക്കയച്ച് ഓഫിസിലേക്ക് പോവുന്നു. വൈകീട്ട് ഓഫിസില്‍നിന്നിറങ്ങാന്‍ നേരത്ത് മൂത്രശങ്ക. ടോയ്‌ലറ്റില്‍ ചെല്ലുമ്പോള്‍ അകത്ത് ആളുണ്ട്. കാത്തിരിക്കാന്‍ സമയമില്ല. ബസ് പോവും. എന്നാല്‍, ബസ് സ്‌റ്റോപ്പില്‍ വച്ചും മുട്ട് തുടരുന്നു. എന്തുചെയ്യും? അപ്പോഴാണ് അടുത്തുള്ള ഹോട്ടല്‍ കണ്ണില്‍പ്പെടുന്നത്. ഒരു ചായക്കു പറഞ്ഞ് അവിടത്തെ ടോയ്‌ലറ്റില്‍ ചെന്നപ്പോള്‍ ഒടുക്കത്തെ ദുര്‍ഗന്ധം. സഹികെട്ട് തിരിച്ചുപോരുമ്പോള്‍ റോഡരികില്‍ ഒരു യുവാവ് കൂളായി മൂത്രിക്കുന്നു. ‘ഒരാണായിരുന്നെങ്കില്‍’ എന്ന് അവളും ചിന്തിച്ചുപോയിരിക്കാം. ഓട്ടോ പിടിച്ച് വീട്ടിലേക്കു പോവുമ്പോള്‍ മൂത്രമൊഴിക്കാന്‍ മുട്ടി വല്ലാതെ കഷ്ടപ്പെടുകയാണവര്‍. ഓട്ടോക്കാരനോട് ഒന്നു വേഗം വിടാന്‍ പറഞ്ഞെങ്കിലും പൊട്ടിപ്പൊളിഞ്ഞ റോഡില്‍ അയാള്‍ നിസ്സഹായനാണ്. വീടണഞ്ഞതും അയാള്‍ക്ക് കാശുകൊടുത്ത് ഒരോട്ടമാണ്. സജിത പറയുന്നു: നിങ്ങളുടെ അമ്മയ്ക്ക്, സഹോദരിക്ക്, ഭാര്യക്ക് ഇതുപോലൊരു കഥ പറയാനുണ്ടാവുമെന്ന്. ശരിയല്ലേ?

പുരുഷനെ സംബന്ധിച്ചിടത്തോളം മൂത്രമൊഴിക്കാനുള്ള സൗകര്യങ്ങള്‍ ഏറെയാണ്. എന്നാല്‍, സ്ത്രീ ഇക്കാര്യത്തില്‍ അശക്തയാണ്. മിക്ക ഹോട്ടലുകളിലെയും ടോയ്‌ലറ്റുകള്‍ വൃത്തിഹീനമാണ്. ലേഡീസിനുള്ള പൊതുശൗചാലയങ്ങള്‍ മിക്കയിടത്തുമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പെണ്‍കുട്ടികള്‍ക്കു വൃത്തിയുള്ള ശൗചാലയങ്ങള്‍ അപൂര്‍വമാണ്. ഇനി അവിടെ കയറിയാലോ യൂറിനറി ട്രാക്ക് ഇന്‍ഫെക്ഷന്‍ ഉറപ്പാണ്.
എവിടെപ്പോയി കൊട്ടിഘോഷിച്ച ഷീ-ടോയ്‌ലറ്റുകള്‍? പുരുഷനെപ്പോലെ ഇക്കാലത്ത് സ്ത്രീക്കും ഏറെ യാത്രകള്‍ ചെയ്യേണ്ടിവരുന്നു. എത്തിപ്പെട്ടതു തിരുവനന്തപുരം മ്യൂസിയത്തിനടുത്ത ഇ-ടോയ്‌ലറ്റിലാണെന്നു വയ്ക്കുക. ചുറ്റും ബൈക്ക് പാര്‍ക്കിങ് ആണ്. പലയിടത്തും ഷീ-ടോയ്‌ലറ്റുകള്‍ ഉപയോഗശൂന്യമാണ്. തുറക്കാന്‍ പറ്റില്ല പലതും. തുറന്നാലോ വെള്ളമില്ല.

