|    Dec 11 Sun, 2016 9:40 am

നാലടിച്ച് ഇറ്റലിയും സ്‌പെയിനും ജയിച്ചു; സെര്‍ബിയക്ക് സമനില

Published : 14th November 2016 | Posted By: SMR

ഗ്രനേഡ: 2018ലെ റഷ്യന്‍ ലോകകപ്പിനുള്ള യൂറോപ്യന്‍ മേഖല യോഗ്യതാ മല്‍സരങ്ങളില്‍ കരുത്തരായ സ്‌പെയിനിനും ഇറ്റലിക്കും ജയം. സ്‌പെയിന്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് മാസിഡോണിയയെ മുക്കിയപ്പോള്‍ ഇറ്റലിയും നാലു ഗോളുകള്‍ക്ക് ലിച്ചെന്‍സ്‌റ്റെയിനെ മുട്ടുകുത്തിച്ചു. മറ്റു മല്‍സരങ്ങളില്‍ സെര്‍ബിയ വെയ്ല്‍സിനോട് 1-1 സമനില വഴങ്ങിയപ്പോള്‍ അയര്‍ലന്‍ഡ് ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു.

കുതിപ്പ് തുടര്‍ന്ന് സ്പാനിഷ് കാളകള്‍
സ്‌പെയിനിനുവേണ്ടി അരങ്ങേറ്റ മല്‍സരം കളിച്ച നാച്ചോ മൊന്റീല്‍ ഗോള്‍നേട്ടത്തോടെ തകര്‍ത്താടിയപ്പോള്‍ ദുര്‍ബലരായ മാസിഡോണിയപ്പട കാഴ്ചക്കാരായി ഒതുങ്ങിപ്പോയി. മികച്ച മുന്നേറ്റങ്ങളുമായി സ്പാനിഷ് പട മാസിഡോണിയ ഗോള്‍മുഖത്ത് ഇരച്ചുകയറിയപ്പോള്‍ നാലു വട്ടം എതിര്‍ ടീം ഗോള്‍വല കുലുങ്ങി. ഡാര്‍ക്കോ വെല്‍ക്കോസ്‌കി, വിറ്റോളോ, നാച്ചോ മൊന്റീല്‍, ആര്‍ട്ടിസ് അഡ്യൂറിസ് എന്നിവരാണ് സ്‌പെയിനിന്റെ സ്‌കോറര്‍മാര്‍.
ആദ്യ പകുതിയില്‍ മോശമല്ലാത്ത പ്രകടനമാണ് മാസിഡോണിയ കാഴ്ചവച്ചത്. തുടക്കത്തില്‍ സ്പാനിഷ് ടീമിന്റെ പല മുന്നേറ്റങ്ങളും തടുത്തിട്ട മാസിഡോണിയന്‍ പ്രതിരോധത്തെ ഭേദിക്കാന്‍ പേരുകേട്ട സ്പാനിഷ് താരങ്ങള്‍ നന്നായി വിയര്‍ത്തു.  ആദ്യ പകുതിയുടെ 85 ശതമാനവും പന്ത് കൈവശം വച്ച സ്‌പെയിനിനായി ആദ്യം വലകുലുക്കിയത് ഡാര്‍ക്കോ വെല്‍ക്കോസ്‌കിയാണ്. 34ാം മിനിറ്റില്‍ മികച്ച ഹെഡറിലൂടെ വലകുലുക്കിയ വെല്‍ക്കോസ്‌കി സ്പാനിഷ് പടയെ മുന്നിലെത്തിച്ചു. ഗോള്‍നേട്ടത്തോടെ കൂടുതല്‍ ആക്രമണകാരികളായെങ്കിലും സ്പാനിഷ് താരങ്ങള്‍ക്ക് ആദ്യപകുതിയില്‍ ഒരു വട്ടത്തില്‍ കൂടുതല്‍ ഗോള്‍വല കുലുക്കാനായില്ല.
രണ്ടാം പകുതിയില്‍ മാസിഡോണിയന്‍ ഗോള്‍മുഖത്ത് കടന്നാക്രമിച്ച സ്പാനിഷ് കാളകള്‍ ഇടയ്ക്കിടെ ഗോള്‍മുഖത്ത് ഭീഷണി ഉയര്‍ത്തി. 65ാം മിനിറ്റില്‍ വിറ്റോളോ പോയിന്റില്‍നിന്നെടുത്ത ഷോട്ട് ലക്ഷ്യം കണ്ടപ്പോള്‍ സ്‌പെയിന്‍ 2-0 ന്റെ ലീഡ് നേടി. കളിയുടെ 84ാം മിനിറ്റില്‍ മൊന്റീല്‍ വലകുലുക്കിയപ്പോള്‍ തൊട്ടടുത്ത മിനിറ്റില്‍ അഡ്യൂറിസും സ്‌പെയിനിനായി വലകുലുക്കി. മല്‍സരം മുഴുവന്‍ സമയം പൂര്‍ത്തിയായപ്പോള്‍ 4-0ന്റെ ജയത്തോടെയാണ് സ്‌പെയിന്‍ കളം വിട്ടത്.
ഇറ്റലിയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ജിയില്‍ ആധികാരിക വിജയമാണ് സ്പാനിഷ് പട സ്വന്തമാക്കിയത്. കളിച്ച നാല് മല്‍സരങ്ങളില്‍ മൂന്ന് ജയത്തോടെ മുന്നേറിയ സ്പാനിഷ് നിര 10 പോയിന്റുകളുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണുള്ളത്.
ലിച്ചെന്‍സ്‌റ്റെയിനെ മുക്കി ഇറ്റലി
ആധികാരികമായിരുന്നു ഇറ്റലിയുടെ ജയം. പറയാന്‍ പഴുതുകള്‍ വരുത്താതെ എതിര്‍ ഗോള്‍മുഖത്ത് ദുരന്തം വിതച്ച് ഇറ്റലി മുന്നേറിയപ്പോള്‍ താരതമ്യേന ശക്തരല്ലാത്ത ലിച്ചെന്‍സ്‌റ്റെയിന് 4-0 ന്റെ തോല്‍വി വ ഴങ്ങേണ്ടിവന്നു. ആന്‍ഡ്രിയ ബെലോട്ടിയുടെ ഇരട്ടഗോള്‍ നേട്ടമാണ് ഇറ്റലിക്ക് മികച്ച വിജയം സമ്മാനിച്ചത്. സിറോ ഇമ്മോബിളും അന്റോണിയോ കണ്‍ട്രീവയും ഇറ്റലിക്കായി വലകുലുക്കി.
ആദ്യ പകുതിയില്‍ത്തന്നെ ഇറ്റലി തങ്ങളുടെ കരുത്തു കാട്ടി. മല്‍സരം തുടങ്ങി 11ാം മിനിറ്റില്‍ത്തന്നെ ബലോട്ടി ഇറ്റലിക്കായി അക്കൗണ്ട് തുറന്നു. കന്‍ഡ്രീവയുടെ ക്രോസ് ബോളിനെ മികച്ച ഹെഡറിലൂടെ വലയിലെത്തിച്ചാണ് ബലോട്ടി ഇറ്റലിയുടെ അക്കൗണ്ട് തുറന്നത്. ആദ്യ ഗോള്‍ നേട്ടത്തിന്റെ ആഹ്ലാദം തീരും മുമ്പേ ഇമ്മോബിള്‍ രണ്ടാം ഗോള്‍ നേടിക്കൊടുത്തു. ബൊനവെഞ്ച്യൂറോയുടെ മികച്ച പാസ് ബെലോട്ടിയില്‍നിന്ന് സ്വീകരിച്ച ഇമ്മോബിള്‍ കൃത്യമായി പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഗോള്‍ അടിച്ച് അപകടകാരികളായ ഇറ്റലിപ്പട മുന്നേറിയപ്പോള്‍ ലിച്ചെന്‍സ്‌റ്റെയിന്‍ താരങ്ങള്‍ക്ക് നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവന്നു. മല്‍സരത്തിന്റെ 32ാം മിനിറ്റില്‍ മാറ്റി ഡി സ്‌കിഗ്ലിയോയുടെ ക്രോസ് കണ്‍ട്രീവ ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ചു. ഒന്നാം പകുതിക്ക് തൊട്ട്മുമ്പ് 44ാം മിനിറ്റില്‍ ബലോട്ടി തന്റെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഒന്നാം പകുതിയില്‍ 4-0 ന്റെ ലീഡ് ഇറ്റലി നേടിയെടുത്തു.
രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണകാരികളായി ഇറ്റലി മാറിയെങ്കിലും ഗോള്‍വല കുലുക്കാന്‍ കഴിഞ്ഞില്ല. മല്‍സരം പൂര്‍ത്തിയായപ്പോള്‍ 4-0 ന്റെ വിജയത്തോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഇറ്റലി മടങ്ങിയത്.നാല് മല്‍സരങ്ങളില്‍നിന്ന് മൂന്ന് ജയത്തോടെ 10 പോയിന്റുകളാണ് ഇറ്റലിക്കുള്ളത്.