ഈ ഹ്രസ്വചിത്രം കണ്ട് ജ്യോത്സ്‌ന ജോസ് എന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ: കണ്ണൂര്‍ യൂനിവേഴ്‌സിറ്റി അധികാരികള്‍ ഈ ചിത്രം ഒന്നു കാണണം. യൂനിവേഴ്‌സിറ്റി സ്റ്റാഫില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. എന്നാല്‍, വിദൂരസ്ഥലങ്ങളില്‍ നിന്ന് ഇവിടെയെത്തുന്ന അവര്‍ വൃത്തിഹീനമായ ഇവിടുത്തെ ടോയ്‌ലറ്റ് കണ്ട് വിഷമിക്കുകയാണ്. സ്ത്രീസൗഹൃദ ടോയ്‌ലറ്റുകള്‍ തങ്ങളുടെ അവകാശമാണെന്നു പറയുന്ന ജ്യോത്സ്‌ന നിലം ടീമിനെ അഭിനന്ദിക്കുന്നു.

ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തത് ചെന്നൈയിലെ മൈ സ്‌ക്രീന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ചു പുറത്തിറങ്ങിയ വിനീത് ചാക്യാര്‍ ആണ്. കഥയും വിനീതിന്റേതുതന്നെ. കഥയൊരുക്കുമ്പോഴേ സജിത മഠത്തിലായിരുന്നു മനസ്സില്‍. അവരെ വിളിച്ചപ്പോള്‍ ഉടന്‍ ഒാക്കെ പറഞ്ഞു. പ്രതിഫലമൊന്നും കൈപ്പറ്റാതെയാണ് അഭിനയിച്ചത്. കാമറ കൈകാര്യംചെയ്തത് വിനീതിന്റെ സുഹൃത്ത് ശ്രീരാജ് രവീന്ദ്രനാണ്. എഡിറ്റിങും സൗണ്ട് ഡിസൈനിങും ശ്രീരാജ് തന്നെ.

വിനീതിന്റെ തന്നെ ഇന്‍വേഴ്‌സ് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇത് നാലു ലക്ഷം പേര്‍ യൂട്യൂബില്‍ കണ്ടുകഴിഞ്ഞു. ഒരു കുട്ടി ലോകത്തെ കാണുന്നതെങ്ങനെ എന്ന അന്വേഷണമാണിത്. വിനീത് മൊബൈല്‍ കാമറയില്‍ ചെയ്ത സ്റ്റാന്‍ഡേര്‍ഡ് 4ഉം അഞ്ച് മിനിറ്റിനു താഴെ ദൈര്‍ഘ്യമുള്ളതാണ്.
എന്‍ജിനീയറിങ് ബിരുദധാരിയായ വിനീത് പരസ്യചിത്രങ്ങള്‍ ചെയ്യുന്നു. അച്ഛന്‍ കലാമണ്ഡലം മാണി വാസുദേവന്‍ ചാക്യാരുടെ കീഴില്‍ ചാക്യാര്‍കൂത്ത് അഭ്യസിച്ചിട്ടുള്ള വിനീത് 10 വര്‍ഷമായി ചാക്യാര്‍കൂത്ത് അവതരിപ്പിക്കുന്നു. സ്‌കൂള്‍ പഠനകാലത്ത് യൂത്ത് ഫെസ്റ്റിവലില്‍ ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത് മല്‍സരങ്ങളില്‍ നാലുതവണ ജേതാവായിട്ടുമുണ്ട് ഈ ചെറുപ്പക്കാരന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,406 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day