സെര്‍ബിയക്ക് ആശ്വാസ സമനില
ഗ്രൂപ്പ് ഡിയില്‍ വെയില്‍സിനെതിരായ മല്‍സരത്തില്‍ കഷ്ടിച്ചാണ് സെര്‍ബിയ സമനില നേടിയത്. മികച്ച പ്രകടനത്തോടെ മുന്നറിയ വെയില്‍സിന് വേണ്ടി കളിയുടെ 30ാം മിനിറ്റില്‍ സൂപ്പര്‍ താരം ഗാരത് ബേല്‍ വലകുലുക്കി ടീമിനെ മുന്നിലെത്തിച്ചു. ഒന്നാം പകുതിയില്‍ ഗോള്‍ മടക്കാനാവാതെ 1-0 ന്റെ ലീഡോഡെയാണ് സെര്‍ബിയ കളി പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ സമനില ഗോളിനായി മുന്നേറിയ സെര്‍ബിയയ്ക്ക്  അലക്‌സാണ്ടര്‍ മിട്രോവിക് രക്ഷകനായി. കളിയുടെ 86ാം മിനിറ്റിലാണ് മിട്രോവിക്ക് ടീമിനായി സമനില ഗോള്‍ സ്വന്തമാക്കിയത്.
ഒന്നടിച്ച് അയര്‍ലന്‍ഡ് ജയിച്ചു
ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രിയക്കെതിരേ അയര്‍ലന്‍ഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് അയര്‍ലന്‍ഡ് വിജയിച്ചത്. ഒന്നാം പകുതിയില്‍ ജെയിംസ് മക്ലീനാണ് ടീമിന്റെ വിജയഗോള്‍ സ്വന്തമാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക